ആപ്പ്ജില്ല

അനാക് ക്രാക്കത്തൗ: നിഗൂഢതയുടെ അഗ്നിപര്‍വ്വതം

ക്രാക്കത്തൗ: ഇന്തോനേഷ്യ സുനാമിയുടെ നിഗൂഢ അഗ്നിപര്‍വ്വതം

Samayam Malayalam 24 Dec 2018, 6:34 pm
ഇന്തോനേഷ്യയില്‍ 281 പേര്‍ കൊല്ലപ്പെട്ട സുനാമിത്തിരകള്‍ക്ക് തുടക്കമിട്ടത് അനാക് ക്രാക്കത്തൗ എന്ന അഗ്നിപര്‍വ്വത ദ്വീപാണ്. ജാവ കടലിലെ ഈ ദ്വീപില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനവും മണ്ണിടിച്ചിലുമാണ് ഇന്തോനേഷ്യയില്‍ അപകടം വിതച്ചതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കരുതുന്നത്. പലകാരണങ്ങള്‍കൊണ്ടും ഭൂമിയിലെ ഏറ്റവും അപകടകരമായ അഗ്നിപര്‍വ്വത പ്രദേശങ്ങളിലൊന്നാണ് അനാക് ക്രാക്കത്തൗ.
Samayam Malayalam Anak Krakatau
അനാക് ക്രാക്കത്തൗ അഗ്നിപർവ്വതം


ഇന്തോനേഷ്യയുടെ ഭാഗമായ ജാവ - സുമാത്ര കടലിടുക്കില്‍ ആണ് സജീവ അഗ്നിപര്‍വ്വതമായ ക്രാക്കത്തൗ സ്ഥിതി ചെയ്യുന്നത്. ക്രൗക്കത്തൗവില്‍ ഉണ്ടായ സ്ഥോടനത്തിന്‍റെ ഫലമായി 1927ല്‍ തനിയെ ഉയര്‍ന്നുവന്ന അഗ്നിപര്‍വ്വത ദ്വീപമാണ് അനാക് ക്രാക്കത്തൗ. പ്രാദേശിക ഭാഷയില്‍ ക്രാക്കത്തൗ അഗ്നിപര്‍വതത്തിന്‍റെ കുഞ്ഞ് എന്നാണ് ഈ പേരിന് അര്‍ഥം.

ജാവ, സുമാത്ര ദ്വീപുകള്‍ക്ക് ഇടയില്‍ അനാക് ക്രാക്കത്തൗ അഗ്നിപര്‍വ്വതം. Google Maps


നിഗൂഢമായ ക്രാക്കത്തൗ അഗ്നിപര്‍വ്വതത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഫോടനം 1883ല്‍ ആണെന്ന് കരുതപ്പെടുന്നു. 1883 ഓഗസ്റ്റില്‍ ക്രാക്കത്തോവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 100 അടിക്ക് മുകളില്‍ ഉയരമുള്ള സുനാമിത്തിരകളാണ് അന്ന് ഈ അഗ്നിപര്‍വ്വതം കാരണം കടലില്‍ ഉണ്ടായത്. ഏകദേശം 36,000 പേര്‍ അന്ന് കൊല്ലപ്പെട്ടു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉയര്‍ന്ന ചാരവും പുകയും 20 കിലോമീറ്റര്‍ ഉയരത്തില്‍ കാണപ്പെട്ടു.


വലിയതോതിലുള്ള സ്ഫോടനത്തിന് ഉപയോഗിക്കുന്ന ടിഎന്‍ടി സ്ഫോടകവസ്‍തുവിന്‍റെ 200 മെഗാടണ്‍ സ്ഫോടനത്തിന് തുല്യമായ പ്രഹരമാണ് അന്നുണ്ടായത്. 1945ല്‍ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിന്‍റെ 13,000 മടങ്ങ് ആയിരുന്നു ഇതിന്‍റെ ശക്തി. ഈ ഉഗ്രസ്ഥോടനം 4500 കിലോമീറ്റര്‍ അകലെ മൗറിഷ്യസില്‍ പ്രകമ്പനം സൃഷ്‍ടിച്ചു. രണ്ട് ദിവസങ്ങള്‍ കടുത്ത പുകയും ഇരുട്ടും ഇന്തോനേഷ്യയില്‍ സൂര്യനെ മറച്ചുപിടിച്ചു.

ഭൂമിയിലെ മറ്റുപ്രദേശങ്ങളിലും സൂര്യോദയങ്ങളും സൂര്യാസ്‍തമയങ്ങളും സാധാരണയില്‍ നിന്ന് വ്യത്യസ്‍തമായ കാഴ്‍ച്ചയായി. ഭൂമിയിലെ മൊത്തം താപനിലയില്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് രേഖപ്പെടുത്തി. ക്രാക്കത്തോവ ദ്വീപ് എതാണ്ട് പൂര്‍ണമായും ഇല്ലാതായി.

വിഖ്യാത ചിത്രകാരന്‍ എഡ്വേഡ്‍ മഞ്ചിന്‍റെ ദി സ്ക്രീം എന്ന പെയിന്‍റിങ്‍ 1883ലെ ക്രാക്കത്തോവ സ്ഫോടനത്തിന് ശേഷമുള്ള യൂറോപ്പിലെ ആകാശമാണെന്ന് കരുതുന്നവരുണ്ട്. വിഖ്യാതമായ 'ദി സ്ക്രീം' 120 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ചിത്രമാണ്.

എഡ്വേഡ്‍ മഞ്ചിന്‍റെ പെയിന്‍റിങ്‍, ദി സ്ക്രീം


ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്ഥോടനങ്ങളും ഇന്തോനേഷ്യന്‍ ദ്വീപസമൂഹം ഇത്തരം അപകടങ്ങള്‍ക്ക് സ്ഥിരം വേദിയാണ്. 130 അഗ്നിപര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഈ മേഖല പസിഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയര്‍' എന്നാണ് അറിയപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്