ആപ്പ്ജില്ല

ബാലികയെ പീഡിപ്പിച്ച് നാടുവിട്ടു; റിയാദിലെത്തി പ്രതിയെ പൊക്കി കേരളാ പോലീസ്

ഒന്നര വർഷമായി പ്രതിയെ പിടികൂടാൻ ശ്രമം നടത്തിവരികയായിരുന്നു പോലീസ്, ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

Samayam Malayalam 18 Jul 2019, 6:58 pm
റിയാദ്: പോക്സോ കേസിൽ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശിയെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസ് സംഘം റിയാദിലെത്തി. മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിയാദിലെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സുനിൽ ഭദ്രാൻ (38)നെ അറസ്റ്റ്ചെയ്ത് കേരളത്തിലേക്ക് കൊണ്ടുപോകുകയാണ് പോലീസ് സംഘത്തിന്റെ ലക്ഷ്യം.
Samayam Malayalam merin joseph riyadh


നാഷ്ണൽ സെൻട്രൽ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രതിയെ കേരളാ പോലീസ് സംഘത്തിന് കൈമാറുക.

2017ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പ്രതി സുനിൽ കുമാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. അന്ന് 13 വയസുണ്ടായിരുന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽനിന്നും സഹപാഠികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ അധ്യാപിക ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു.

ഒന്നരവർഷമായി പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയായിരുന്നു. ഇത് ഫലം കാണാതെവന്നതോടെയാണ് പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റർപോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയും സിബിഐയെ വിവരം അറിയിക്കുകയുമായിരുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുക. ആദ്യമായാണ് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഇത്തരമൊരു ദൌത്യത്തിന് നേതൃത്വം നൽകുന്നത്. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ എം അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ പ്രകാശ് എന്നിവരാണ് പോലീസ് സംഘത്തിലുള്ള മറ്റുള്ളവർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്