ആപ്പ്ജില്ല

മയ്യഴി - ലക്ഷദ്വീപ് ലയനം നടക്കുമോ? കാത്തിരിപ്പ് തുടർന്ന് മയ്യഴിക്കാർ, കേന്ദ്രസർക്കാർ കനിഞ്ഞാൽ സുവർണകാലമെന്ന് പ്രതീക്ഷ

മയ്യഴി - ലക്ഷദ്വീപ് ലയനം കാത്ത് മയ്യഴിക്കാർ. മയ്യഴി ലക്ഷദ്വീപുമായി ലയിപ്പിച്ചാൽ വൻ വാണിജ്യ സംസ്കാരിക കുതിപ്പുണ്ടാകുമെന്നാണ് ഇവിടുത്തുകാർ പ്രതീക്ഷിക്കുന്നത്. മയ്യഴിയിൽനിന്നു വെറും 342 കിലോമീറ്റർ അകലെയാണ് ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത്. നിലവിൽ പുതുച്ചേരിയുടെ ഭാഗമാണ് മയ്യഴി. ലയനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്.

Edited byദീപു ദിവാകരൻ | Lipi 1 May 2024, 10:53 pm

ഹൈലൈറ്റ്:

  • മയ്യഴി - ലക്ഷദ്വീപ് ലയനം നടക്കുമോ?
  • പ്രതീക്ഷയോടെ കാത്ത് മയ്യഴിക്കാർ.
  • ലയനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: ഫ്രഞ്ച് അധിനിവേശത്തിൻ്റെ ചരിത്രപ്പാടുകൾ വീണുകിടക്കുന്ന പഴയ വൈദേശിക കോളനികളിലൊന്നാണ് മയ്യഴി. എം മുകുന്ദൻ്റെ 'ദൈവത്തിൻ്റെ വികൃതികൾ' എന്ന നോവലിൽ അൽഫോൺസാച്ചൻ്റെയും മാഗി മദാമ്മയുടെയും ജീവിതത്തിലൂടെ നമുക്ക് അതു തൊട്ടറിയാം. വൈദേശിക ഭരണം കടൽ കടന്നപ്പോൾ കേന്ദ്രഭരണപ്രദേശമെന്ന പദവിയും കണ്ണൂർ - കോഴിക്കോട് ജില്ലകളുടെ അതിർത്തിയായ മയ്യഴിക്ക് ലഭിച്ചു. ന്യൂ മാഹി എന്ന പേരിൽ ഒരു ഭാഗം കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്തായി മാറിയപ്പോഴും മയ്യഴി പുഴയ്ക്കു അപ്പുറം, ഒരു വലിയ ഭാഗം പ്രദേശം മയ്യഴിപ്പുഴയുടെ തീരത്തായി സ്വന്തം സ്വത്വം കാത്തുസൂക്ഷിച്ചു ഒറ്റയ്ക്കുനിന്നു.
എന്നാൽ മയ്യഴിയിൽനിന്ന് 700 കിലോമീറ്റർ ദൂരമുള്ള പുതുച്ചേരി എന്ന കേന്ദ്രഭരണപ്രദേശത്തോട് മയ്യഴിക്കാരെ ഇന്ത്യാ ഗവൺമെൻ്റ് കോർത്തിണക്കിയത് ഒരു കാലത്ത് വ്യാപാര കേന്ദ്രമായിരുന്ന ഈ സ്ഥലത്തിൻ്റെ വികസനക്കുതിപ്പിന് കരിനിഴൽ വീഴ്ത്തി. ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിന്തുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുകയാണ് മയ്യഴിക്കാർ.

