ആപ്പ്ജില്ല

ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്നു; മരിച്ചവരിലേറെയും പ്രവാസികള്‍; മലയാളികള്‍ 31

ഗള്‍ഫ് രാജ്യങ്ങളിലാകെ 58052 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 322 പേരാണ് മരിച്ചത്. 31 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Samayam Malayalam 1 May 2020, 1:50 pm
അബുദബി: മലയാളികളെയും ആശങ്കയിലാക്കി ഗള്‍ഫ് നാടുകളില്‍ കൊറോണ വൈറസ് പിടിമുറുക്കുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും അതിവേഗം ഉയരുകയാണ്. മരിച്ചവരിലും രോഗബാധിതരിലും പ്രവാസികളാണ് കൂടുതലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെയാണ് പ്രവാസികള്‍ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നത്.
Samayam Malayalam covid 19 cases rises in gulf countries 31 malayalees lost life expats in worry
ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്നു; മരിച്ചവരിലേറെയും പ്രവാസികള്‍; മലയാളികള്‍ 31


ഭയപ്പെടുത്തുന്ന കണക്കുകള്‍

ഗള്‍ഫ് രാജ്യങ്ങളിലാകെ 58052 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 322 പേരാണ് മരിച്ചത്. 31 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്‍ച മാത്രം അഞ്ച് മലയാളികളാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി മരിച്ചത്. യുഎഇയില്‍ മൂന്ന് പേരും കുവൈറ്റില്‍ രണ്ടുപേരും മരിച്ചു. സൗദി അറേബ്യയിലാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചത്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തതും സൗദിയില്‍ തന്നെയാണ്. സൗദിയിലെ രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 1351 പുതിയ രോഗികള്‍

സൗദി അറേബ്യയില്‍ അതിവേഗമാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1351 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ കണ്ടെത്താനായുള്ള ഫീല്‍ഡ് സര്‍വേ വ്യാപകമാക്കിയതിനാലാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നത്. ഫീല്‍ഡ് സര്‍വേ ഒരാഴ്‍ച പിന്നിട്ടു. ഫീല്‍ഡ് സര്‍വേ തുടങ്ങിയതിന് ശേഷം എല്ലാ ദിവസവും ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. രോഗികളില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 22753 ആയി. 162 പേരാണ് മരിച്ചത്. 19428 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 123 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

മരണസംഖ്യ 100 കടന്ന് യുഎഇ

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോട ആകെ മരണസംഖ്യ 105 ആയി. പുതുതായി 552 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12481 ആയി. മരിച്ചവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. വ്യാഴാഴ്‍ച 100 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2429 ആയി. പരിശോധനകള്‍ വ്യാപമാക്കിയിരിക്കുകയാണ്. വ്യാഴാഴ്‍ച മാത്രം 27000-ലേറെ പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കുവൈറ്റിലും രോഗികളുടെ എണ്ണം ഉയരുന്നു

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അതോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പരിശോധനകള്‍ വ്യാപകമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 284 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4024 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ മരണം 26 ആയി. 150 പേരാണ് പുതുതായി രോഗമുക്തരായത്. 1539 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 2549 പേരാണ് ഇനി ചികിത്സയിലുള്ളത്. 66 പേരുടെ നില ഗുരുതരമാണ്.

ഇളവിലും തുടരുന്ന ജാഗ്രത

റമദാന്‍ മാസമായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത കുറച്ചിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് റസ്റ്റോറന്‍റുകളും കടകളും തുറക്കുന്നുണ്ട്. ശാരീരിക അകലം പാലിച്ചും മാസ്‍ക് ധരിച്ചുമാണ് ആളുകള്‍ എത്തുന്നത്. ദുബായ് മെട്രോയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്