ആപ്പ്ജില്ല

യു.എന്‍.എ. അഴിമതി: ജാസ്‍മിന്‍ ഷാ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്

യു.എന്‍.എ. ഫണ്ടില്‍ തിരിമറി നടത്തിയെന്ന കേസില്‍ ദേശീയ പ്രസിഡന്‍റ് ജാസ്‍മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കിതിരെയാണ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചത്

Samayam Malayalam 19 Sept 2019, 12:07 pm
തിരുവനന്തപുരം: യുണൈറ്റഡ് നഴ്‍സസ് അസോസിയേഷന്‍ അഴിമതി കേസില്‍ ദേശീയ പ്രസിഡന്‍റ് ജാസ്‍മിന്‍ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും ഉള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നേരത്തേ ക്രൈം ബ്രാഞ്ച് ഇവര്‍ക്കെതിരെ മാധ്യമങ്ങളിലടക്കം ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ എട്ട് പ്രതികളാണുള്ളത്.
Samayam Malayalam una look out notice


ജാസ്‍മിന്‍ ഷാ അടക്കമുള്ള നാല് പ്രതികള്‍ ജൂലൈയില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവര്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളങ്ങളില്‍ ഇറങ്ങുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ജാസ്‍മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ഇറക്കിയ ലുക്കൗട്ട് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്‍മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

യു.എന്‍.എ. അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ ഹൈക്കോടി ഉത്തരവിട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്‍മിന്‍ ഷാ, ഷോബി ജോസഫ്, പി.ഡി. ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപംനല്‍കാന്‍ കോടതി ഉത്തരവിട്ടത്.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്നാണ് ജാസ്‍മിന്‍ ഷായ്‍ക്കെതിരായ ആരോപണം. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എന്‍.എ.യില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും പറഞ്ഞാണ് ജാസ്‍മിന്‍ ഷാ കോടതിയ സമീപിച്ചത്.

ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും യു.എന്‍.എ. ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ജാസ്‍മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്‍റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെങ്കിലും ഒരു പുരോഗതിയുമില്ലെന്നും അതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ജാസ്‍മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്.

അതേസമയം, ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്ന് പണമെടുത്താണ് ജാസ്‍മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും കേസ് നല്‍കിയ സിബി മുകേഷ് ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്