ആപ്പ്ജില്ല

സംഘപരിവാറുകാർക്കാണ് ശബരിമലയിൽ ബുദ്ധിമുട്ട്: അമിത്ഷായ്ക്ക് പിണറായിയുടെ മറുപടി

ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനെത്തുന്ന സംഘപരിവാറിനാണ് ബുദ്ധിമുട്ട്.

Samayam Malayalam 20 Nov 2018, 7:51 pm
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് ഒരുവിധത്തിലുമുള്ള തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ടെന്നും പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ തീർത്ഥാടകരോടും കുട്ടികളോടും പ്രായമായ സ്ത്രീകളോടും പോലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Samayam Malayalam vijayan-edit


ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താത്പ്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇത്- മുഖ്യമന്ത്രി വ്യക്തമാക്കി.

ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ദുരുദ്ദേശപൂര്‍വ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്. ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം. തീര്‍ത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത് ഷായുടെ ട്വീറ്റ് തീര്‍ത്തും അപ്രസക്തവും അസംഗതവും ആകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്