ആപ്പ്ജില്ല

Covid Facts:ചൈനയില്‍ കൊവിഡ് കൂടിയ കാരണം, ഇന്ത്യയിലെ സാധ്യത.....

Covid Facts:ചൈനയില്‍ കൊവിഡ് കൂടാന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്, ഇന്ത്യയില്‍ ഇതിനുള്ള സാധ്യതയെന്ത്. അറിയാം.

Samayam Malayalam 24 Dec 2022, 12:17 pm
Samayam Malayalam covid facts about china and possibilities in india
Covid Facts:ചൈനയില്‍ കൊവിഡ് കൂടിയ കാരണം, ഇന്ത്യയിലെ സാധ്യത.....

ചൈനയില്‍ കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കുന്ന കോവിഡ് മഹാമാരി ലോകത്തെ മൊത്തം ബാധിയ്ക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. പ്രത്യേകിച്ചും ജനസംഖ്യ കൂടുതലായ ഇന്ത്യയില്‍. ആഘോഷ, സഞ്ചാര സമയമെന്നതും കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞുവെന്നതും ഈ ഭയത്തിന് ആക്കം കൂട്ടുന്നു. ചൈനയിലെ പോലെ ഇന്ത്യയിലും പുതിയ വൈറസ് വകഭേദമായ ബിഎഫ് 7 (BF.7)ഭീതി വിതയ്ക്കുമോ, മുന്‍പത്തെ പോലെ ഗുരുതരമായ പ്രശ്‌നങ്ങളും ആരോഗ്യ അടിയന്തിരാവസ്ഥയും ഉണ്ടാക്കുമോ തുടങ്ങിയ ഭയങ്ങളാണ് പലര്‍ക്കുമുളളത്. ചൈനയില്‍ കൊവിഡ് രൂക്ഷമാകാനുള്ള കാരണവും ഇത് ഇന്ത്യയില്‍ ഉണ്ടാക്കാനിടയുളള പ്രത്യക്ഷാതങ്ങളും എന്നതിനെ കുറിച്ച് അറിഞ്ഞിരിയ്ക്കൂ.

ചൈനയില്‍

കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഡൈനാമിക് സീറോ കോവിഡ് പോളിസി എന്നു വിളിച്ചിരുന്ന അവരുടെ കര്‍ശന നിയന്ത്രണങ്ങളുടെ ലക്ഷ്യം കോവിഡ് അവസാനിപ്പിയ്ക്കുക, ഒരാള്‍ക്ക് പോലും ഇതില്ലാതിരിയ്ക്കുക എന്നതായിരുന്നു. ഇതിന്റെ ഫലമായി അടച്ചു പൂട്ടലുകളും മറ്റുമായി സാമ്പത്തിക ബാധ്യതകളെത്തി. ഇതിനെതിരെ അടുത്തിടെ പ്രക്ഷോഭമുണ്ടായതിനെ തുടര്‍ന്നാണ് അല്‍പമെങ്കിലും നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞത്. ഇവിടുത്തെ ജനങ്ങളുടെ 20 ശതമാനത്തിനേ ഇതു വരെ രോഗം വന്നിട്ടുള്ളൂ. ഇതിനാല്‍ 80 ശതമാനത്തിനും കോവിഡ് ആന്റിബോഡികള്‍ വന്നിട്ടില്ല. രോഗം വന്നാലേ ഇതിനെതിരെ ആന്റിബോഡികള്‍ വരൂ. മാത്രമല്ല, അവിടെ വാക്‌സിനെടുത്ത രീതിയും ശരിയല്ല. ചെറുപ്പക്കാരില്‍ തുടങ്ങി പ്രായമായവര്‍ക്ക് എന്ന രീതിയിലായിരുന്നു ഇത്. മാത്രമല്ല, ഇത് എല്ലാവരിലും എത്തിയിട്ടുമുല്ല.

ഒമിക്രോണ്‍

ഇന്ത്യയില്‍ ഒമിക്രോണ്‍ വന്ന സാഹചര്യത്തില്‍ മിക്കവാറും പേരെ ഇത് ബാധിച്ചിരുന്നു. ഇതിനാല്‍ പ്രതിരോധശേഷി വന്നിട്ടുമുണ്ട്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് രോഗം വരുന്നതും ഇത് തരംഗമായി മാറുന്നതും. ഇന്ത്യയില്‍ ഇത്തരം അവസ്ഥ നാം മറി കടന്നു കഴിഞ്ഞിരിയ്ക്കുന്നു. ഭൂരിഭാഗത്തിനും രോഗം വന്നതിലൂടെ ആന്റി ബോഡികളിലൂടെ പ്രതിരോധം ലഭിച്ചിരിയ്ക്കുന്നു. മാത്രമല്ല, വാക്‌സിനുകളും ഏതാണ്ട് പൂര്‍ണമായും എടുത്ത ജനതയാണ് ഇന്ത്യയിലേത്.

