ആപ്പ്ജില്ല

വാളയാർ കേസ്: പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ ഹർത്താൽ ആചരിക്കാൻ യുഡിഎഫ് തീരുമാനം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലാചരിക്കുകയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

Samayam Malayalam 28 Oct 2019, 7:52 pm
Samayam Malayalam New Project (34)

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായി പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബർ അഞ്ച് ചൊവ്വാഴ്ചയാണ് ഹർത്താൽ. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോൺഗ്രസ് നേതാക്കൾ നാളെ കുട്ടികളുടെ വീട് സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷത്തിന്‍റെ ഹർത്താൽ ആഹ്വാനം. അതേസമയം വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ എൻ രാജേഷിനെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. രാജേഷ് കേസിൽ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

Also Read: വാളയാർ കേസ്: പ്രതികൾക്ക് വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയർമാനെ നീക്കി

വാളയാർ പീഡനകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനെതുടർന്നായിരുന്നു കോടതി പ്രതികളെ വെറുതെ വിട്ടത്. 2017 ജനുവരിയിലാണ് 11 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കാണുന്നത്. പിന്നാലെ മാർച്ച് നാലിന് ഒമ്പത് വയസുകാരിയും മരിച്ചു.

അതേസമയം പെൺകുട്ടികൾ മരിച്ച കേസിൽ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രഗത്ഭനായ അഭിഭാഷകനെ സർക്കാർ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഒരു ചുക്കും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി അപ്പീൽ നൽകുമെന്ന കാര്യം അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്