ആപ്പ്ജില്ല

'കൊവിഡ് വാക്സിൻ തരാം': ഇന്ത്യയുടെ അയൽക്കാരോട് വിലപേശി ചൈന; 4 തീരുമാനങ്ങൾ

മൂന്ന് അയൽരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ ചൈനീസ് സര്‍ക്കാര്‍ കൊവിഡ്-19 പ്രതിരോധ വാക്സിൻ ഇവര്‍ക്ക് എളുപ്പത്തിൽ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തു.

Samayam Malayalam 28 Jul 2020, 4:54 pm
ബെയ്ജിങ്: കൊവിഡ്-19 മഹാമാരി അവസാനിപ്പിക്കാനായുള്ള പ്രതിരോധ വാക്സിൻ്റെ ഗവേഷണത്തിൽ ചൈന മുന്നേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അയൽരാജ്യങ്ങളുമായി നിര്‍ണായക കൂടിക്കാഴ്ചയുമായി ചൈനീസ് സര്‍ക്കാര്‍. കൊവിഡ്-19 നേരിടാനും മഹാമാരിയ്ക്കു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളാഴ്ച പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയത്. ചൈനീസ് സര്‍ക്കാര്‍ സ്ഥാപനം വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ മൂന്ന് രാജ്യങ്ങള്‍ക്കും ചൈന വാഗ്ദാനം ചെയ്തെന്നാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
Samayam Malayalam offering chinese covid 19 vaccine to pakistan nepal and afghanistan china demands support from indian neighbours
'കൊവിഡ് വാക്സിൻ തരാം': ഇന്ത്യയുടെ അയൽക്കാരോട് വിലപേശി ചൈന; 4 തീരുമാനങ്ങൾ



നാലു രാജ്യങ്ങളും ചേര്‍ന്ന് യോഗം ഇതാദ്യം

അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍, നേപ്പാളി വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി, പാക് ധനകാര്യമന്ത്രി മഖ്ദൂം ഖുസ്രോ ബഖ്തിയാര്‍ എന്നിവരാണ് ചൈനയുമായുള്ള ചര്‍ച്ചയിൽ പങ്കെടുത്തത്. കൊവിഡ്-19 മഹാമാരി നേരിടുക, സാമ്പത്തികമാന്ദ്യം മറികടക്കുക, ബെൽറ്റ് റോഡ് പദ്ധതി പുനരാരംഭിക്കുക എന്നിവയാണ് നേതാക്കള്‍ തമ്മിൽ ചര്‍ച്ച ചെയ്തത്. ചൈനീസ് നിര്‍മിക വാക്സിൻ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ചൈന പിന്തുണ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് നാല് രാജ്യങ്ങളും തമ്മിൽ സംയുക്തമായി ചര്‍ച്ച നടത്തുന്നത്.

​ലോകാരോഗ്യസംഘടനയ്ക്ക് പിന്തുണ

ലോകാരോഗ്യസംഘടനയ്ക്ക് യുഎസ് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തി വെച്ച യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് സംഘടനയിലെ അംഗത്വം യുഎസ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പേരിൽ ചൈനയെ കുറ്റപ്പെടുത്തുന്ന ട്രംപ് ഭരണകൂടം ലോകാരോഗ്യസംഘടന ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ആരോപിക്കുന്നത്. എന്നാൽ സംഘടനയെ ശക്തമായി പിന്തുണയ്ക്കണമെന്ന് ചൈന മൂന്ന് രാജ്യങ്ങളോടും ആവശ്യപ്പെട്ടു. മഹാമാരിയുടെ സാഹചര്യത്തിൽ ചൈനയും പാകിസ്ഥാനും നേരിട്ട അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ചൈനയുടെ ആവശ്യം.

വാക്സിൻ തരാമെന്ന് ചൈന

കൊവിഡ്-19 നേരിടാനുള്ള വാക്സിൻ മൂന്ന് രാജ്യങ്ങള്‍ക്കും എളുപ്പത്തിൽ ലഭ്യമാക്കുമെന്ന് നേതാക്കള്‍ക്ക് ചൈനീസ് വിദേശകാര്യമന്ത്രി വാഗ്ദാനം ചെയ്തു. ചൈനീസ് സ്ഥാപനം നിര്‍മിക്കുന്ന വാക്സിൻ ഇപ്പോള്‍ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണുള്ളത്. ഈ വാക്സിൻ മൂന്ന് അയൽരാജ്യങ്ങള്‍ക്കും എളുപ്പത്തിൽ ലഭ്യമാക്കുമെന്നാണ് ചൈനയുടെ വാഗ്ദാനം. വാക്സിൻ ലഭ്യമാക്കുന്നതിനു പുറമെ ആരോഗ്യമേഖലയിൽ മൂന്ന് രാജ്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ സഹായിക്കുമെന്നും ചൈന അറിയിച്ചു.

​​ബെൽറ്റ് റോഡ് പദ്ധതി അതിവേഗം

ദക്ഷിണേഷ്യയും യൂറോപ്പുമായും കരമാര്‍ഗം ബന്ധപ്പെടുത്തുന്ന ചൈനയുടെ വൻകിട അടിസ്ഥാന സൗകര്യപദ്ധതിയായ ബെൽറ്റ് റോഡ് പദ്ധതി തുടരാനും രാജ്യങ്ങള്‍ തമ്മിൽ ധാരണയായി. പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സപ്ലൈ ചെയിനുകള്‍ ശക്തമായി നിലനിര്‍ത്താനും ഡിജിറ്റൽ മേഖലയിൽ കൂടുതൽ വളര്‍ച്ച കൊണ്ടുവരാനും യോഗത്തിൽ ആവശ്യമുയര്‍ന്നു. ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയും ട്രാൻസ് ഹിമാലയൻ കണക്ടിവിറ്റി നെറ്റ്‍‍വര്‍ക്കും അതീവപ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു. പ്രദേശത്തെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഇടനാഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് നീട്ടുമെന്നും ചൈന അറിയിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലും നേപ്പാളിലും ചൈന നടത്തുന്ന നിക്ഷേപങ്ങള്‍ ഇന്ത്യ അതീവജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ചൈന - പാകിസ്ഥാൻ ഇടനാഴി പാക് അധീന കശ്മീരിലൂടെയും ട്രാൻസ് ഹിമാലയൻ ഹൈവേ ടിബറ്റിലൂടെയുമാണ് കടന്നു പോകുന്നത്.

​പിന്തുണയുമായി മറ്റു രാജ്യങ്ങള്‍

ചൈന മുന്നോട്ടു വെച്ച നാലിന പദ്ധതികള്‍ക്ക് മറ്റു മൂന്നു രാജ്യങ്ങളും പിന്തുണ അറിയിച്ചെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചൈന നല്‍കുന്ന മെഡിക്കൽ സഹായത്തിനും മറ്റു രാജ്യങ്ങള്‍ നന്ദി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാനും കൊവിഡ് കാലത്ത് ഒത്തൊരുമയോടെ മുന്നേറാനും രാജ്യങ്ങള്‍ തമ്മിൽ ധാരണയായി. കൊവിഡ് മഹാമാരിയെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് പാക് മന്ത്രി ആവശ്യപ്പെട്ടു. കൊവിഡിനു ശേഷമുള്ള കാലത്ത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ബെൽറ്റ് റോഡ് പദ്ധതി ഉപകാരപ്പെടുമെന്നും പാകിസ്ഥാൻ യോഗത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് കൺസൾട്ടൻസി രാജെന്ന് രമേശ് ചെന്നിത്തല

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്