ആപ്പ്ജില്ല

ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ കരിമ്പട്ടികയിൽ; ചെക്ക് ബുക്കുകൾ പിൻവലിക്കും

സമീപകാലത്ത് ചെക്ക് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

Samayam Malayalam 17 Aug 2019, 10:12 pm
ദോഹ: ചെക്ക് കേസുകളിൽപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരു വർഷത്തേക്ക് ചെക്ക് അനുവദിക്കാനുള്ള സൌകര്യം പിൻവലിക്കുമെന്ന് സുപ്രീം ജുഡീഷ്യൽ കൌൺസിൽ ക്രിമിനൽ കോടതി. ചെക്കുകൾ പണമില്ലാതെ മടങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ കോടതിയും, ഖത്തർ സെൻട്രൽ ബാങ്കും സംയുക്തമായി നടപടി സ്വീകരിച്ചിരിക്കുന്നത്.
Samayam Malayalam check


വ്യാപര നിയമത്തിലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 604ലെ അധിക ശിക്ഷ നടപ്പാക്കുന്ന നടപടി മിസ്ഡിമീനേഴ്സ് കോർട്ട് ആരംഭിച്ചു. ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് ആരെങ്കിലും പിടിക്കപ്പെട്ടാൽ അത്തരം വ്യക്തികളിൽനിന്നും ചെക്ക് പിടിച്ചെടുക്കാനും ഒരു വർഷത്തേക്ക് ചെക്ക് അനുവദിക്കുന്നത് തടയാനും നിയമം നിർദ്ദേശിക്കുന്നു. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ക്രിമിനൽ കോടതിയും, സെൻട്രൽ ബാങ്കും ബന്ധപ്പെട്ടവർക്കു നൽകും. ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.

സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാതെ തന്നെ കേസിൽ ശിക്ഷിക്കപ്പെടുന്നയാളിൽനിന്നും ചെക്ക് തുകയും അനുബന്ധ തുകയും ഈടാക്കി ബന്ധപ്പെട്ട ഉപഭോക്താവിന് നൽകണമെന്നും നിയമം ശുപാർശചെയ്യുന്നു.

2018ൽ മാത്രം 37,130 ചെക്ക് കേസുകളാണ് കോടതിയിലെത്തിയത്. 34,882 കേസുകൾ തീർപ്പാക്കി. ഖത്തറിൽ ചെക്ക് കേസുകൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷംവരെ തടവും 3,000 റിയാലിൽ കുറയാത്ത തുകയുമാണ് പിഴ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്