ആപ്പ്ജില്ല

Sabarimala News: സാവകാശ ഹർജിയിൽ ആശങ്ക, അഭിഭാഷകന് രേഖകൾ ലഭിച്ചില്ല

എത്രനാളത്തേക്ക് സാവകാശം തേടുമെന്ന കാര്യത്തിൽ ബോർഡിന് ഇത് വരെ വ്യക്തതയില്ല

Samayam Malayalam 19 Nov 2018, 12:33 pm
പത്തനംതിട്ട: സാവകാശ ഹർജി ദേവസ്വം ബോർഡിന് തിരിച്ചടിയാകുമോ എന്ന് ആശങ്ക. യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഹർജി സമർപ്പിക്കുന്നതിൽ ആശങ്കകൾ നിലനിൽക്കുന്നു. ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകന് ഇത് വരെ ആവശ്യമായ രേഖകൾ ലഭിച്ചിട്ടില്ല.
Samayam Malayalam A Padmakumar.


അതിനിടെ, നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നും നേരത്തെ നിശ്ചയിച്ചത് പോലെ ജനുവരി 22 ന് മാത്രമേ വിധി പുനഃപരിശോധിക്കൂ എന്നും ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി സെപ്റ്റംബർ 22ന് യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധി അങ്ങനെ തന്നെ നിലനിൽക്കും. അത് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

സുപ്രീം കോടതി ഇത്തരത്തിൽ ഒരു ഉത്തരവ് കൂടി ശബരിമല വിഷയത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത് ദേവസ്വം ബോർഡിനെ വീണ്ടും ആശങ്കയിലാക്കും. സാവകാശ ഹർജി എങ്ങനെ സമർപ്പിക്കണമെന്നത് വീണ്ടും ദേവസ്വം ബോർഡിനെ സമ്മർദ്ദത്തിലാക്കും. സാവകാശ ഹർജി സമർപ്പിച്ച് വിധി പ്രതികൂലമായാൽ അത് ദേവസ്വം ബോർഡിന് കൂടുതൽ തലവേദനയാകും.

സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിൽ ഒരു സാവകാശം വേണമെന്ന് മാത്രമേ ബോർഡ് ആവശ്യപ്പെടുന്നുള്ളൂ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, എത്ര കാലത്തെ സാവകാശം തേടുമെന്ന കാര്യത്തിൽ ഇത് വരെ വ്യക്തതയില്ല. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായ സ്ഥിതിക്ക് സാവകാശ ഹർജി നൽകുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്