ആപ്പ്ജില്ല

'രണ്ട് വിരൽ പരിശോധന' വേണ്ട; ബലാത്സംഗക്കേസുകളിലെ അശാസ്ത്രീയ രീതി ഉപേക്ഷിക്കാൻ പാകിസ്ഥാൻ

ബലാത്സംഗക്കേസുകളിൽ ഇരകളുടെ ടിഎഫ്ടി നടത്തുന്നത് മനുഷ്യത്വരഹിതവും അനാവശ്യവുമാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

Samayam Malayalam 10 Oct 2020, 5:29 pm
ലാഹോര്‍: ബലാത്സംഗക്കേസുകളിൽ ഇരകളെ വിവാദമായ 'രണ്ട് വിരൽ പരിശോധന'യ്ക്ക് വിധേയരാക്കുന്നതിനെതിരെ പാകിസ്ഥാൻ സര്‍ക്കാര്‍. ബലാത്സംഗക്കേസുകളിലെ മെഡിക്കോ ലീഗൽ പരിശോധനകളുടെ ഭാഗമായി ഇരകളെ രണ്ട് വിരൽ പരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് പാക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം നീതിന്യാ മന്ത്രാലയം അഡീഷണൽ അറ്റോര്‍ണി ജനറൽ ചൗധരി ഇഷ്തിയാഖ് അഹമ്മദ് ഖാനെ അറിയിച്ചതായും അദ്ദേഹം സര്‍ക്കാര്‍ നിലപാട് ലാഹോര്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും പാക് മാധ്യമമായ ഡോൺ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam rape
പ്രതീകാത്മക ചിത്രം


ബലാത്സംഗക്കേസുകളിൽ ഈ പരിശോധന "അശാസ്ത്രീയവും ചികിത്സാപരമായി അനാവശ്യവും അവിശ്വസനീയവുമാണ്" എന്ന ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് സര്‍ക്കാരിനോട് കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതെന്ന് ചാനൽ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിവാദമായ ഇത്തരം പരിശോധനയ്ക്കെതിരെ രണ്ട് പൊതുതാത്പര്യ ഹര്‍ജികളും പാക് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: ഇന്ത്യക്കെതിരെ അതിർത്തിയിൽ 60,000 സൈനികരെ ചൈന വിന്യസിച്ചതായി അമേരിക്ക

ബലാത്സംഗക്കേസുകളിൽ ഇരകളുടെ യോനിയിൽ ഡോക്ടര്‍ രണ്ട് വിരലുകള്‍ കടത്തി നടത്തുന്ന പരിശോധനയാണ് ടിഎഫ്ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രണ്ട് വിരൽ പരിശോധന (Two Finger Test). എന്നാൽ ഈ പരിശോധന അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരോഗ്യവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഈ പരിശോധനയ്ക്ക് വിലക്കുണ്ട്.

പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് പാര്‍ട്ടിയുടെ നാഷണൽ അംസംബ്ലി അംഗം സമര്‍പ്പിച്ച ഹര്‍ജിയും ഒരു സംഘം വനിതാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മറ്റു വിദഗ്ധരും ചേര്‍ന്ന് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയുമാണ് ലാഹോര്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ടിഎഫ്ടി "അപമാനകരവും മനുഷ്യത്വരഹിതവും സ്ത്രീകളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതു"മാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

Also Read: സൈനികർക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം; മോദിയ്ക്ക് 8400 കോടിയുടെ വിമാനം; ഇത് നീതിയാണോയെന്ന് രാഹുൽ

കന്യാത്വം പരിശോധിക്കുന്നതിനായി ടിഎഫ്ടി പരിശോധന നടത്തിയാലും തെളിവുലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാൽ ഇത് മെഡിക്കോ ലീഗൽ സര്‍ട്ടിഫിക്കറ്റ് പ്രോട്ടോകോളിൽ നിന്ന് നീക്കം ചെയ്യണമെന്നും പഞ്ചാബ് സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയര്‍ ആൻ്റ് മെഡിക്കൽ എജ്യൂക്കേഷൻ ഡിപ്പാര്‍ട്ട്മെൻ്റ് കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്