ആപ്പ്ജില്ല

ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഉമ്മൻചാണ്ടി വിളിച്ചു; കോൾ റെക്കോർഡുണ്ട്; സോളാർ കേസിൽ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

ഉമ്മൻ ചാണ്ടിയെ പിതൃതുല്യനായാണ് കണ്ടിരുന്നത്. എന്നാൽ ദുരനുഭവം ഉണ്ടായതോടെ മാറിയെന്നും പരാതിക്കാരി.

Samayam Malayalam 28 Nov 2020, 8:41 pm
തിരുവനന്തപുരം: സോളാർ കേസിൽ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പുതുതായി വാങ്ങിയ ഫോണിൽ നിന്നും വിളിച്ചുവെന്ന് സോളാർ കേസിലെ പരാതിക്കാരി. അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ പറയുന്നത് വിശ്വസിക്കരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമ്പാനൂർ രവിയുമായി മാത്രം സംസാരിച്ചാൽ മതിയെന്നും ഉമ്മൻ ചാണ്ടി ഫോൺ സംഭാഷണത്തിൽ പറഞ്ഞു. സെക്രട്ടറിയുടെ ഫോണിലാണ് അതിനു മുമ്പ് താൻ സംസാരിച്ചിട്ടുള്ളതെന്നും സോളാർ സംരംഭക വെളിപ്പെടുത്തി. തന്നെ വിളിച്ചതിന് തെളിവായി ഫോൺ റെക്കോർഡ് ഉണ്ടെന്നും അവർ പറഞ്ഞു.
Samayam Malayalam oommen chandy
ഉമ്മൻ ചാണ്ടി |Facebook


ഉമ്മൻ ചാണ്ടിയെ പതൃതുല്യനായാണ് കണ്ടിരുന്നത്. വ്യക്തിപരമായി ദുരനുഭവം ഉണ്ടാകുന്നതുവരെ അങ്ങനെയായിരുന്നു. അതുവരെ മറ്റുള്ളവർക്കെതിരായ പരാതികൾ അദ്ദേഹത്തിന്റെ മുന്നിലായിരുന്നു പറഞ്ഞിരുന്നത്, പരാതിക്കാരി പറയുന്നു.

ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി എഴുതിയ കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും കെബി ഗണേഷ് കുമാറിന്റെ നിർബന്ധത്തെത്തുടർന്ന് പിന്നീട് കൂട്ടിച്ചേർക്കൽ നടത്തിയതാണെന്നുമുള്ള കേരളാ കോൺഗ്രസ് ബിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തിരവനുമായ ശരണ്യ മനോജ് ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരാതിക്കാരി പ്രതികരിച്ചിരിക്കുന്നത്.

യുഡിഎഫ് സർക്കാരിലെ പലരുമായും തനിക്ക് ബന്ധം ഉണ്ടായിരുന്നു. ബെന്നി ബഹനാനെയും തമ്പാനൂർ രവിയേയും താൻ പലപ്പോഴായി വിളിച്ചിട്ടുണ്ട്. 2013 ജൂൺ രണ്ടിനാണ് പോലീസ് കസ്റ്റഡിയിൽ നിന്നും തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജുലൈ 19 നാണ് കത്തെഴുതിയത്. 2014 ൽ ജയിൽ മോചിതയായി. കേരളാ കോൺഗ്രസ് ബിയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് ലോക്കറിലാണ് കത്ത് സൂക്ഷിച്ചിരുന്നതെന്നും അവർ പറഞ്ഞു. തനിക്ക് വാർത്താ സമ്മേളനത്തിൽ കാണിക്കാൻ ഈ കത്തിന്റെ പകർപ്പാണ് ലഭിച്ചത്. കത്തിൽ യാതൊരുവിധത്തിലുമുള്ള തിരുത്തലും വരുത്തിയില്ലെന്ന് അവർ വ്യക്തമാക്കി.

ഗണേഷ്കുമാറുമായി നല്ല ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. ആ വ്യക്തിബന്ധം ഉപയോഗിച്ചാണ് കേസിൽ നിന്നും പിന്മാറ്റാൻ യുഡിഎഫ് ശ്രമിച്ചത്. യുഡിഎഫ് നേതാക്കൾക്കെതിരെ താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. അന്ന് ഭരണം നിലനിർത്താൻ യുഡിഎഫ് നേതാക്കൾ തന്റെ വിശ്വാസ്യത തകർക്കുകയാണ് ചെയ്തത്. മറ്റൊരു രാഷ്ട്രീയ ലക്ഷ്യത്തിനാണ് അവർ ഇപ്പോഴും തന്റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്