ആപ്പ്ജില്ല

ഗ്യാസ് അടുപ്പുകൾ പൊട്ടിത്തെറിച്ചു; ട്രെയിനിന് തീപിടിച്ച് പാക്കിസ്ഥാനിൽ 74 മരണം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് വൻ ദുരന്തമുണ്ടായത്. യാത്രക്കാര്‍ ട്രെയിൻ യാത്രയ്ക്കിടെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെ രണ്ട് സ്റ്റൗകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Samayam Malayalam 31 Oct 2019, 9:03 pm
ഇസ്ലാമാബാദ്: ട്രെയിനിനുള്ളിൽ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് പാക്കിസ്ഥാനിലുണ്ടായ അപകടത്തിൽ മരണം 74ആയി. ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാര്‍ ഉപയോഗിച്ച ഗ്യാസ് സ്റ്റൗകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള റഹിം യാര്‍ ഖാൻ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പാക് ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam train fire


അപകടത്തിൽ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. പാചകത്തിന് ഉപയോഗിക്കുകയായിരുന്ന രണ്ട് ഗ്യാസ് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണ കൂടി ഇതിലേയ്ക്ക് വീണതോടെ തീ കത്തിപ്പടരുകയായിരുന്നുവെന്നും പാക് റയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനെ ഉദ്ധരിച്ച് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.


ലിയാഖ്വത്പൂര്‍ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ട്രെയിനിന് തീപിടിച്ചതോടെ പുറത്തേയ്ക്ക് എടുത്തു ചാടിയവരാണ് മരിച്ചവരിൽ ഏറെയും. അപകടത്തിൽ ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് തേസ്‍‍ഗാം ട്രെയിനിന് തീപിടിച്ചത്. തീപിടുത്തത്തിൽ ട്രെയിനിന്‍റെ രണ്ട് എക്കണമി ക്ലാസ് ബോഗികളും ഒരു ബിസിനസ് ക്ലാസ് ബോഗിയുമാണ് കത്തി നശിച്ചത്. എക്കണമി ക്ലാസ് ബോഗിയിലെ യാത്രക്കാരന്‍റെ ഗ്യാസ് സ്റ്റൗവിൽ നിന്ന് പുറപ്പെട്ട തീ മറ്റു രണ്ട് ബോഗികളിലേയ്ക്കും പടരുകയായിരുന്നു.

നിലവിൽ 10 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും 17ലധികം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയുമെന്ന് ജില്ലാ റവന്യൂ സര്‍വീസ് തലവൻ ബാഖിര്‍ സുഹൈൻ അറിയിച്ചു.

കത്തിയ ബോഗികള്‍ ട്രെയിനിൽ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, രണ്ട് മണിക്കൂറിനകം അപകടമുണ്ടായ പാതയിലെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റയിൽവേ മന്ത്രി പറഞ്ഞു. തീയണച്ചെങ്കിലും അപകടമുണ്ടായ കോച്ചുകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംഭവത്തിൽ അനുശോചനം അറിയിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിക്കേറ്റ യാത്രക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചു. പാക് സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാക്കിസ്ഥാനിലെ റെയിൽവേ ശൃംഖല സര്‍ക്കാര്‍ അനാസ്ഥ മൂലം തകര്‍ച്ചയുടെ വക്കിലാണ്. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത പാക് റയിൽവേ 2013ലും വലിയ ട്രെയിൻ അപകടത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്