ആപ്പ്ജില്ല

തുഷാറിനെതിരെ നാസിൽ അബ്ദുല്ല സിവിൽ കേസ് ഫയൽ ചെയ്തു

ദുബായ് കോടതിയിലാണ് പരാതിക്കാരനായ നാസിൽ അബ്ദുല്ല തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. അജ്‍മാൻ കോടതിയിലെ ക്രിമിനൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സിവിൽ കേസ്.

Samayam Malayalam 2 Sept 2019, 3:08 pm
അജ്മാൻ: യുഎഇയിൽ ചെക്കുകേസിൽ നിയമനടപടി നേരിടുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസിൽ അബ്ദുല്ല സിവിൽ കേസ് ഫയൽ ചെയ്തു. കരാര്‍ പ്രകാരമുള്ള തുക തുഷാറിൽ നിന്ന് കിട്ടണമെന്ന് ആവശ്യപ്പെട്ട് ദുബായ് കോടതിയിലാണ് നാസിൽ കേസ് നൽകിയത്. അജ്‍മാൻ കോടതിയിലെ ക്രിമിനൽ കേസ് തുടരുന്നതിനിടെയാണ് തുഷാറിനെതിരെ നാസിൽ അബ്ദുല്ല സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Samayam Malayalam Thushar Vellappally


പത്ത് വര്‍ഷം മുൻപ് അജ്മാനിൽ നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ഏൽപ്പിച്ച നാസിലിന് പത്തൊൻപതര കോടി രൂപയുടെ വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് കഴിഞ്ഞ മാസം 21 ന് ദുബായ് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഒന്നര ദിവസത്തോളം അജ്‌മാൻ ജയിലിൽ കഴിഞ്ഞ തുഷാറിന് വ്യവസായിയായ എം എ യൂസഫലി ഇടപെട്ട് പണം കെട്ടിവച്ചതോടെയാണ് ജാമ്യം ലഭിച്ചത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി യൂസഫലി രംഗത്തെത്തിയിരുന്നു.

നാസിലുമായുള്ള പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാൻ തുഷാര്‍ ശ്രമം നടത്തിയിരുന്നു. എന്നാൽ മുഴുവൻ തുകയും നൽകിയാൽ മാത്രമേ കേസ് പിൻവലിക്കൂയെന്ന് നാസിൽ നിലപാട് സ്വീകരിച്ചതോടെ ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെടുകയായിരുന്നു. പണം നൽകുമെന്ന തുഷാറിന്റെ വാക്ക് വിശ്വസിച്ച് പലർക്കും താൻ ചെക്കുകൾ നൽകിയെന്നും എന്നാൽ അക്കാരണത്താൽ തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നെന്നും നാസിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം തുഷാറിനെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചന നൽകുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്