ആപ്പ്ജില്ല

നൊബേൽ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുള്ള ഡെസ്മണ്ട് ടുട്ടു നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്.

Samayam Malayalam 26 Dec 2021, 2:14 pm
കേപ്ടൗൺ: സമാധാനത്തിനുള്ള നൊബേൽ ജേതാവും ദക്ഷിണാഫ്രിക്കൻ ആര്‍ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. മനുഷ്യവകാശ പ്രവര്‍ത്തകനായ ഡെസ്മണ്ട് ടുട്ടു വര്‍ണവിവേചനത്തിനെതിരെ നിരവധി സമരങ്ങള്‍ നയിക്കുകയും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam Desmond Tutu
ആർച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു Photo: AP/File


ദക്ഷിണാഫ്രിക്കയുടെ ധാർമിക മുഖമെന്ന് അറിയപ്പെട്ട ഡെസ്മണ്ട് ടുട്ടുവിൻ്റെനിര്യാണത്തിൽ പ്രസിഡൻ്റ് സിറിൾ റാമഫോസ അനുശോചിച്ചു. "ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിൻ്റെ മരണം രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ദക്ഷിണാഫ്രിക്കക്കാരുടെ നഷ്ടങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്." ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.

1990കളിലാണ് ആംഗ്ലിക്കൻ സഭയിലെ ആർച്ച്ബിഷപ്പായ ഡെസ്മണ്ട് ടുട്ടുവിന് പ്രോസ്റ്റേറ്റ് ക്യാൻസര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗത്തിനുള്ള ചികിത്സയിലായിരുന്നു ടുട്ടു. ഇതിനിടെ സമീപകാലത്താണ് ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പല വട്ടം ആശുപത്രിവാസവും വേണ്ടി വന്നിരുന്നു. കേപ് ടൗണിലെ ഒയാസിസ് ഫ്രെയിൽ സെൻ്ററിൽ വെച്ചായിരുന്നു ഡെസ്മണ്ട് ടുട്ടുവിൻ്റെ അന്ത്യം. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുടുംബം പുറത്തു വിട്ടിട്ടില്ല.

Also Read: കിറ്റക്സ് സംഘർഷം: കർശന നടപടിയെന്ന് ശ്രീനിജൻ; യാദൃശ്ചികമെന്ന് സാബു

ജോഹന്നാസ്ബെര്‍ഗിൽ നിന്ന് 160 കിലോമീറ്റര്‍ അകലെ കാര്‍ഷികമേഖലയായ ക്ലെര്‍ക്സ്ഡോര്‍പ്പിലാണ് ഡെസ്മണ്ട് ടുടു ജനിച്ചത്. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വൈദികവൃത്തി തെരഞ്ഞെടുക്കുകയായിരുന്നു. ലണ്ടൻ സര്‍വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ എംഎ ബിരുദം നേടിയ ടുട്ടു പിന്നീട് ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാനിയായി ഉയരുകയായിരുന്നു. അക്കാലത്താണ് അദ്ദേഹം അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാകുന്നതും. തുടർന്ന് 1984ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.

Also Read: കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല; പ്രചാരണം തള്ളി കേന്ദ്ര കൃഷിമന്ത്രി

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഉപരോധത്തെ സ്വാഗതം ചെയ്ത ഡെസ്മണ്ട് ടുട്ടുവിനെ രാജ്യത്തെ വംശീയവിദ്വേഷത്തിനെതിരെ പോരാടുന്നവര്‍ ഒറ്റുകാരനായാണ് കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ 20 വര്‍ഷമായി ദക്ഷിണാഫ്രിക്കയുടെ ഭരണരംഗത്തുള്ള ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്ന് അദ്ദേഹം എക്കാലത്തും അകലം പാലിച്ചിരുന്നു. അധിനിവേശത്തിനെതിരായ സായുധവിപ്ലവത്തെ അംഗീകരിക്കാനോ നെൽസൺ മണ്ഡലേയെപ്പോലുള്ള നേതാക്കളെ നിരുപാധികം പിന്തുണയ്ക്കാനോ ആദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം, എല്ലാ വംശത്തിലും പെട്ട ജനങ്ങള്‍ ഒരുമിച്ചു കഴിയുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകണമെന്ന നെൽസൺ മണ്ടേലയുടെ ആശയത്തെ ഡെസ്മണ്ട് ടുട്ടുവും പിന്തുണച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്