ആപ്പ്ജില്ല

തോൽക്കുന്ന സീറ്റ് ചോദിച്ചിട്ട് പോലും തന്നില്ല; കൊവിഡിനെതിരെ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞെന്ന് കെവി തോമസ്

ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കൽപോലും കോൺഗ്രസ് വിടാൻ താൻ ആലോചിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്

Samayam Malayalam 2 Aug 2021, 4:57 pm
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു ഇത്തവണ നേരിടേണ്ടി വന്നത്. സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പല നേതാക്കളെയും മാറ്റിനിർത്തി കോൺഗ്രസ് സ്ഥാനാർഥി പട്ടിക അവതരിപ്പിച്ചതെങ്കിലും അത് ഫലം കണ്ടില്ല. ഇപ്പോഴിതാ ബൂത്തു തലം മുതൽ കെപിസിസി വരെ സംഘടനാതലത്തിലെ ബലഹീനതയാണ് തോൽവിയുടെ ഒരു കാരണമെന്നും തോൽക്കാൻ സാധ്യതയുള്ള സീറ്റ് ചോദിച്ചിട്ട് പോലും തനിക്ക് തന്നില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. മനോരമ ന്യൂസിനോടാണ് മുൻ കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
Samayam Malayalam senior congress leader kv thomas on congress defeat in assembly election
തോൽക്കുന്ന സീറ്റ് ചോദിച്ചിട്ട് പോലും തന്നില്ല; കൊവിഡിനെതിരെ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞെന്ന് കെവി തോമസ്


​മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നാണ് കെവി തോമസ് പറയുന്നത്. യുഡിഎഫ് തോൽക്കാൻ ഇടയുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാട്ടാം, അതിൽ ഒരു സീറ്റിൽ മത്സരിക്കാൻ തയാറാണ് എന്നാണു പറഞ്ഞത്. പക്ഷേ സംസ്ഥാന നേതത്വത്തിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. നേതൃത്വത്തിന് താൽപ്പര്യമില്ലെന്ന് മനസിലായതോടെ പിന്നെ പോയില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

​തോൽക്കുന്ന സീറ്റിൽ പരീക്ഷിച്ചു കൂടേ?

താൻ ഇത്തവണ ചോദിച്ചത് തോൽക്കുന്ന സീറ്റാണെന്ന് പറഞ്ഞ കെവി തോമസ് അതിൽ പരീക്ഷിച്ചുകൂടെയെന്നും ചോദിക്കുന്നു. പ്രായത്തിന്‍റെ പേര് പറഞ്ഞ് തന്നെ മാറ്റി നിർത്തിയപ്പോൾ അതിലും പ്രായം കൂടിയവർ മത്സരിച്ചില്ലേയെന്നും 73കാരൻ ചോദിച്ചു. പ്രായമല്ല പ്രവർത്തന ശൈലിയാണ് നോക്കേണ്ടതെന്നും താൻ 24 മണിക്കൂറും ഓടിനടന്ന് പ്രവർത്തിക്കുന്ന ആളല്ലേയെന്നും കെവി തോമസ് മനോരമയോട് പറഞ്ഞു.

​തലമുറ മാറ്റം വിജയിച്ചില്ല

കോൺഗ്രസിന്‍റെ തലമുറ മാറ്റം ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ 52 പുതുമുഖങ്ങളെ നിർത്തിയെങ്കിലും രണ്ടു പേരാണ് ജയിച്ചത്. പരിചയ സമ്പന്നതയുടെയും പുതുമുഖങ്ങളുടെയും മിശ്രണമാണ് എക്കാലത്തും കോൺഗ്രസിന്‍റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളെ പ്രായത്തിന്‍റെ പേരിൽ മാറ്റി നിർത്താൻ ആകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

​എല്ലാം പൂട്ടിയിട്ട കാലത്ത് സർക്കാർ വീട്ടിൽ കിറ്റും പെൻഷനും എത്തിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തോൽവിയുടെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ്, സംഘടനാതലത്തിലെ ബലഹീനതയാണ് ചൂണ്ടിക്കാട്ടിയത്. കൊവിഡിനെ നേരിടുന്നതിൽ ഫലപ്രദമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. "രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെകെ ശൈലജയെ പോലെ ഉള്ളവരുടെ നേതൃത്വത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. എല്ലാം പൂട്ടിയിട്ട ദുസഹമായ ഒരു കാലത്ത് വീട്ടിൽ കിറ്റും പെൻഷനും കൃത്യമായി സർക്കാർ എത്തിച്ചു. സർക്കാരുകൾ മാറിമാറി വരുന്ന ഒരു കാലത്തിൽനിന്ന് ഇതെല്ലാം ഒരു മാറ്റം ഉണ്ടാക്കി" കെ വി തോമസ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

​കോൺഗ്രസ് വിടാൻ ആലോചിട്ടില്ല

ഒരു സന്ദർഭത്തിലും ഞാൻ കോൺഗ്രസ് വിടാൻ ആലോചിച്ചിട്ടില്ലെന്നും കെവി തോമസ് അഭിമുഖത്തിൽ പറഞ്ഞു. താൻ എക്കാലത്തും കോൺഗ്രസുകാരനാണെന്നും അദ്ദേഹം വ്യക്തമാക്കി. "അപ്പന്‍റെ പേര് കുറുപ്പശേരി ദേവസ്സി വർക്കി എന്നാണ്. അമ്മയുടെ പേര് റോസ എന്നാണ്. അതു സത്യമാണെങ്കിൽ ഞാൻ കോൺഗ്രസുകാരൻ തന്നെയായിരിക്കും" കെവി തോമസ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്