ആപ്പ്ജില്ല

തടവിലാക്കിയ ഗവേഷകരെ മോചിപ്പിച്ച് ഇറാനും അമേരിക്കയും; ഒരുമിച്ച് നീങ്ങാമെന്ന് ട്രംപ്

സ്വിറ്റ്സര്‍ലന്‍ഡിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇറാനും യുഎസും സൂറിച്ചില്‍ വെച്ച് ഗവേഷകരെ കൈമാറിയത്.

Samayam Malayalam 8 Dec 2019, 12:10 pm


ടെഹ്റാന്‍: ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി തടവുകാരെ മോചിപ്പിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് ഇറാന്‍ തടവിലാക്കിയിരുന്ന ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ സിയു വാങ്ങിനെ ഇറാന്‍ മോചിപ്പിച്ചു. ഇതിന് പകരമായി യുഎസ് തടവിലുണ്ടായിരുന്ന ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ മസൂദ് സുലൈമാനിയെയും മോചിപ്പിച്ചു.

മൂന്ന് വര്‍ഷം മുമ്പാണ് സിയു വാങ്ങിനെ ഇറാന്‍ അറസ്റ്റ് ചെയ്‍തത്. സിയു വാങ് അമേരിക്കയിലേക്ക് ഉടനെയെത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മസൂദ് സുലൈമാനിയെ മോചിപ്പിച്ച കാര്യം ഇറാന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു.

Also Read ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തിന്‍റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു

സ്വിറ്റ്സര്‍ലന്‍ഡിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗവേഷകരുടെ മോചനം യാഥാര്‍ഥ്യമായത്. സൂറിച്ചില്‍ വെച്ചാണ് ഗവേഷകരെ ഇറാനും യുഎസും പരസ്‍‍പരം കൈമാറിയത്.

വാങ്ങിന്‍റെ മോചനത്തിന് സഹായിച്ച സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന് നന്ദി പറുയുന്നതായി ട്രംപ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ തടവിലായിരിക്കുന്ന യുഎസ് പൗരന്‍മാരെ തിരികെയെത്തിക്കുന്നതിനാണ് തന്‍റെ സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനും അമേരിക്കയ്ക്കും ഒരുമിച്ച് പ്രവ‍ര്‍ത്തിക്കാന്‍ ധാരണയുണ്ടാക്കാമെന്ന് ട്രംപ് ട്വീറ്റ് ചെയ്‍തു.

Also Read ഇറാഖ് പുകയുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടു

വൈകാതെ തന്നെ പ്രൊഫസര്‍ മസൂദ് സുലൈമാനിയും സിയു വാങ്ങും അവരവരുടെ കുടുംബത്തോടൊപ്പം ചേരുമെന്നതില്‍ ആഹ്ളാദമുണ്ടെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് ട്വീറ്റ് ചെയ്‍തു. ഇരുവുരുടെയും മോചനം സാധ്യമാക്കിയ സ്വിസ് സര്‍ക്കാരിനം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയെന്നും സരിഫ് കുറിച്ചു. ഇറാനിയന്‍ വിമാനത്തില്‍ സുലൈമാനിയും താനും സംസാരിക്കുന്നതിന്‍റെ ചിത്രവും സരിഫ് പോസ്റ്റ് ചെയ്‍തു.


ആണവകരാറില്‍ നിന്ന് പിന്‍മാറാന്‍ 2018-ല്‍ ട്രംപ് തീരുമാനിച്ചത് മുതല്‍ യുഎസും ഇറാനും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമാണ്. അതിനുശേഷം യുഎസ് ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളും ചുമത്തി. ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ ഇറാനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുകയായിരുന്നു ട്രംപിന്‍റെ ലക്ഷ്യം.

Also Read ആ മനോഹര രംഗം കാണാന്‍ അവന്‍ കൂട്ടുകാരെ മുഴുവന്‍ വിളിച്ചു; കണ്ണുനനയിക്കും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി

രാജ്യത്തേക്ക് നുഴഞ്ഞുകയറി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 10 വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു സിയു വാങ്ങിന് ഇറാന്‍ വിധിച്ചത്. 2016 ഓഗസ്റ്റിലാണ് വാങ്ങ് അറസ്റ്റിലായത്. വാങ്ങിന്‍റെ കുടുംബവും അദ്ദേഹം ഗവേഷണം നടത്തുന്ന പ്രിന്‍സ്‍ടണ്‍ യുണിവേഴ്‍സിറ്റിയും ആരോപണം നിഷേധിച്ചിരുന്നു.

മൂലകോശം സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മസൂദ് സുലൈമാനിയെ വ്യാപാര ഉപരോധം മറികടന്ന് ഗവേഷണത്തിനാവശ്യമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുഎസ് അറസ്റ്റ് ചെയ്‍തത്. എന്നാല്‍ ആരോപണം സുലൈമാനി നിഷേധിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്