ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതിയിൽ മാറ്റമില്ല; പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി മാറ്റാനാകില്ലെന്ന് കേരള ഹൈക്കോടതി നിലപാടെടുത്ത സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചത്.

Samayam Malayalam 23 Nov 2020, 1:13 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ പുനരാരംഭിച്ച ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ എ സുരേശൻ രാജിവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. കേസ് ഈ മാസം 26ന് ഇനി പരിഗണിക്കും.
Samayam Malayalam Dileep
കേസിൽ പ്രതിയായ നടൻ ദിലീപ് Photo: Facebook


മുൻപ് കേസ് പരിഗണിക്കുന്ന പ്രത്യക കോടതിയ്ക്കെതിരെ പ്രോസിക്യൂഷനും ഇരയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇരയായ നടി വിചാരണയ്ക്കിടയിൽ കോടതിയിൽ പലവട്ടം കരയുന്ന അവസ്ഥ വരെയുണ്ടായെന്നുമായിരുന്നു ആരോപണം. കൂടാതെ രഹസ്യവിചാരണയുടെ അന്തസത്തയെ ഹനിക്കുന്ന തരത്തിൽ കോടതി മുറിയിൽ പതിനഞ്ചോളം അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കോടതി ഇടപെട്ടില്ലെന്നും പ്രതിഭാഗത്തിന് പ്രോസിക്യൂഷൻ്റെ അനുമതിയില്ലാതെ രേഖകള്‍ കൈമാറുന്ന സ്ഥിതിയുണ്ടായെന്നും കോടതിയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

Also Read: പോലീസ് നിയമ ഭേദഗതി നടപ്പാക്കില്ല; തുടർ നടപടികൾ പിന്നീടെന്ന് മുഖ്യമന്ത്രി

എന്നാൽ കേസ് മറ്റൊരു കോടതിയിലേയ്ക്ക് മാറ്റാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് പോകേണ്ടവരാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. കോടതി മാറ്റാൻ മതിയായ കാരണങ്ങളില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിൽ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിൽ കേസിലെ പ്രത്യേക കോടതിയുടെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ വിചാരണ നടപടികള്‍ വീണ്ടും തുടങ്ങി. ഈ സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി.

Also Read: എല്ലാ ആശങ്കകളും പരിശോധിക്കും; പോലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്