​ഇന്ത്യയില്‍

ഇന്ത്യയില്‍ ഈ രോഗം, തരംഗം വരുമോയെന്നതാണ് ഇപ്പോഴത്തെ പലരുടേയും ഭയം. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു തരംഗത്തിന് സാധ്യതയില്ലെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒന്നാം, രണ്ടാം തരംഗം, പിന്നീട് ഒമിക്രോണ്‍ തരംഗം ഇന്ത്യ നേരിട്ടു കഴിഞ്ഞിരിയ്ക്കുന്നു. ഒമിക്രോണ്‍ വന്നു പോയ എല്ലാ രാജ്യങ്ങളിലേയും ആളുകളുടെ ശരീരത്തില്‍ രോഗത്തിനെതിരെയുളള ഇമ്യൂണിറ്റി വന്നിട്ടുമുണ്ട്. പോരാത്തതിന് വാക്‌സിനുകളുടെ ശക്തിയും. ഇപ്പോള്‍ നാം പനി വന്നാല്‍ പോലും കൊവിഡ് ടെസ്റ്റ് ചെയ്യാറില്ല. പലര്‍ക്കും വരുന്നത് ഇതു തന്നെയാകാം. എന്നാല്‍ ഇത് ജലദോഷം പോലെ വന്നു പോകുന്ന അവസ്ഥയാണ്. മരണത്തിലേയ്‌ക്കോ ഗുരുതര അവസ്ഥകളിലേയ്‌ക്കോ വരുന്നില്ല. ഇത്തരം രോഗം ഇപ്പോള്‍ വന്നാല്‍ തന്നെയും പ്രായമായവര്‍, രോഗികള്‍ എന്നിവരാണ് അല്‍പം കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത്.

പുതിയ കൊവിഡ് വൈറസ്

ഈ പുതിയ കൊവിഡ് വൈറസ്, അതായത് ബിഎഫ് 7 വന്നാല്‍ സാധാരണ കോള്‍ഡ് ലക്ഷണങ്ങള്‍ വരുന്നു. തൊണ്ടവേദന, പനി എന്നിവയാണ് ലക്ഷണമായി വരുന്നത്. ഇത് വന്നു പോകും. ഈ രോഗം രണ്ടാം സ്‌റ്റേജിലേക്ക് കടന്നാല്‍ മാത്രമേ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നുള്ളൂവെന്നതാണ് വാസ്തവം. ചൈനയിലെ ഈ വൈറസിന് വളരേയധികം വ്യാപന ശേഷിയുണ്ടെന്നതാണ് ഒന്ന്. ഒരേ സമയം 10 മുതല്‍ 20 പേരിലേക്ക് വരെ പടരാന്‍ സാധ്യതയുള്ള ഒന്നാണിത്. ഒമിക്രോണ്‍ ബാധ 5-7 പേരിലേയ്‌ക്കെന്നതായിരുന്നു സാധ്യത.

മുന്‍കരുതലുകള്‍

നാം മുന്‍കരുതലുകള്‍ എടുക്കുക എന്നത് ഏറെ പ്രധാനം തന്നെയാണ്. മിക്കവാറും പേര്‍ മാസ്‌കുകള്‍ ഉപേക്ഷിച്ചിരിയ്ക്കുന്നു. മാസ്‌ക് ധരിയ്ക്കുന്നവരെ വിചിത്ര ജീവികളെ പോലെ നോക്കുന്ന സമൂഹമാണ് ഇന്ന് പലയിടത്തും. ഇത്തരം രീതികള്‍ മാറ്റി ഇപ്പോഴത്തെ അവസ്ഥയില്‍ നാം മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക. ചൈനയില്‍ ഈ വൈറസുണ്ടാക്കിയ അപകടം ഇന്ത്യയില്‍ വരാന്‍ സാധ്യതകള്‍ ഏറെ കുറവാണ്. എന്നിരുന്നാലും ഓരോരുത്തരും വേണ്ടത്ര മുന്‍കരുതലുകളും ശ്രദ്ധയും വയ്ക്കുകയെന്നത് നമ്മുടെ കുടുംബത്തോടും സമൂഹത്തോടും നമുക്കു നമ്മോടു തന്നെയും ചെയ്യാന്‍ സാധിയ്ക്കുന്ന, നിര്‍ബന്ധമായും ചെയ്യേണ്ട ഉത്തരവാദിത്വമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്