ആപ്പ്ജില്ല

പിണറായിയിലെ മരണങ്ങള്‍ കൊലപാതകമെന്ന് പോലീസ്: വീട്ടമ്മ കസ്റ്റഡിയിൽ

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വിഷാംശം കണ്ടെത്തി

Samayam Malayalam 24 Apr 2018, 12:06 pm
തലശ്ശേരി: പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നു പേര്‍ നാലുമാസത്തിനിടെ മരിച്ച സംഭവം കൊലപാതകപരമ്പരയാണെന്ന നിഗമനത്തിൽ പോലീസ്. സംഭവത്തിൽ കുടുംബത്തിലെ ശേഷിക്കുന്ന അംഗം സൗമ്യയെ അന്വേഷണസംഘം ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
Samayam Malayalam kannur family death


വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്‍റെ ചെറുമകള്‍ ഐശ്വര്യ (9) എന്നിവരാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചത്. കുഞ്ഞിക്കണ്ണന്‍റെ മകളും ഐശ്വര്യയുടെ അമ്മയുമായ സൗമ്യയെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സൗമ്യയുടെ രണ്ടാമത്തെ മകളായ കീര്‍ത്തന(1) ആറുവര്‍ഷം മുൻപു മരിച്ചതും സമാനമായ സാഹചര്യങ്ങളിലായിരുന്നു. തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ മഫ്തിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു ചോദ്യം ചെയ്യും.

ഒരേ കുടുംബത്തിൽ തന്നെ തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതികളും സംശയങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിക്കണ്ണന്‍റെയും കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഇതിൽ കമലയുടെയും കുഞ്ഞിക്കണ്ണന്‍റെയും മൃതദേഹങ്ങളിൽ അലുമിനിയം ഫോസ്ഫേറ്റിന്‍റെ അംശം കണ്ടെത്തുകയായിരുന്നു. സാധാരണയായി എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റ് വളരെ കുറഞ്ഞ അളവിൽ ശരീരത്തിലെത്തിയാൽപ്പോലും ഛര്‍ദ്ദിയും ശ്വാസംമുട്ടലും ഉണ്ടാകാനും രക്തസമ്മര്‍ദ്ദം കുറയാനും ഇടയാക്കുന്നതാണ്.

മരിച്ച നാലുപേരും നാല് ആശുപത്രികളിലായിരുന്നു ചികിത്സ തേടിയത്. ഇവരുടെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ശേഷം വീട്ടിലെത്തിയ ശേഷം പെട്ടെന്നായിരുന്നു ഇവരുടെ മരണം.

മൃതദേഹങ്ങളിൽ വിഷാംശം കണ്ടതോടെ ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയും തിരച്ചിൽ നടത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്