ആപ്പ്ജില്ല

ഫൈസറിൻ്റെ വിവരങ്ങൾ കള്ളൻ കൊണ്ട് പോയി; ചോർത്തിയത് റഷ്യൻ ചാരന്മാർ? വിശദീകരിച്ച് കമ്പനി

അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ഫൈസർ

Samayam Malayalam 10 Dec 2020, 4:32 pm
യുകെ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും വാക്‌സിൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് രാജ്യങ്ങൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വാക്‌സിൻ പരീക്ഷണങ്ങൾ തുടരുമ്പോഴും റഷ്യയും യുകെ വാക്‌സിൻ രോഗികളിൽ ഉപയോഗിച്ചു തുടങ്ങി. റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്‌നിക് കുത്തിവെച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസർ വാക്‌സിന്‍ യുകെയിൽ ഉപയോഗിച്ച് തുടങ്ങിയത്. ഇതിനിടെ ഫൈസർ ബയോടെക് വാക്‌സിനുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ ആരോഗ്യ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പുറമെ വാക്‌സിൻ്റെ വിവരങ്ങൾ ചോർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അൽജസീറ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
Samayam Malayalam pfizer and biontech allege covid vaccine details breached in europe medicines agency
ഫൈസറിൻ്റെ വിവരങ്ങൾ കള്ളൻ കൊണ്ട് പോയി; ചോർത്തിയത് റഷ്യൻ ചാരന്മാർ? വിശദീകരിച്ച് കമ്പനി


വാക്‌സിൻ പുറത്തിറക്കി യുകെ

അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ഫൈസർ. തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കീനാന്‍ എന്ന മുത്തശ്ശിയാണ് യുകെയിൽ ആദ്യമായി ഫൈസർ വാക്‌സിന്‍ സ്വീകരിച്ചത്. മധ്യ ഇംഗണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ 6.31 നാണ് മാര്‍ഗരറ്റ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 40 ദശലക്ഷം ഡോസ് വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നത്. ഫൈസർ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ മുന്നറിയിപ്പ് നൽകുകയാണ് യുകെ.

ഫൈസർ സ്വീകരിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങൾ?

ഫൈസർ - ബയോൺടെക് കൊവിഡ് വാക്‌സിൻ അലർജി പ്രശ്‌നങ്ങൾ ഉള്ളവർ സ്വീകരിക്കരുതെന്നാണ് ബ്രിട്ടൻ വ്യക്തമാക്കുന്നത്. വാക്‌സിൻ പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ മരുന്ന് സ്വീകരിച്ച രണ്ട് പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി വ്യക്തമാക്കുന്നത്. അസ്വസ്ഥതകൾ പ്രകടമാക്കിയവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ പറഞ്ഞു.

വാക്‌സിൻ വിവരങ്ങൾ ചോർന്നോ?

ഫൈസർ വാക്‌സിൻ വിവരങ്ങൾ ചോർന്നുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ വിവരങ്ങളാണ് ചോർത്തിയത്. വിവരങ്ങൾ ചോർന്നതായി യൂറോപ്യൻ മെഡിസിൻ(ഇഎംഎ) ഏജൻസി സ്ഥിരീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ചോർത്തപ്പെട്ടിട്ടില്ല എന്നാണ് വിശ്വാസമെന്ന് ഫൈസറും ബയോടെക്കും വ്യക്തമാക്കുന്നുണ്ട്.

ചോർന്നത് എന്തെല്ലാം വിവരങ്ങൾ?

വിവരങ്ങൾ ചോർന്ന സംഭവം വാക്‌സിൻ്റെ തുടർ പരീക്ഷണങ്ങൾ അടക്കമുള്ള കാര്യങ്ങൾക്ക് ബാധകമാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചോർന്നത് ഏതൊക്കെ വിവരങ്ങൾ ആണെന്നും വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇരു കമ്പനികളും തയ്യാറായില്ല. വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ആരാണെന്ന് വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഡേറ്റ കൈമാറ്റം നടക്കുന്നതിനിടെയാണോ വിവരങ്ങൾ ചോർന്നതെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. ഉത്തര കൊറിയ, ഇറാൻ, വിയറ്റ്നാം, ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണോ സൈബർ ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളിൽ നിന്നുള്ള ചാരന്മാർ വിവരങ്ങൾ ചോർത്താൻ ശ്രമം നടത്തുന്നതായുള്ള വാർത്തകൾ റോയിട്ടേഴ്‌സ് മുൻപ് പുറത്തുവിട്ടിരുന്നു.

തിരിച്ചടിയാകുമോ സാഹചര്യം?

വിവരങ്ങൾ ചോർന്ന സാഹചര്യം തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്. സെർവറിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്. നിയമവിരുദ്ധമായിട്ടുള്ള ഇടപെടലാണ് നടന്നത്. എന്നാൽ വാക്‌സിൻ ഉത്പാദനം അടക്കമുള്ള പ്രവർത്തനങ്ങളെ ഈ സാഹാചര്യം ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. വിവരങ്ങൾ ചോർന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കാനുള്ള സാഹചര്യം വർധിപ്പിക്കുന്നുണ്ട്. ഒക്ടോബറിൽ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി സൈബർ ആക്രമണത്തിന് ഇരയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്