ആപ്പ്ജില്ല

ഊബര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

ഊബര്‍ വിളിക്കണ്ട സമരത്തിലാണ്; മെട്രോയില്‍ യാത്ര സൗജന്യവും

Samayam Malayalam 19 Jun 2018, 1:11 pm
കൊച്ചി: നഗരത്തിലെ ഒരുവിഭാഗം ഊബര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍. നിരക്ക് കുറയ്ക്കുന്നു, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന പേരിലാണ് സമരം. ഊബര്‍ കമ്പനിക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നതും സമരക്കാരുടെ ആവശ്യമാണ്.
Samayam Malayalam ഊബർ സമരം
കൊച്ചിയിൽ ഊബർ ഡ്രൈവർമാർ സമരത്തിൽ


ഇന്ധനവില വര്‍ധിക്കുന്നത് കാരണം ഊബര്‍ ഓടിച്ച് വരുമാനം നേടാനാകുന്നില്ലെന്നതാണ് ഡ്രൈവര്‍മാരുടെ മറ്റൊരു പരാതി. കൂടിയ ഇന്ധനവിലയ്ക്ക് അനുസരിച്ച് നഷ്‍ടം നികത്താനുള്ള സാഹചര്യം കമ്പനി ഒരുക്കുന്നില്ല. നിരക്ക് കൂട്ടുകയും ചെയ്യുന്നില്ല - ഡ്രൈവര്‍മാര്‍, വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഓരോ റൈഡിനും ഊബര്‍ എടുക്കുന്ന കമ്മീഷന്‍ കുറയ്ക്കാന്‍ കമ്പനി തയാറാകണം. രാത്രി പത്ത് മണിക്ക് ശേഷമുള്ള എല്ലാ റൈഡുകളിലും 50 ശതമാനം അധിക നിരക്ക് ഈടാക്കാനും തയാറാകണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ രാജേന്ദ്ര മൈതാന്‍ മുതല്‍ ബിഎസ്‍എന്‍എല്‍ ഓഫീസ്‍ വരെ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്‍ച്ച മാര്‍ച്ച് നടത്തും. മറ്റൊരു ടാക്സി ആഗ്രഗേറ്റര്‍ കമ്പനിയായ ഒല കാബ്‍സ്‍, കൊച്ചിയില്‍ നടത്തിയിരുന്ന ഒല-ഓട്ടോറിക്ഷ സര്‍വീസും നിര്‍ത്തിയിരുന്നു.

ഒന്നാം വാര്‍ഷികം പ്രമാണിച്ച് കൊച്ചി മെട്രോ ചൊവ്വാഴ്‍ച്ച സൗജന്യ സര്‍വീസ് ആണ് നടത്തുന്നത്. ആലുവ മുതല്‍ എംജി റോഡ് വരെയുള്ള സ്ഥലങ്ങളിലേക്ക് ഊബര്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളവര്‍ക്ക് മെട്രോ ഉപയോഗിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്