ആപ്പ്ജില്ല

സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്

സ്വദേശി വത്കരണം ആരംഭിച്ചതോടെയാണ് സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽനിന്നും വിദേശ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

Samayam Malayalam 30 Jul 2019, 9:43 pm
റിയാദ്: സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണത്തിൽ കുറവ്. സ്വദേശി വത്കരണം ശക്തമായതോടെയാണ് വിദേശ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
Samayam Malayalam teacher


2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 1.80 ലക്ഷം പേർ സ്വദേശികളാണ്. ഒരു വർഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 43 ശതമാനത്തോളമാണ് വർദ്ധിച്ചിരിക്കുന്നത്. സൗദി മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 1.15 ലക്ഷം സ്ത്രീകളാണ് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് ജോലിചെയ്യുന്നത്. വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 16 ശതമാനം മാത്രമാണ്.

സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ്, സൂപ്പർവൈസിംഗ് ജോലികളും സ്റ്റുഡന്റ്‌സ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ജോലികളിലും ഈ അധ്യയനവർഷം ആദ്യ ടേം അവസാനിക്കുന്നതിനു മുമ്പുതന്നെ സ്വദേശിവൽക്കരണം പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹോട്ടൽ മേഖലയിൽ സ്വദേശി വത്കരണം നിർബന്ധമാക്കുന്നതായി കഴിഞ്ഞ ദിവസം സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നു. ത്രീ സ്റ്റാറിനും അതിനു മുകളിലേക്കും നിലവാരമുള്ള ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നിവയിലായിരിക്കും സ്വദേശിവത്കരണം നടത്തുക.

മൂന്ന് ഘട്ടങ്ങളിലായാണ് ഹോട്ടൽ മേഖലയിൽ സ്വദേശി വത്കരണം നടത്തുകയെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്ഹി പറഞ്ഞിരുന്നു. ഡിപ്പാർട്ട്മെന്റുകളും സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽപ്പെടുന്ന ജോലികളും വരുന്ന ഡിസംബർ 27 മുതൽ സ്വദേശിവത്കരിക്കും. അസി മാനേജർ തസ്തികയിൽ അടുത്ത വർഷം ജൂൺ 22 മുതലും മാനേജർ തസ്തികയിൽ 2010 ഡിസംബർ 16 മുതലും സ്വദേശി വത്കരണം ആരംഭിക്കും.

ഉന്നത വിദ്യാഭ്യാസമുള്ള സൗദി യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ തൊഴിൽ സാമൂഹിക മന്ത്രാലയം ശ്രമിക്കുകയാണ്. സ്വദേശിവത്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി അഹമ്മദ് അൽ രാജ്ഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സ്വദേശി വത്കരണം തീരുമാനിച്ചിരിക്കുന്ന തൊഴിൽ മേഖലകളിൽ വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതിനും വിലക്കുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്