ആപ്പ്ജില്ല

മലയാറ്റൂർകാരി സിസ്റ്റർ ജൂഡ് ഉത്തർപ്രദേശിൻ്റെ ഝാൻസി റാണി

ആരോഗ്യരംഗത്ത് പിന്നോക്കാവസ്ഥയിൽ നിന്ന കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമത്തിൽ സ്പെഷ്യാലിറ്റി ആശുപത്രി വികസിപ്പിച്ച കഥ

Samayam Malayalam 8 Apr 2018, 1:44 pm
കൊച്ചി: ഡൽഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കൽ കോളേജിൽ നിന്ന് എംഡി പഠനത്തിനു ശേഷം 1977ൽ മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് കിഴക്കൻ ഉത്തര്‍ പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്പെൻസറിയിലെത്തുമ്പോള്‍ ആ പരിസരത്തെങ്ങും കിടക്കകളുള്ള ഒരു ആശുപത്രി പോലും ഉണ്ടായിരുന്നില്ല. ഇന്ന് 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുമുള്ള വലിയൊരു ആശുപത്രിയാണിത്. ആരോഗ്യരംഗത്തെ സേവനത്തിനുള്ള അംഗീകാരമായി ഉത്തര്‍പ്രദേശ് സര‍്ക്കാരിന്‍റെ ഝാൻസി റാണി വീര പുരസ്കാരം കഴിഞ്ഞ ദിവസം സിസ്റ്ററിന് സമര്‍പ്പിച്ചു.
Samayam Malayalam image (20)


മെഡിക്കൽ പഠനത്തിനു ശേഷം മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെയ്ന്‍റ് ജോസഫ് എന്ന സന്ന്യാസ സമൂഹമാണ് സിസ്റ്റര്‍ ജൂഡിനെ മൗവിലേയ്ക്ക് അയച്ചത്. പ്രദേശത്ത് നിരക്ഷരരാണ് ഏറെയും. അക്രമങ്ങളും പിടിച്ചുപറിയും പ്രദേശത്ത് വ്യാപകമായിരുന്നു. വീട്ടിലോ പ്രാദേശിക വൈദ്യന്മാരുടെയോ അടുത്ത് ചികിത്സ തേടിയ ശേഷം ഗുരുതരാവസ്ഥയിലാണ് മിക്കപ്പോഴും രോഗികളെ ആശുപത്രിയിലെത്തിച്ചിരുന്നത്. അങ്ങനെ 382 രോഗികളെ വരെ നോക്കിയിരുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നതായി സിസ്റ്റര്‍ ഓര്‍മിക്കുന്നു. ഇപ്പോള്‍ 200 കഴിഞ്ഞാൽ രോഗികളെ അസിസ്റ്റന്‍റുമാര്‍ക്ക് കൈമാറുകയാണ് പതിവ്.

മൗവിൽ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നതിനാൽ പരമാവധി കേസുകള്‍ മൗവിൽ തന്നെയാണ് കൈകാര്യം ചെയ്യാറ്.

വീട്ടിൽ പ്രാദേശികവൈദ്യൻമാരുടെ അടുത്ത് പ്രസവം നടത്തിയ ശേഷം തകര്‍ന്ന ഗര്‍ഭപാത്രവുമായി എത്തുന്നവരും കുറവല്ല. ദിവസവും 15 സിസേറിയനുകള്‍ വരെ ചെയ്തിട്ടുണ്ട്. അൻപതിനായിരത്തോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടാവുമെന്നാണ് സിസ്റ്ററുടെ കണക്ക്.

മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009-ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയിരുന്നു. 19-ന് യു.പിയിലേക്ക് മടങ്ങും.

(വിവരങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്