ആപ്പ്ജില്ല

കൊവിഡ്-19: ലോക്ക് ഡൗണില്ല; ജപ്പാനില്‍ അടിയന്തരാവസ്ഥ ഫലപ്രദമോ?

ലോകത്ത് വൈറസ് പടരുന്ന രാജ്യങ്ങളെല്ലാം പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ജപ്പാന്‍ ലോക്ക് ഡൗണിന് പകരം അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്നാം ദിവസമെത്തുമ്പോള്‍ അടിയന്തരാവസ്ഥ ഫലപ്രദമാകുന്നില്ലെന്ന സൂചനയാണ്.

Samayam Malayalam 10 Apr 2020, 11:36 am
ടോക്കിയോ: കൊവിഡ്-19 മഹാമാരി ലോകമെങ്ങും വ്യാപിച്ചിരിക്കുകയാണ്. 85000-ലധികം ആളുകള്‍ വിവിധ രാജ്യങ്ങളിലായി ഇതിനകം മരിച്ചുകഴഞ്ഞു. 15 ലക്ഷത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. കൊറോണയെന്ന മാരക വൈറസിനെതിരായ യുദ്ധത്തിലാണ് ലോകം. വൈറസിനെ തുരത്താനുള്ള പ്രധാന ആയുധം സാമൂഹിക അകലം പാലിക്കുകയെന്നതാണ്. അതിനായി ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിക്കുകയാണ് രാജ്യങ്ങള്‍. ലോകത്ത് വൈറസ് പടരുന്ന രാജ്യങ്ങളെല്ലാം പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു രാജ്യം മാത്രം വൈറസ് ഭീഷണിയുണ്ടെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. പകരം അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. ജപ്പാനാണ് ഈ വ്യത്യസ്‍ത രാജ്യം. എന്നാല്‍ ജനങ്ങള്‍ നിര്‍ദേശങ്ങളും അഭ്യര്‍ഥനകളും കൃത്യമായി പാലിക്കാത്തതിനാല്‍ അടിയന്തരാവസ്ഥ ഫലപ്രദമാകുന്നില്ലെന്ന സൂചനയാണ് മൂന്നാം ദിവസമെത്തുമ്പോള്‍. അതിനാല്‍ നടപടികള്‍ കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് ജപ്പാന്‍ സര്‍ക്കാര്‍.
Samayam Malayalam covid 19 why japan imposed state of emergency as other countries announced lockdown
കൊവിഡ്-19: ലോക്ക് ഡൗണില്ല; ജപ്പാനില്‍ അടിയന്തരാവസ്ഥ ഫലപ്രദമോ?


എന്തുകൊണ്ട് അടിയന്തരാവസ്ഥ?

രാജ്യതലസ്ഥാനമായ ടോക്കിയോയിലും വൈറസ് പടരുന്ന മറ്റ് ആറ് പ്രവിശ്യകളിലുമാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷന്‍സൊ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ചൈനയിലെ വുഹാനിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രഖ്യാപിച്ചതുപോലെയുള്ള ലോക്ക് ഡൗണല്ല. ടോക്കിയോയില്‍ ഒരാഴ്‍ചകൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിയലധികമായത്. വൈറസ് പടരുന്ന പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപമാക്കി വ്യാപനം തടയാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതിരോധ നടപടി ശക്തമാക്കിയത്. ക്ലബ്ബുകളില്‍ നിന്നും ആഘോഷകേന്ദ്രങ്ങളില്‍നിന്നുമാണ് രോഗം പര്‍ന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ടോക്കിയോ അടച്ചുപൂട്ടുമോ?

ചൊവ്വാഴ്‍ച പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ടോക്കിയോ നഗരം അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കും. കഠിനമായ നിയന്ത്രണങ്ങളൊന്നും അടിയന്തരാവസ്ഥയുടെ ഭാഗമായി ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ച് വൈറസ് പടരുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും വുഹാനിലുമുള്ളതുപോലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ജനങ്ങളോടുള്ള സര്‍ക്കാരിന്‍റെ അഭ്യര്‍ഥനയും നിര്‍ദേശങ്ങളുമാണ്. അവ ലംഘിക്കുന്നവരെ ശിക്ഷിക്കില്ല. പകരം അവരോട് അവശ്യ സാധനങ്ങളും മരുന്നുകളും ശേഖരിക്കാനും വിതരണം ചെയ്യാനും സഹായിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുക.

