ആപ്പ്ജില്ല

ഇത് വെറുമൊരു സംഖ്യയല്ല! കൊവിഡ് ഇരകൾക്കായി ഒന്നാം പേജ് മാറ്റിവെച്ച് ന്യൂയോർക്ക് ടൈംസ്

യുഎസിൽ കൊവിഡ് മരണം ഒരു ലക്ഷത്തിനോട് അടുക്കുമ്പോഴാണ് ഞായറാഴ്ച ദിവസത്തെ പത്രത്തിൻ്റെ മുൻപേജ് മുഴുവനായി ന്യൂയോര്‍ക്ക് ടൈംസ് കൊവിഡ് ഇരകള്‍ക്കായി നീക്കി വെച്ചത്.

Samayam Malayalam 24 May 2020, 1:34 pm
ന്യൂയോ‍ര്‍ക്ക്: യുഎസിൽ കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുമ്പോള്‍ ഞായറാഴ്ചത്തെ പത്രത്തിൻ്റെ മുൻപേജ് മുഴുവനായി കൊവിഡ്-19 ഇരകളുടെ പേരുവിവരങ്ങള്‍ക്കായി മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം. കൊവിഡ് ബാധിച്ച് രാജ്യമെമ്പാടും മരിച്ചവരുടെ വിവരങ്ങളാണ് പത്രം മുൻപേജിൽ തന്നെ ചേര്‍ത്തത്.
Samayam Malayalam ന്യൂയോർക്ക് ടൈംസ് പത്രത്തിൻ്റെ മുൻപേജ്
ന്യൂയോർക്ക് ടൈംസ് പത്രത്തിൻ്റെ മുൻപേജ്


മരണം ഒരു ലക്ഷത്തിനടുത്ത്, കണക്കുകൂട്ടാനാകാത്ത നഷ്ടം എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഇതിനു താഴെയായി ആറു കോളങ്ങളിലായി മരിച്ചവരുടെ പേരുകളും ചെറുവിവരണവും ചേര്‍ക്കുകയായിരുന്നു. അവര്‍ പട്ടികയിലെ വെറും പേരുകള്‍ മാത്രമല്ല, അവര്‍ നമ്മളാണ് എന്നും വാര്‍ത്തയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Also Read: 'ഉത്രയുടെ മരണം കൊലപാതകം'; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

സാധാരണ ഗതിയിൽ സുപ്രധാന വാര്‍ത്തകളും ചിത്രങ്ങളും കൊണ്ടു നിറയേണ്ട മുൻപേജിൽ തന്നെ കൊവിഡ്-19 ബാധിച്ചു മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പത്രത്തിൻ്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.


ജോൺസ് ഹോപ്കിൻസ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം യുഎസിൽ ഇതുവരെ 96,000 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ലോകത്ത് ഏറ്റവും രൂക്ഷമായ കൊവിഡ് ബാധയുള്ള യുഎസിൽ ഇതുവരെ 16.6 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് മരണനിരക്ക് നേരിയ തോതിൽ മാത്രമാണ് കുറഞ്ഞതെങ്കിലും യുഎസിൽ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് ഭരണകൂടം. രാജ്യത്ത് ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കണമെന്ന് ഡോണള്‍ഡ് ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ലോകത്തെ മൊത്തം കൊവിഡ് മരണങ്ങൾ 344,196 പിന്നിട്ടെന്നാണ് വേൾഡോമീറ്ററിൻ്റെ കണക്ക്. ലോകത്ത് നിലവിൽ 28 ലക്ഷത്തിലധികം ആക്ടീവ് കേസുകളുണ്ട്. യുഎസിനു പിന്നാലെ ബ്രസീലും റഷ്യയുമാണ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്