ആപ്പ്ജില്ല

യുഡിഎഫിലും കോൺഗ്രസിലും നേതൃമാറ്റം? കെ സുധാകരനും വിഡി സതീശനും പിടി തോമസും പ്രധാന പദവകളിലേക്കെത്തുമോ?

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമോ അതോ കോൺഗ്രസും സുപ്രധാനമായ തീരുമാനം കൈക്കൊള്ളുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല

Samayam Malayalam 20 May 2021, 3:00 pm
തിരുവനന്തപുരം: അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന പതിവിന് വിപരീതമായി ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. മന്ത്രിസഭാ വിഭജനവും കഴിഞ്ഞ് സർക്കാർ അധികാരമേൽക്കുമ്പോഴും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് ചർച്ചയാവുകയാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിലും കോൺഗ്രസിലും നേതൃമാറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം.
Samayam Malayalam vd satheesan in contention to become opposition leader in kerala while k sudhakaran likely kpcc president
യുഡിഎഫിലും കോൺഗ്രസിലും നേതൃമാറ്റം? കെ സുധാകരനും വിഡി സതീശനും പിടി തോമസും പ്രധാന പദവകളിലേക്കെത്തുമോ?


യുഡിഎഫിലും കോൺഗ്രസിലും നേതൃമാറ്റം



തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തന്നെ കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്‍റെ കൂടുതൽ ഇടപെടലുകളോടെ മുന്നോട്ട് പോകാനായിരുന്നു പാർട്ടി തീരുമാനിച്ചത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിലും തോൽവി നേരിടേണ്ടി വന്നതോടെ നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തയ്യാറെടുക്കുകയാണെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കൺവീനർ സ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കളെത്തുമെന്നാണ് റിപ്പോർട്ടുകൾ.

​യുഡിഎഫ് കൺവീനറും മാറിയേക്കും

തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷനെ മാറ്റുകയാണെങ്കിൽ അതിനോടൊപ്പം തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്തും മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എംഎം ഹസന് പകരം പി ടി തോമസിനെ യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുക്കുമെന്നാണു സൂചനയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

​തീരുമാനമാകാതെ പ്രതിപക്ഷ നേതാവ് സ്ഥാനം

സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോഴും പ്രതിപക്ഷ നേതാവായി ആരെ തെരഞ്ഞെടുക്കണം എന്നതിൽ തീരുമാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മുതിർന്ന നേതാവും കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതവുമായ രമേശ് ചെന്നിത്തല തുടരുമോ എന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും വന്നിട്ടില്ല. എംഎൽഎമാരിൽ കൂടുതൽ പേരുടെയും പിന്തുണ ചെന്നിത്തലയ്ക്ക് തന്നെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

​വിഡി സതീശൻ പ്രതിപക്ഷ നേതാവാകുമോ?

രമേശ് ചെന്നിത്തലയ്ക്ക് പുറമെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പേര് വിഡി സതീശന്‍റേതാണ്. എ ഗ്രൂപ്പിന്‍റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ചെന്നിത്തലയ്ക്ക് ഉണ്ടെങ്കിലും യുവ നേതാക്കൾ വിഡി സതീശനെയാണ് പിന്തുണക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പാർട്ടിയുടെ നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ മല്ലികാർജുൻ ഖർഗെ, വി വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്.

​കെപിസിസിക്ക് പുതിയ പ്രസിഡന്‍റ് ഉണ്ടാകുമോ?

പ്രതിപക്ഷ നേതാവിനെ വെള്ളിയാഴ്ചയ്ക്കകം തന്നെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടൊപ്പം തന്നെ കെപിസിസി നേതൃ സ്ഥാനത്ത് അഴിച്ചുപണിയുണ്ടാകുമോയെന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ തന്നെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചിലനേതാക്കളും പരസ്യപ്രതികരണം നടത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ എംപിയെ തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്