തിരുവനന്തപുരം: അന്യായമായി തടങ്കലിൽ വെച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നതായി എസ് യു സി ഐ നേതാവ് ഷാജർഖാൻ. അറസ്റ്റിനു ശേഷം തങ്ങൾ കൂടുതൽ ശക്തരായിരിക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടാൻ കൂടുതൽ ഊർജം ലഭിച്ചുവെന്നും ഷാജർഖാൻ പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിൻ്റെ അമ്മ മഹിജ നടത്തിയ സമരത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കിരാതമായ രീതിയിൽ സാമൂഹിക പ്രവർത്തകരെയും പൊതുപ്രവർത്തകരെയും ജയിലിൽ അടയ്ക്കുന്ന നടപടിക്ക് മുഖ്യമന്ത്രി മാപ്പു പറയണമെന്നും ഷാജർഖാൻ പറഞ്ഞു.
ജിഷ്ണുവിൻ്റെ ഘാതകരെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുന്നതു വരെ സമരം ചെയ്യുമെന്നും സർക്കാർ ഇതിൽ നിന്ന് പാഠം പഠിക്കണമെന്നും ഷാജർഖാൻ പറഞ്ഞു. ഗൂഢാലോചന നടത്തിയത് പൊലീസും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണെന്നും ഷാജർഖാൻ ആരോപിച്ചു.
ShajarKhan against CM Pinarayi Vijayan
SUCI leader ShajarKhan against CM Pinarayi Vijayan