ആപ്പ്ജില്ല

​തിരുവനന്തപുരത്ത് കൊവിഡ് രോഗികളില്ല; നഗരത്തെ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി

ജില്ലയിൽ ‍നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരത്തെ ഹോട്സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

Samayam Malayalam 28 Apr 2020, 12:04 pm
തിരുവനന്തപുരം: നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം നഗരത്തെ ഹോട്സ്പോട്ട് പട്ടികയില്‍ നിന്ന് നീക്കിയതായി വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
Samayam Malayalam ലോക്ക്ഡൗണിൽ ഇളവുവരുത്തിയ തിരുവനന്തപുരം നഗരത്തിലെ കാഴ്ച
ലോക്ക്ഡൗണിൽ ഇളവുവരുത്തിയ തിരുവനന്തപുരം നഗരത്തിലെ കാഴ്ച


നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു രോഗി പോലും കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലില്ല. എന്നാല്‍ ആരോഗ്യവകുപ്പിൻ്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2025 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 62 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Also Read: 'പറയുന്നത് ഹിന്ദിയിൽ, ഒരക്ഷരം മനസ്സിലാകില്ല: മോദിയുടെ യോഗത്തെപ്പറ്റി മിസോറം മുഖ്യമന്ത്രി



മുൻപ് തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തെ ചില ജില്ലകള്‍ക്ക് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലേയ്ക്ക് ഇറങ്ങിയ സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള പ്രവേശനം മരുതൂര്‍, വെട്ടുറോട്, വഴയില, പ്രാവച്ചമ്പലം, കണ്ടമൺകടവ്, മുക്കോല എന്നീ പോയിൻ്റുകള്‍ വഴിയാക്കുകയായിരുന്നു. കൂടാതെ നഗരത്തില്‍ കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

Also Read: COVID- 19 LIVE: ഇടുക്കിയിൽ നഗരസഭാംഗം ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി കൊവിഡ്

അതേസമയം, മുൻപ് ഗ്രീൻ സോണിലായിരുന്ന ഇടുക്കി ജില്ലയില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതോടെ റെഡ് സോണിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഒരു നഗരസഭാംഗത്തിനും ആരോഗ്യപ്രവര്‍ത്തകയ്ക്കും അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മുൻപ് രോഗികള്‍ ഇല്ലായിരുന്ന കോട്ടയം ജില്ലയിലും പുതുതായി 17 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്