ആപ്പ്ജില്ല

ശ്രീധരൻ പിള്ള പുറത്തേയ്ക്ക്? പുതിയ അധ്യക്ഷനെത്തേടി കേരള ബിജെപി

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പുതിയ അധ്യക്ഷനെ കണ്ടെത്താൻ തടസ്സമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Samayam Malayalam 7 Dec 2018, 4:58 pm
കൊച്ചി: ശബരിമല സമരത്തിന്‍റെ സംഘാടനത്തിൽ പഴികേട്ട് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പാര്‍ട്ടിയിൽ ഒറ്റപ്പെടുമ്പോഴും അധ്യക്ഷപദവിയിലേയ്ക്ക് പുതിയ നേതാവിനെ കണ്ടെത്താൻ സാധിക്കാതെ ബിജെപി സംസ്ഥാന ഘടകം. നിലവിൽ പാര്‍ട്ടി ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണനൊഴികെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിൽ ആര്‍ക്കും ശ്രീധരൻ പിള്ള അധ്യക്ഷസ്ഥാനത്ത് തുടരുന്നതിൽ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനം രാജശേഖരനു പകരം ശ്രീധരൻ പിള്ളയെ അധ്യക്ഷപദവിയിലേയ്ക്ക് എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരു വിഭാഗം ആര്‍എസ്എസ് നേതാക്കള്‍ക്കും നിലവിൽ പിള്ളയോട് അതൃപ്തിയുണ്ടെന്നാണ് സൂചന.
Samayam Malayalam sreedharan-pillai.1.18269


ശ്രീധരൻ പിള്ളയെ അധ്യക്ഷപദവിയിൽ നിന്ന് നീക്കണമെന്ന് ബിജെപിയിൽ നിന്ന് സംഘടിതമായി ആവശ്യമുയരുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോര് മൂലം മികച്ച സ്ഥാനാര്‍ത്ഥിയെ കേന്ദ്രനേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന ഘടകമെന്നാണ് മാധ്യമം റിപ്പോര്‍ട്ട്.

അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ സുരേന്ദ്രന്‍റെ പേര് ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ശ്രീധരൻ പിള്ളയോട് എതിര്‍പ്പുള്ള കൃഷ്ണദാസ് ഗ്രൂപ്പിന് സുരേന്ദ്രനെ പിന്തുണയ്ക്കുന്നതിനോടും യോജിപ്പില്ല. ശ്രീധരൻ പിള്ളയ്ക്കൊപ്പം മുൻപ് അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു സുരേന്ദ്രന്‍റേത്. എന്നാൽ പകരം കൃഷ്ണദാസ് ഗ്രൂപ്പിലെ ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാൻ മുരളീധരൻ ഗ്രൂപ്പിനും താത്പര്യമില്ല.

അതേസമയം, നിലവിൽ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുള്ള കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മടക്കിക്കൊണ്ടുവരാൻ ആര്‍എസ്എസ് നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ ഗവര്‍ണറെ മടക്കിക്കൊണ്ടുവരുന്നതും സംസ്ഥാന അധ്യക്ഷനെ മാറ്റുന്നതും അടക്കമുള്ള നടപടികള്‍ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന പ്രശ്നവുമുണ്ട്. കൂടാതെ ഈ നീക്കത്തിന് കുമ്മനം രാജശേഖരനെ എതിര്‍ക്കുന്ന മുരളീധരവിഭാഗത്തിന്‍റെ പിന്തുണയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുമ്മനം രാജശേഖരന്‍റെ കാലത്തെ പല പരിഷ്കാരങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നും പാര്‍ട്ടിയെ ആര്‍എസ്എസിന്‍റെ കൈയ്യിൽ എത്തിക്കാൻ മാത്രമാണ് കുമ്മനത്തിന്‍റെ നേതൃത്വം ഉപകാരപ്പെട്ടതെന്നുമാണ് മുരളീധരൻ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ.

ശ്രീധരൻ പിള്ളയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ശബരിമല വിഷയം വിലയിരുത്താനെത്തിയ ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്