ആപ്പ്ജില്ല

യുട്യൂബിൽ വീഡിയോ കണ്ടതിന് അമ്മ ശകാരിച്ചു; 15 കാരനെ കാണ്മാനില്ല

ജുലൈ നാല് പുലർച്ചെ നാലുമണിയോടെയാണ് കുട്ടിയെ വീട്ടിൽനിന്നും കാണാതായത്. പിന്നീട് കുട്ടിയെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Samayam Malayalam 17 Jul 2019, 10:37 pm
ദുബായ്: രാത്രിയിൽ യൂട്യൂബിൽ സീരിയൽ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് 15 കാരനെ കാണാതായി. ജുലൈ നാലുമുതലാണ് കുട്ടിയെ കാണാതായിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മുഹമ്മദ് പർവേശിനെയാണ് കാണാതായത്.
Samayam Malayalam muhammed


ജുലൈ നാല് പുലർച്ചെ മുതലാണ് മുഹമ്മദിനെ കാണാതായതെന്ന് ഷാർജ പോലീസ് പറഞ്ഞു. ബീഹാറിൽനിന്നും ഷാർജയിലെത്തിയ പ്രവാസികളാണ് മുഹമ്മദിന്റെ കുടുംബം. കുട്ടിയുടെ ചിത്രം ഷാർജ പോലീസ് പുറത്തുവിട്ടു.

"ഉമ്ര കർമ്മം നിർവ്വഹിക്കാൻ അടുത്തയിടെ ഞങ്ങൾക്കൊപ്പം യാത്ര ചെയ്തവരെയൊക്കെ ഞങ്ങൾ ബന്ധപ്പെട്ടു. മകന്റെ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും അവനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. ഞങ്ങളെ അറിയുന്ന ആളുകളിൽ പലരും വേനൽക്കാല അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ്. ഇവിടെയുള്ള കുടുംബ സുഹൃത്തുക്കളാരുംതന്നെ അവനെ കണ്ടിട്ടില്ല". കുട്ടിയുടെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പറഞ്ഞു.

കുട്ടിയെ കാണാതായ വിവരം കുട്ടിയുടെ പിതാവ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്.

"ഒരു മണിയായിട്ടും അവൻ ഉറങ്ങാതെ വന്നപ്പോഴാണ് അമ്മ കുട്ടിയെ ശകാരിക്കുകയും ഫോൺ വാങ്ങിവെയ്ക്കുകയും ചെയ്തത്. പുലർച്ചെ നാല് മണിക്ക് പ്രാർത്ഥനയ്ക്കായി എണീറ്റപ്പോൾ അവനെ റൂമിൽ കണ്ടില്ല. വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു". മുഹമ്മദിന്റെ സഹോദരീ പുത്രൻ ഷാംസ് പറഞ്ഞു.

കുട്ടി വീട്ടിൽനിന്ന് ഫോണോ വസ്ത്രമോ എടുക്കാതെയാണ് പോയിരിക്കുന്നത്. ഔദ്യോഗിക രേഖകളും അവന്റെപക്കലില്ല. മുഹമ്മദിന്റെ വീട്ടുകാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്