ആപ്പ്ജില്ല

കൈവണ്ണം കുറയ്ക്കാൻ ഈ 6 വ്യായാമങ്ങൾ ഇന്ന് തന്നെ തുടങ്ങിക്കോളൂ

കൈകളുടെ അമിത വണ്ണമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഇനി അതോർത്ത് വിഷമിക്കേണ്ട. കൈകളുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങളിതാ...

Edited byഅനിറ്റ് | Samayam Malayalam 30 Jan 2024, 4:05 pm
Samayam Malayalam exercises to get slim arm

"വളരെ കൊതിച്ച് വാങ്ങിയ ഡ്രസ്സ് ആണ്. അടുത്ത കൂട്ടുകാരിയുടെ കല്യാണത്തിന് വേണ്ടി. എന്ത് ചെയ്യാൻ? കൈ മാത്രം കേറുന്നില്ല. വളരെ കഷ്ടപ്പെട്ട് വലിച്ച് കേറ്റി. ആകെ ഇറുകിപ്പിടിച്ചിരിക്കുന്ന പോലെ തോന്നുന്നു. എങ്ങനെയൊക്കെയോ വലിച്ചൂരി, അലമാരയിൽ മടക്കി വെച്ചു..." എന്നിട്ട് ഒരു ദൃഢപ്രതിജ്ഞയും... "എന്ത് ചെയ്തിട്ടായാലും കൈവണ്ണം കളഞ്ഞേ പറ്റൂ... എന്നിട്ട് ഇടും ഞാനിത്!" ഇത് പോലെ പ്രതിജ്ഞയെടുക്കുന്ന എത്രയോ പെൺകുട്ടികളുണ്ട് നമുക്കിടയിൽ.

ചിലർക്ക് തൂങ്ങിയ വയറാണ് പ്രശ്നം. മറ്റ് ചിലർക്ക് തുട. വേറെ ചിലർക്ക് കൈകളുടെ അമിത വണ്ണം. ശരീര ഭാരം കൂടുന്നതിനനുസരിച്ച് കൈ കാലുകളുടെ വണ്ണം കൂടുന്നതും സ്വാഭാവികമാണ്. എന്നാൽ വളരെ കഷ്ടപ്പെട്ട് പല രീതികളിലുള്ള വ്യായാമങ്ങളും ചെയ്ത് ഭക്ഷണവും നിയന്ത്രിച്ച് തടി കുറച്ചാലും കൈകളുടെ വണ്ണം മാത്രം അത് പോലെ തന്നെ കാണും. കൈകളിലെ അമിത വണ്ണം ഏറ്റവും കൂടുതൽ അലട്ടുന്നത് സ്ത്രീകളെയാണ്. ദിവസവും മുടങ്ങാതെ ജിമ്മിൽ പോകും. എന്നാൽ കൈകളുടെ വണ്ണം മാത്രം കുറയുന്നതേയില്ല. എന്താണ് ഇതിനൊരു പ്രതിവിധി?

മനുഷ്യ ശരീരത്തിൽ സാധാരണയായി കൊഴുപ്പടിയുന്നത് അടിവയർ, തുടകൾ, കൈകൾ എന്നിവിടങ്ങളിലാണ്. അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഈ ശരീര ഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യായാമങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാം. കൈകളിലെ വണ്ണം കുറയ്ക്കാനായി ആരും തന്നെ വ്യായാമം ചെയ്യുന്നില്ല. മറ്റ് ശരീര ഭാഗങ്ങളിലെ വണ്ണം പോയാലും കൈകളിലെ വണ്ണം അങ്ങനെ തന്നെ തുടരുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്.

Also read: ആലിലവയർ സ്വന്തമാക്കാൻ ചെയ്യാം ഈ വ്യായാമങ്ങൾ

കൈകളുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങളിതാ... ഈ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുമ്പോൾ കൈകളുടെ വണ്ണം കുറഞ്ഞ് വരുന്നത് കാണാം.

