ആപ്പ്ജില്ല

അതിരുവിട്ട് 'യുഎസിലെ കർഷകപ്രക്ഷോഭം'; മഹാത്മാ ഗാന്ധി പ്രതിമ വികൃതമാക്കി ഖാലിസ്ഥാൻ സംഘടന

യുഎസിൽ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ് സ്ഥാപിച്ച പ്രതിമയാണ് ഖാലിസ്ഥാൻ സംഘടനകള്‍ ഉള്‍പ്പെടെ നടത്തിയ സമരത്തിനിടെ വികൃതമാക്കിയത്.

Samayam Malayalam 13 Dec 2020, 9:39 am
വാഷിങ്ടൺ: ഡൽഹിയിൽ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസിൽ നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ വികലമാക്കി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമയാണ് പ്രതിഷേധക്കാര്‍ വികൃതമാക്കിയത്. പ്രതിഷേധസ്ഥലത്ത് ഖാലിസ്ഥാനി പതാകകള്‍ കണ്ടതായും ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam Gandhi statue
പ്രതിഷേധത്തിനിടെ വികൃതമാക്കിയ ഗാന്ധി പ്രതിമ Photo: ANI


സ്പ്രേ പെയിൻ്റുകള്‍ ഉപയോഗിച്ച് എഴുതിയാണ് ശിൽപം വികൃതമാക്കിയത്. സംഭവത്തിൽ ഇന്ത്യൻ മിഷൻ യുഎസിൽ പരാതി നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ പ്രതിമ മറച്ചു സ്ഥലം വൃത്തിയാക്കി.

Also Read: സമരം കൂടുതൽ ശക്തമാക്കാന്‍ കര്‍ഷകര്‍; ഇന്ന് ഡൽഹി ജയ്പൂര്‍ പാത അടയ്ക്കും

മെട്രോപോളിറ്റൻ പോലീസിനും നാഷണൽ പാര്‍ക്ക് പോലീസിനുമണ് ഇന്ത്യൻ എംബസി പരാതി നല്‍കിയത്. യുഎസ് ആഭ്യന്തര വകുപ്പിനും ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയ്ക്കും വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവം ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബീഗൺ മാപ്പ് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യൻ അംബാസഡര്‍ തരൺജീത് സിങ് സന്ധുവുമായി ചേര്‍ന്ന് അദ്ദേഹം വൃത്തിയാക്കിയ ശിൽപം വീണ്ടും ഉദ്ഘാടനം ചെയ്തു.

2000 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ് യുഎസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. അന്നത്തെ യുഎസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റണൊപ്പമായിരുന്നു പ്രതിമയുടെ അനാച്ഛാദനം.

Also Read: ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ചു

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോഴാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. മുൻപും വിദേശത്തു നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഞ്ചാബ് കേന്ദ്രമായി സിഖുകാര്‍ക്ക് മാത്രമായി പ്രത്യേക രാജ്യം രൂപീകരിക്കണമെന്നാണ് ഖാലിസ്ഥാൻ സംഘടനകളുടെ ആവശ്യം. കര്‍ഷകര്‍ക്ക് അനുകൂലമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടത്തിയ സമരത്തിലും ഖാലിസ്ഥാനി പതാകകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തിപ്പെടുന്ന പശ്ചാത്തലത്തിലും കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി മോദിയും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും രംഗത്തെത്തി. പതിനേഴു ദിവസമായി ഡൽഹിയിലേയ്ക്കുള്ള ഹൈവേകളിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്