ആപ്പ്ജില്ല

കെവിന്‍റെ മരണം: കോട്ടയത്ത് വ്യാപക പ്രതിഷേധം

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിൽ സംഘര്‍ഷം അനിശ്ചിതകാല സത്യാഗ്രഹത്തിന് തിരുവഞ്ചൂര്‍

Samayam Malayalam 28 May 2018, 12:47 pm
കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ ശേഷം നവവരൻ കൊല്ലപ്പെട്ട കേസിൽ പോലീസിന്‍റെ അലംഭാവത്തിനെതിരെ രൂക്ഷമായ പ്രതിഷേധം. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ സംഘടനകളുടെയും ദളിത് സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുകയാണ്.
Samayam Malayalam kevin-p-joseph-murder-protest.jpg.image.784.410


ബിജെപി, കോൺഗ്രസ്, എഐവൈഎഫ്, എസ്‍‍ഡിപിഐ പ്രവര്‍ത്തകരും വിവിധ ദളിത് സംഘടനകളുമാണ് സ്റ്റേഷനിൽ പ്രതിഷേധം നടത്തുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് വിവിധ ജൂറിസ്‍ഡിക്ഷനുകളിലായതിനാൽ ഡിവൈഎസ്‍‍പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രായോഗികമല്ലെന്നും എഡിജിപി ക്രൈംസ് കേസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. കേസിൽ അലംഭാവം കാണിച്ച ഗാന്ധിനഗര്‍ എസ് ഐ ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

കേസിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

പ്രതിഷേധത്തിനിടെ സ്റ്റേഷനിലേയ്ക്കെത്തിയ കോട്ടയം എസ് പി വി എം മുഹമ്മദ് റഫീഖിനെതിരെ കയ്യേറ്റശ്രമവും ഉണ്ടായി. എസ് പിയ്ക്ക് നേര്‍ക്ക് പ്രതിഷേധക്കാര്‍ കൊടിയെറിഞ്ഞു. സ്റ്റേഷൻ വളപ്പിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

റേഞ്ച് ഐജി വിജയ് സാഖറെ സ്ഥലത്തെത്തിയിട്ടുണ്ട്.

കേസിൽ ഇതിനോടകം രണ്ട് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ നിയാസ്, ഇശാൽ എന്നിവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. മറ്റു പ്രതികള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേയ്ക്ക് രക്ഷപെട്ടതായാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്