ആപ്പ്ജില്ല

പി കെ ശ്യാമളയെ ചോദ്യം ചെയ്യും; അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകും

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. പി കെ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് സാജൻ്റെ കുടുംബത്തിൻ്റെ ആവശ്യം.

Samayam Malayalam 24 Jun 2019, 8:25 am
കണ്ണൂര്‍: പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമളയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ശ്യാമളക്ക് ഇന്ന് നോട്ടീസ് നൽകും. അതേസമയം ഇന്ന് അവസാനിക്കുന്ന സിപിഎം സംസ്ഥാന സമിതിയിൽ ആന്തൂര്‍ വിവാദവും ചര്‍ച്ചയാകും.
Samayam Malayalam P K Shyamala


അന്വേഷണം സംഘം സാജൻ്റെ ഭാര്യയുടേത് അടക്കം നാല് മൊഴികള്‍ എടുത്തിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പി കെ ശ്യാമളയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നാർക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

പി കെ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് സാജൻ്റെ കുടുംബത്തിൻ്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പി കെ ശ്യാമളയെ രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സൺ സ്ഥാനത്തുനിന്ന് ശ്യാമളയെ നീക്കണം. സംഭവത്തിൽ ഐജി തലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. 20 വര്‍ഷത്തോളം നൈജീരിയയില്‍ ബിസിനസ് ചെയ്തശേഷം പതിനഞ്ച് കോടി രൂപ ചെലവഴിച്ചാണ് സാജൻ ആന്തൂരില്‍ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെൻ്റർ എന്ന ഓഡിറ്റോറിയം നിര്‍മ്മിച്ചത്. ഓഡിറ്റോറിത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്