ആപ്പ്ജില്ല

ഇന്ത്യൻ സമ്മർദ്ദം ഫലം കാണുന്നു; ജെയ്ഷ് ആസ്ഥാനം പിടിച്ചെടുത്ത് പാക്കിസ്ഥാൻ

ജയ്ഷെ മുഹമ്മദ് ആസ്ഥാനം പാക് പഞ്ചാബ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്നും ഇതിന്‍റെ നിയന്ത്രണം ഒരു അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിച്ചെന്നും ആഭ്യന്തരമന്ത്രാലയം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതു രണ്ടും ഉള്‍പ്പെടുന്ന ഒരു പരിശീലന കേന്ദ്രമായിരുന്നു ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാന കേന്ദ്രം. ഇവിടെ 70 അധ്യാപകരും 600 വിദ്യാര്‍ത്ഥികളും ഉള്ളതായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ് അറിയിച്ചു.

Samayam Malayalam 22 Feb 2019, 8:51 pm

ഹൈലൈറ്റ്:

  • ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം സര്‍ക്കാര്‍ പിടിച്ചെടുത്തു
  • ഇതു സംബന്ധിച്ച തീരുമാനം ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സ്വീകരിച്ചിരുന്നു എന്ന് സൂചന
  • നടപടി അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുന്നതിനിടെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam masood_azhar.
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിൽ അന്താരാഷ്ട്രതലത്തിൽ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നടപടിയുമായി പാക്കിസ്ഥാൻ സര്‍ക്കാര്‍. പുൽവാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ആസ്ഥാനത്തിന്‍റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു. ബഹവൽപൂരിലെ ജെയ്ഷ് ആസ്ഥാനം പിടിച്ചെടുത്തതായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വ്യക്തമാക്കിയത്.
പുൽവാമ ഭീകരാക്രമണത്തിനു ഒരാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് സൂചന. മദ്രീസ്സതുൽ സാബിറും ജമാ ഇ മസ്ജിദ് സുബഹനള്ളയും അടങ്ങുന്ന ജയ്ഷെ മുഹമ്മദ് ആസ്ഥാനം പാക് പഞ്ചാബ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്നും ഇതിന്‍റെ നിയന്ത്രണം ഒരു അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിച്ചെന്നും ആഭ്യന്തരമന്ത്രാലയം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതു രണ്ടും ഉള്‍പ്പെടുന്ന ഒരു പരിശീലന കേന്ദ്രമായിരുന്നു ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാന കേന്ദ്രം. ഇവിടെ 70 അധ്യാപകരും 600 വിദ്യാര്‍ത്ഥികളും ഉള്ളതായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ് അറിയിച്ചു. പഞ്ചാബ് പോലീസ് ക്യാംപസിന് സുരക്ഷ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരസംഘടനകള്‍ക്കെതിരെയുള്ള നടപടി ശക്തിപ്പെടുത്താനും ഹാഫിസ് സയീദിന്‍റെ നേതൃത്വത്തിലുള്ള ജമാത് ഉദ് ദവായെയും ഫലാഹി ഇൻസാനിയാതിനെയും നിയന്ത്രിക്കാനും ദേശീയ സുരക്ഷാ സമിതി തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു.

പുൽവാമയിൽ ജെയ്ഷെ മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിനു പിന്നാലെ ഇതിൽ പാക്കിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. എന്നാൽ ഭീകരാക്രമണത്തിൽ പാക് സര്‍ക്കാരിന്‍റെ പങ്ക് നിഷേധിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യ ഇതു സംബന്ധിച്ച തെളിവുകള്‍ നൽകിയാൽ നടപടിയെടുക്കാമെന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച ഇന്ത്യ അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. യുഎസ്എ ഉള്‍പ്പെടെ നാൽപതിലധികം ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയും ആക്രമണത്തെ അപലപിക്കുകയും ഭീകരതയ്ക്കതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുത്തെന്ന് വ്യക്തമാക്കിക്കൊണ്ട് പാക്കിസ്ഥാൻ്റെ നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്