നിരന്തരം അവഗണനയാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നതെന്നാണ് മയ്യഴിക്കാർ പറയുന്നത്. ഇവിടെ നഗരസഭയുടെ തെരഞ്ഞെടുപ്പ് നടന്നിട്ടുതന്നെ വർഷങ്ങളായി. വിലകുറഞ്ഞ മദ്യത്തിനും ഇന്ധനത്തിനുമായി പുറമേനിന്ന് ആളുകളെത്തുന്ന കൊച്ചു തുരുത്തായി മയ്യഴി മാറിക്കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റർ ഭരണമായതുകൊണ്ടു റോഡ് വികസനം പോലും നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ജിഎസ്ടി വന്നതോടെ മാഹിയിലെ വ്യാപാര മേഖലയുടെയും നട്ടെല്ല് ഒടിഞ്ഞുവെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ നിരാശയിലാണ്ടു നിൽക്കുന്ന മയ്യഴിക്കാർക്ക് പ്രതീക്ഷയേകിയിരിക്കുകയാണ് ഹാർബറിൻ്റെ വിപുലീകരണം.
നടപ്പാതയിൽ വിള്ളൽ വീഴും, ഒപ്പം കൃത്രിമ മഞ്ഞും ചാറ്റൽ മഴയും; അമ്പരപ്പിക്കും ഈ ഗ്ലാസ് ബ്രിഡ്ജ്, കേരളത്തിൽ ഏറ്റവും നീളം കൂടിയത്

വലിയ യാത്രാ കപ്പലുകൾക്ക് വരെ വന്നടുക്കാവുന്ന രീതിയിലാണ് ഇവിടെ ഡ്രഡ്ജിങ് നടക്കുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല മാസങ്ങൾക്ക് മുൻപ് മയ്യഴിയിലെ ഹാർബർ സന്ദർശിച്ചിരുന്നു. തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ വിപുലീകരിക്കണമെന്ന് പ്രദേശവാസികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഓരോ മയ്യഴിക്കാരനും ആഗ്രഹിക്കുന്നതുപോലെ മയ്യഴിയിൽനിന്നു വെറും 342 കിലോമീറ്റർ അകലെയുള്ള ലക്ഷദ്വീപുമായി ലയിപ്പിക്കണമെന്ന് ഇവിടെയുള്ള 21 റസിഡൻസ് അസോസിയേഷൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പുതുച്ചേരിയിൽനിന്ന് മാറി മയ്യഴി ലക്ഷദ്വീപിൻ്റെ തലസ്ഥാനമായാൽ വൻ വാണിജ്യ സംസ്കാരിക കുതിപ്പുണ്ടാകുമെന്ന് മയ്യഴിക്കാരനും എഴുത്തുകാരനുമായ ഇകെ റഫീഖ് പറഞ്ഞു. മയ്യഴി മാതാവിനെ കാണാനും മാഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ട് ആസ്വദിക്കാനും കപ്പൽ മാർഗവും വാട്ടർ മെട്രോയിലൂടെയും വിനോദസഞ്ചാരികൾക്ക് കഴിയും. ലക്ഷദ്വീപിൽനിന്നു മാഹിയിലേക്കും തിരിച്ച് അങ്ങോട്ടും കയറ്റിറക്കുമതി വർധിക്കും.
11600 കോടി രൂപ ചെലവ്; തിരുവനന്തപുരം മെട്രോ അന്തിമ ഡിപിആർ ജൂണിൽ

മയ്യഴിയിലെ ഭൂരിഭാഗം ജനങ്ങളും ലക്ഷദ്വീപ് ലയനവുമായി യോജിക്കുന്നവരാണ്. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായതിനാൽ ഇക്കാര്യത്തിൽ സാങ്കേതികതടസമുണ്ടാകില്ലെന്നാണ് ഇവർ കരുതുന്നത്. ഈ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റസിഡൻസ് അസോസിയേഷനുകൾ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ കനിഞ്ഞാൽ മയ്യഴിയുടെ സുവർണകാലം തുടങ്ങുമെന്നാണ് ഇവർ കരുതുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഓരോ മയ്യഴിക്കാരനും.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്