ആപ്പ്ജില്ല

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി

ഇന്ന് രാവിലെയാണ് സംഭവം. പള്ളിയിൽ പോകാൻ ഇറങ്ങിയപ്പോളാണ് മഠത്തിൻ്റെ ഗേറ്റ് പൂട്ടിയനിലയിൽ കണ്ടത്. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മനുഷ്യത്വ രഹിതമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര.

Samayam Malayalam 19 Aug 2019, 10:01 am
വയനാട്: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. ഇന്ന് രാവിലെ ആറരയോടെ മഠത്തിന് സമീപമുള്ള പള്ളിയിൽ കുര്‍ബാനയ്ക്ക് പോകാൻ ഇറങ്ങിയപ്പോളാണ് ഗേറ്റ് പൂട്ടിയ നിലയിൽ കണ്ടത്. സിസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് എത്തിയാണ് ഗേറ്റ് തുറന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam sister-lucy-kalappura


ഇന്ന് നടന്ന സംഭവം അങ്ങയറ്റം മനുഷ്യത്വ രഹിതമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. താൻ പള്ളിയിൽ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇത്തരത്തിൽ ഒരു ശ്രമം ഉണ്ടായത്. മഠത്തിൽ തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ആരോപിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുര ഉടൻ തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി) ആവശ്യപ്പെട്ടിരുന്നു. മഠത്തിൽ നിന്ന് മകളെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് എഫ്‍സിസി കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നോട് പുറത്ത് പോകാൻ പറയാൻ സഭയ്ക്ക് അധികാരമില്ല ലൂസി കളപ്പുര വ്യക്തമാക്കിയിട്ടുണ്ട്. റോം, ന്യൂഡൽഹി എന്നിവിടങ്ങളിലെ സഭാ പ്രതിനിധികള്‍ക്ക് അപ്പീൽ അയച്ചുവെന്നും ലൂസി കളപ്പുര അറിയിച്ചിരുന്നു.

മെയ് 11 ന് ചേര്‍ന്ന ജനറൽ കൗൺസിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നൽകിയതോടെയാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭയുടെ പ്രതികാര നടപടികൾ തുടങ്ങിയത്. സഭ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുരയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സഭ അറിയിച്ചിരുന്നു.

ആഗസ്റ്റ് ഏഴിനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയെന്നുള്ള അറിയിപ്പ് ഉണ്ടാകുന്നത്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചുവെന്നാണ് എഫ്‍സിസിയുടെ ആരോപണം. പത്ത് ദിവസത്തിനുള്ളില്‍ മഠം വിട്ടു പോകണമെന്നാണ് പുറത്താക്കല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.

വയനാട് മാനന്തവാടി കാരയ്ക്കാമല വിമല ഹോം അംഗമാണ് സിസ്റ്റർ ലൂസി. സ്വന്തമായി കാര്‍ വാങ്ങിയതും വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും അടക്കമുള്ള കാര്യങ്ങളും കാണിച്ച് സിസ്റ്റര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്