പൗരന്‍മാരുടെ സ്വാതന്ത്ര്യമാണ് പ്രധാനം

ലോകത്ത് എല്ലാ രാജ്യങ്ങളും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടികളെക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ജപ്പാന്‍ അത്ര കര്‍ശനമല്ലാത്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാതിരിക്കില്ല. അതിനുത്തരം ജപ്പാന്‍റെ ചരിത്രം തന്നെയാണ്. രണ്ടാം ലോകയുദ്ധത്തിന് മുമ്പും യുദ്ധകാലത്തും ഫാസിസ്റ്റ് സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തല്‍ നേരിട്ട ജനതയാണ് ജപ്പാനിലേത്. യുദ്ധാനന്തരം രൂപംനല്‍കിയ രാജ്യത്തിന്‍റെ ഭരണഘടന പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിനാല്‍ ആബെ സര്‍ക്കാരിന് കൂടുതല്‍ കഠിനമായ നിയന്ത്രണങ്ങളിലേക്ക് പോകാനാകില്ല.

അടിയന്തരാവസ്ഥ എന്നാല്‍ ഇങ്ങനെയാണ്

ആളുകളുടെ മേല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നതാണ് ജപ്പാനിലെ അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രവിശ്യാ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെടാം. സ്‍കൂളുകളും ശിശുകേന്ദ്രങ്ങളും വൃദ്ധ മന്ദിരങ്ങളും വ്യാപാരസ്ഥാപനങ്ങളും അവശ്യസേവനങ്ങളല്ലാത്ത മറ്റുള്ളവയും അടച്ചിടാന്‍ നിര്‍ദേശിക്കാം. പരിപാടികള്‍ മാറ്റിവെക്കാന്‍ സംഘടാകരോട് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. പുതിയ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാന്‍ സ്വകാര്യ സ്ഥലങ്ങള്‍ ഉടമയുടെ അനുവാദത്തോടെ ഉപയോഗിക്കാനും ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.

അടിയന്തരാവസ്ഥയില്‍ പുറത്തിറങ്ങാമോ?

ആളുകളോട് വീടുകളില്‍ കഴിയണമെന്ന് നിര്‍ദേശിക്കുമെങ്കിലും പുറത്തിറങ്ങുന്നതിന് വിലക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കായി ആളുകള്‍ക്ക് പുറത്തുപോകാം. ജോലിസ്ഥലത്തേക്കും ആശുപത്രികളിലേക്കും കടകളിലേക്കും പോകുന്നതിന് തടസ്സമില്ല. ആളുകള്‍ക്ക് പൊതുസ്ഥലത്ത് നടക്കാനും വ്യായാമത്തിനും പോകാം. ബാങ്കുകള്‍, പലചരക്ക് കടകള്‍, പോസ്റ്റല്‍ സര്‍വീസ്, ഫാര്‍മസികള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. സിനിമാ തിയേറ്ററുകളും സംഗീത ഹാളുകളും വിനോദ കേന്ദ്രങ്ങളും തുറക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ല. എന്നാല്‍ സാഹചര്യം പരിഗണിച്ച് പ്രദേശിക ഭരണകൂടങ്ങള്‍ക്ക് ഇവ അടച്ചിടാന്‍ ആവശ്യപ്പെടാം. ടോക്കിയോയിലും സമീപ പ്രദേശങ്ങളിലെയും സ്‍കൂളുകള്‍ മെയ് മാസം വരെ അടച്ചിരിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിന് അടിയന്തരാവസ്ഥ മതിയോ?

ആളുകള്‍ വീട്ടില്‍ കഴിയണമെന്നും മറ്റുള്ളവരുമായി ഇടപെടുന്നത് 80 ശതമാനം വരെ കുറയ്ക്കണമെന്നും പ്രധാനമന്ത്രി ഷിന്‍സൊ ആബെ ബുധനാഴ്‍ചയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ആളുകള്‍ വീട്ടിലിരിക്കുന്നില്ലെന്നാണ് കരുതേണ്ടത്. ടോക്കിയോയിലെ ഷിബുയ മാര്‍ക്കറ്റ് സാധാരണ നിലയില്‍ തന്നെയാണ് അടിയന്തരാവസ്ഥയുടെ ആദ്യദിങ്ങളില്‍ പ്രവര്‍ത്തിച്ചത്. ട്രെയിനുകളില്‍ തിരക്കിന് കുറവില്ല. ടോക്കിയോയുടെ മറ്റു ഭാഗങ്ങളിലും ജനങ്ങളുടെ തിരക്കുണ്ടായിരുന്നു. സര്‍ക്കാരിന്‍റെ നിര്‍ദേശം അനുസരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും. ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പുറത്തിറങ്ങാതെ വെയ്യെന്ന് വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന അകിഹിതോ അമിനാക പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്