വ്യായാമം 1

നിവർന്ന് നിൽക്കുക. രണ്ടു കൈകളും വശങ്ങളിലേക്ക് ഉയർത്തി തോളിനു സമാന്തരമായി പിടിക്കുക. കൈകൾ മുകളിലേയ്ക്കോ താഴേയ്‌ക്കോ പോകാൻ അനുവദിക്കരുത്. ഷോൾഡർ ലെവലിൽ തന്നെ പിടിക്കണം. അതിനു ശേഷം ഇരു കൈകളും ക്രോസ്സ് ചെയ്യുക. അതായത് ക്രോസ്സ് ചെയ്യുമ്പോൾ ഒരു കൈയുടെ മുകളിൽ മറ്റേ കൈ വരുന്ന രീതിയിൽ വേണം ചെയ്യാൻ. കൈകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒരു 20 പ്രാവശ്യം ചെയ്യുക. അതിനു ശേഷം ഒരു 10 സെക്കന്റ് റിലാക്സ് ചെയ്ത ശേഷം വീണ്ടും ഈ വ്യായാമം ആവർത്തിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ കൈത്തണ്ടയിലെ അമിത വണ്ണം കുറഞ്ഞ് വരുന്നത് കാണാം.

Also read: നടുവേദന അകറ്റാൻ ഈ വ്യായാമങ്ങൾ ചെയ്ത് നോക്കൂ

വ്യായാമം 2

നിവർന്ന് നിന്ന ശേഷം കൈകൾ രണ്ടും ഷോൾഡർ ലെവലിൽ ഉയർത്തിപ്പിടിക്കുക. കൈകൾ മുകളിലോട്ടു താഴേയ്‌ക്കോ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകൾ ഇങ്ങനെ വിരിച്ച് പിടിച്ച് നിന്ന ശേഷം മുമ്പോട്ടും പുറകോട്ടും വട്ടത്തിൽ കറക്കുക. ഇതും ഒരു 20 പ്രാവശ്യം ചെയ്ത ശേഷം 10 സെക്കന്റ് റിലാക്സ് ചെയ്യാം. വീണ്ടും 20 തവണ കൂടി ഇതേ വ്യായാമം ആവർത്തിക്കുക.

വ്യായാമം 3

കൈകൾ രണ്ടും മടക്കി, കൈമുട്ടുകൾ തോളിന് നേരെ ഉയർത്തി, മുഷ്ടികൾ നെഞ്ചിനു നേരെ വരത്തക്ക വിധം പിടിക്കുക. അതിനു ശേഷം ഈ കൈമുട്ടുകൾ മാത്രം മുകളിലേയ്ക്ക് ഉയർത്താൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കൈത്തണ്ടയുടെ താഴെ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഈ വ്യായാമവും ആദ്യം 20 തവണ ചെയ്യുക. അതിനു ശേഷം അല്പം വിശ്രമിച്ചിട്ട് 20 തവണ കൂടെ വീണ്ടും ചെയ്യുക.

Also read: ഒരുമാസം മാത്രം മതി ഫിറ്റ്‌നസ് സ്വന്തമാക്കാന്‍: ഇതാണ് ടിപ്‌സ്!

വ്യായാമം 4

രണ്ടു കൈകളും വശങ്ങളിലേക്ക് വിരിച്ച് പിടിക്കുക. വിരിച്ച് പിടിച്ച കൈകൾ ഷോൾഡർ ലെവലിൽ നിന്ന് അല്പം മുകളിലേയ്ക്ക് ഉയർത്തി പിടിക്കാം. അതിനു ശേഷം കൈകൾ താഴോട്ട് കൊണ്ടുവരണം. ഇങ്ങനെ കൊണ്ടുവരുമ്പോൾ കൈകൾ ഷോൾഡർ ലെവലിൽ നിന്ന് താഴ്ത്തി കൊണ്ട് വന്ന് ശരീരത്തിൽ നിന്ന് അകത്തി പിടിക്കുക. പൂർണ്ണമായും താഴ്ത്തി ശരീരത്തിൽ മുട്ടിക്കേണ്ട. ഈ വ്യായാമം ഒരു 40 സെക്കന്റ് വരെ ചെയ്യാം. 10 സെക്കന്റ് വിശ്രമിച്ച ശേഷം 40 സെക്കന്റ് വീണ്ടും ചെയ്യാം. ശ്രദ്ധിക്കുക, കൈകൾക്കുള്ള ഈ വ്യായാമം എത്രത്തോളം വേഗത്തിൽ ചെയ്യാമോ അത്രയും ഗുണകരമാണ്. അതേസമയം സ്പീഡ് കൂട്ടി കൈകൾക്ക് അപകടം വരുത്താതിരിക്കാനും ശ്രദ്ധിക്കണം.

