ആപ്പ്ജില്ല

​കണ്‍തടത്തിലെ കറുപ്പകറ്റാന്‍ കാപ്പിപ്പൊടിയും പാലും

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പല നാട്ടുവഴികളുമുണ്ട്. ഇതിലൊന്നാണ് കാപ്പിപ്പൊടി ഉപയോഗിച്ചുള്ള വിദ്യ. ഇത് എങ്ങനെയെന്നറിയാം.

Authored byസരിത പിവി | Samayam Malayalam 9 Nov 2023, 10:57 pm
കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിന് കാരണം പലതുമുണ്ടാകും. ഉറക്കക്കുറവ് മുതല്‍ പോഷകക്കുറവും സ്‌ട്രെസും പുകവലി, മദ്യപാനം അടക്കമുളള പല പ്രശ്‌നങ്ങള്‍ കാരണവും കണ്ണിനടിയില്‍ കറുപ്പുണ്ടാകും. ഇതല്ലാതെ സ്‌ക്രീന്‍ ഉപയോഗം കൂടുതലാകുമ്പോഴും ഈ പ്രശ്‌നമുണ്ടാകുന്നത് സാധാരണയാണ്. കണ്ണിനടിയിലെ കറുപ്പിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയാം.
Samayam Malayalam coffee powder mask for undereye circles
​കണ്‍തടത്തിലെ കറുപ്പകറ്റാന്‍ കാപ്പിപ്പൊടിയും പാലും


​കാപ്പിപ്പൊടി​

കാപ്പിപ്പൊടിയും തണുത്ത പാലുമാണ് ഇതിനായി വേണ്ടത്. കാപ്പിപ്പൊടി പല സൗന്ദര്യപരീക്ഷണങ്ങളിലേയും പ്രധാന ചേരുവകളില്‍ ഒന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കാപ്പിപ്പൊടി. കരുവാളിപ്പും ബ്ലാക്‌ഹെഡ്‌സുമെല്ലാം മാറ്റാന്‍ സഹായിക്കുന്ന ഒന്നാണിത്.

​പാല്‍ ​

പാല്‍ നല്ലൊരു ക്ലെന്‍സറാണ്. ചര്‍മത്തിന് മോയിസ്ചറൈസിംഗ് ഗുണം നല്‍കുന്ന പാല്‍ ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനും നല്ലതാണ്. നല്ല തണുത്ത പാല്‍ മുഖത്ത് പുരട്ടുന്നത് മുഖത്തിന് ഫ്രഷ്‌നസ് നല്‍കുന്നു. ഇതേ ഗുണം തന്നെയാണ് കണ്ണിനടിയില്‍ ഇത് പുരട്ടിയാലും ഉണ്ടാകുന്നത്. തണുത്ത പാലില്‍ കോട്ടന്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പ് മാറാനും ക്ഷീണം മാറാനും പരീക്ഷിയ്ക്കാവുന്ന വിദ്യയാണ്.

​റോസ് വാട്ടര്‍ ​

ഇതില്‍ വേണമെങ്കില്‍ അല്‍പം റോസ് വാട്ടര്‍ അഥവാ പനിനീര് കൂടി ചേര്‍ക്കാം. ചര്‍മസംരക്ഷണത്തിനും കണ്ണിന്റെ സംരക്ഷണത്തിനും പ്രധാനപ്പെട്ടതാണ് റോസ് വാട്ടര്‍. കണ്‍തടത്തിലെ കറുപ്പകറ്റാനും ക്ഷീണം മാറാനുമെല്ലാം മികച്ചതാണ് ഇത്. പല സൗന്ദര്യസംരക്ഷണ വസ്തുക്കളിലെയും പ്രധാന ചേരുവകളില്‍ ഒന്നാണിത്. ഇതിനാല്‍ ഇത് ഈ ചേരുവയില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

​ഇതിനായി ​

ഇതിനായി അല്‍പം കാപ്പിപ്പൊടിയെടുക്കാം. ഇതിലേയ്ക്ക് തണുപ്പിച്ച പാല്‍, തണുപ്പിച്ച പനിനീര് എന്നിവ ചേര്‍ക്കാം. ഇത് നല്ലൊരു മിശ്രിതമാക്കാം. വല്ലാതെ കട്ടി വേണ്ട. ഇത് കണ്ണിനടിയില്‍ പതിയെ പുരട്ടാം. പിന്നീട് 10 മിനിറ്റിന് ശേഷം കഴുകാം. ഇതേ മിശ്രിതം മുഖത്തുമിടാം. മുഖത്തെ കരുവാളിപ്പ് മാറാനും ചര്‍മം തിളങ്ങാനും ഫ്രഷ്‌നസ് ലഭിയ്ക്കാനുമെല്ലാം മികച്ചതാണ് ഈ മിശ്രിതം. ടാന്‍ മാറാനുളള വഴി കൂടിയാണിത്. ഇതിനായി ഇതില്‍ അല്‍പം തൈര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്