ആപ്പ്ജില്ല

കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട സാമുവലിന് മരണാനന്തര ബഹുമതി; നിലപാട് കടുപ്പിച്ച് മാക്രോൺ, അറസ്‌റ്റും റെയ്‌ഡും വ്യാപകമാക്കി പോലീസ്

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുത്ത ചടങ്ങിലാണ് സാമുവൽ പാറ്റിക്ക് സർക്കാർ മരണാനന്തര ബഹുമതി നൽകിയത്. സ്ത്രീകളടക്കം നൂറ് കണക്കിനാളുകളാണ് സോർബോൺ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്

Samayam Malayalam 22 Oct 2020, 9:59 am
പാരീസ്: പ്രവാചകൻ്റെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്നതിൻ്റെ പേരിൽ ഫ്രാൻസിൽ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട അധ്യാപകൻ സാമുവൽ പാറ്റിക്ക്(47) സർക്കാർ 'ലെജിയൻ ഓഫ് ഓണർ' സമ്മാനിച്ചു. സോർബോൺ സർവകലാശാലയിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ് സാമുവലിന് മരണാനന്തര ബഹുമതി നൽകിയത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നയാൾ മരിച്ചു; സംഭവം ബ്രസീലിൽ

യൂറോപ്പിൻ്റെ മതേതര, ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിച്ചതിൻ്റെ പേരിലാണ് സാമുവൽ കൊല ചെയ്യപ്പെട്ടതെന്ന് മാക്രോൺ പറഞ്ഞു. കാർട്ടൂണുകൾ ഉപേക്ഷിക്കാൻ ഒരിക്കലും തയ്യാറകില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 400ലധികം ആളുകൾ പങ്കെടുത്തു. ഫ്രാൻസിന്റെ ഉന്നത സിവിൽ അവാർഡാണ് 'ലെജിയൻ ഓഫ് ഓണർ'.

സാമുവലിൻ്റെ കൊലയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഉന്നമിട്ടായിരുന്നു ബുധനാഴ്‌ച നടന്ന ചടങ്ങിലെ പ്രസിഡൻ്റിൻ്റെ പ്രസംഗം. അധ്യാപകൻ്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം ശക്തമാണ്. ഇതുവരെ അറസ്‌റ്റിലായ 16 പേരിൽ 9 പേരെ ചൊവ്വാഴ്‌ച കസ്‌റ്റഡിയിൽ വിട്ടു. കൊല നടത്തിയ 18കാരനായ എ അബ്‌ദൗലഖിൻ്റെ കുടുംബത്തിൽ നിന്നുള്ള നാല് പേരും മൂന്ന് വിദ്യാർഥികളും അറസ്‌റ്റിലായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ് തുടരുകയാണ്. പാരീസിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പള്ളി ആറ് മാസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

സാമുവലിൻ്റെ കൊലപാതകത്തിൽ പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ അനുകൂലിക്കുന്ന ഒരു ഗ്രൂപ്പാണെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ ഗ്രൂപ്പിനെ പിരിച്ച് വിടാൻ മാക്രോൺ നിർദേശം നൽകിയിരുന്നു. സംഭവം 'ഇസ്ലാമിക ഭീകരാക്രമണ'മാണെന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡൻ്റ് സാമുവൽ വധിക്കപ്പെടാൻ കാരണം ആവിഷ്കാര സ്വാതന്ത്ര്യം പഠിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: 'ഒന്നും രണ്ടുമല്ല, മലയാളിക്ക് ഏഴ് കോടിയുടെ മഹാഭാഗ്യം'; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിച്ച് അനൂപ്

മോസ്കോയിൽ ജനിച്ച ചെചെൻ വംശജനാണ് അധ്യാപകനെ കൊലപ്പെടുത്തിയ അബ്‌ദൗലഖ്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് 100 കിലോമീറ്ററോളം മാറി ഐവറൂ എന്ന പട്ടണത്തിൽ ജീവിച്ചിരുന്ന ഇയാള്‍ക്ക് സാമുവൽ പെറ്റിയെയോ ഈ സ്കൂളുമായോ യാതൊരു മുൻപരിചയവും ഇല്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ പിന്നീട് പോലീസ് വെടിവച്ച് കൊന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്