വ്യായാമം 5

വെയ്റ്റ് അല്ലെങ്കിൽ ഡംബെൽസ് ഉപയോഗിച്ച് കൈകളുടെ വണ്ണം കുറയ്ക്കാൻ ചെയ്യുന്ന ഒരു വ്യായാമമാണിത്. എന്നാൽ ഡംബെൽസ് ഇല്ലാത്തവർ വിഷമിക്കേണ്ട. 1 ലിറ്ററിന്റെ ഒരു വാട്ടർ ബോട്ടിൽ മതിയാകും ഈ വ്യായാമം ചെയ്യാൻ. ഈ കുപ്പിയിൽ വെള്ളം നിറച്ചെടുക്കുക. അതിനു ശേഷം വലത് കൈ കൊണ്ട് കുപ്പിയുടെ മധ്യ ഭാഗത്ത് പിടിച്ച് കൈ മുകളിലേയ്ക്ക് ഉയർത്തണം. മുട്ടുകൾ മടങ്ങാതെ കുപ്പി പിടിച്ചിരിക്കുന്ന വലത് കൈ ഉയർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടത് കൈ താഴ്ത്തി ഇടാം. അതിനു ശേഷം കുപ്പി പിടിച്ചിരിക്കുന്ന വലത് കൈ പതുക്കെ തലയ്ക്ക് മുകളിലൂടെ ഇടത് വശത്തേയ്ക്ക് താഴ്ത്താൻ ശ്രമിക്കുക. തിരിച്ച് ഉയർത്തിയ പൊസിഷനിലേയ്ക്ക് വീണ്ടും കൈ കൊണ്ട് വരിക. അതിനു ശേഷം പൂർണ്ണമായും താഴ്ത്തി ഇടുക. ആദ്യം വലത് കൈ ഉപയോഗിച്ച് ഈ വ്യായാമം 20 തവണ ചെയ്യുക. അതിനു ശേഷം ഇടത് കൈ ഉപയോഗിച്ചും ഇതേ വ്യായാമം ആവർത്തിക്കാം.

വ്യായാമം 6

കൈവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് പ്ലാങ്ക് പൊസിഷൻ. ഒരു യോഗ മാറ്റിലോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു പ്രതലത്തിലോ നിലത്തിനഭിമുഖമായി കിടക്കുക. അതിനു ശേഷം കൈമുട്ടുകളും കാൽ വിരലുകളും മാത്രമുപയോഗിച്ച് നിലത്തിനു സമാന്തരമായി നിൽക്കുക. അതായത് കൈത്തണ്ടയും കാൽവിരലുകളും മാത്രം നിലത്തുറപ്പിച്ച് ശരീരം ഉയർത്തിപ്പിടിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളഞ്ഞു നിൽക്കാൻ സാധ്യത കൂടുതലാണ്. ശരീരം വളഞ്ഞ് പോകാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നിൽക്കാൻ പറ്റുന്നോ അത്ര നേരം നിൽക്കുക. ആദ്യമൊക്കെ സെക്കന്റുകൾ മാത്രമേ പ്ലാങ്ക് പൊസിഷനിൽ നിൽക്കാൻ സാധിക്കൂ. പതുക്കെ ഇതിന്റെ ദൈർഘ്യം കൂട്ടാവുന്നതാണ്. കൈകളുടെ വണ്ണം കുറയ്ക്കാൻ മാത്രമല്ല, വയർ കുറയ്ക്കാനും ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്.
ഓതറിനെ കുറിച്ച്
അനിറ്റ്
മാധ്യമപ്രവർത്തന രംഗത്ത് ഒൻപത് വർഷത്തിലേറെ പ്രവർത്തന പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരിജ്ഞാനം. വാർത്താ അവതാരകയായി തുടക്കം. ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ പൂർണ്ണമായും പ്രയോജനപ്പെടുത്താനായി കരിയറിലെ ചുവടുമാറ്റം. ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ള എഴുത്തുകളോട് പ്രിയം. വൈകാരിക തലത്തിൽ വായനക്കാരോട് സംവദിക്കുന്ന തരത്തിലുള്ള രീതിയിൽ സ്ത്രീകളടക്കമുള്ള സാധാരണക്കാരുടെ ശബ്ദമാകാൻ ഊർജ്ജം നൽകുന്ന എഴുത്ത്. എഴുത്തിന് പ്രചോദനമാകുന്ന യാത്രകൾ, ഇതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ. എഴുത്തും യാത്രകളും മാറ്റി നിർത്തിയാൽ സിനിമകളോട് ഏറെ ഇഷ്ടം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്