ആപ്പ്ജില്ല

Healthy Homemade Mayonnaise : മയോണൈസ് കഴിക്കാന്‍ ഇനി പേടിക്കണ്ട! മുട്ടയ്ക്ക് പകരം ഇത് ചേര്‍ത്താല്‍ മതി

How To Make Healthy Mayonnaise Without Egg:മയോണൈസ് കഴിച്ചാല്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഈ മയോണൈസ് എങ്ങിനെ ആരോഗ്യകരമായി ഉപയോഗിക്കാം എന്നും മുട്ട ചേര്‍ക്കാതെ എങ്ങിനെ മയോണൈസ് തയ്യാറാക്കാം എന്നും നോക്കാം.

Authored byഅഞ്ജലി എം സി | Samayam Malayalam 10 Jan 2023, 3:32 pm
അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ മയോണൈസ്. ഇന്ന് മന്തി വാങ്ങിയാലും അല്‍ഫാം വാങ്ങിയാലും എന്തിന് സാലഡ് തയ്യാറാക്കുന്നതില്‍ വരെ മയോണൈസ് ഇല്ലാതെ നാവിന് രുചി കിട്ടാത്ത അവസ്ഥയാണ് മലയാളികള്‍ക്ക്.
Samayam Malayalam how to make healthy mayonnaise without egg
Healthy Homemade Mayonnaise : മയോണൈസ് കഴിക്കാന്‍ ഇനി പേടിക്കണ്ട! മുട്ടയ്ക്ക് പകരം ഇത് ചേര്‍ത്താല്‍ മതി


മയോണൈസ് രുചികരം തന്നെ. എന്നാല്‍, അത് ഉണ്ടാക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരുടേയും ജീവന്‍ എടുക്കുന്ന വില്ലനായി മയോണൈസ് മാറുന്നത്. മയോണൈസ് എങ്ങിനെ ഹെല്‍ത്തിയായി തയ്യാറാക്കാം എന്നും മുട്ട ഉപയോഗിക്കാതെ മയോണൈസ് എങ്ങിനെ തയ്യാറാക്കി എടുക്കാമെന്നും നമുക്ക് നോക്കാം.

​എന്താണ് മയോണൈസ്?


മുട്ടയുടെ വെള്ളയും ഓയിലും അതിലേയ്ക്ക് നാരങ്ങാ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ചേര്‍ത്ത് നല്ലപോലെ അടിച്ച് പതപ്പിച്ച് ഒരു ക്രീം പരുവത്തില്‍ ഉണ്ടാക്കി എടുക്കുന്നതിനെയാണ് മയോണൈസ് എന്ന് പറയുന്നത്. ചിലര്‍ ഇതില്‍ കടുകും ചേര്‍ക്കാറുണ്ട്. ചിലര്‍ വെളുത്തുള്ളിയാണ് സ്വാദിനായി ചേര്‍ക്കാറുള്ളത്.

നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന ഈ മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നിവയുടെ കൂടെയാണ് വിളമ്പുന്നത്.

​മയോണൈസിന്റെ ആരോഗ്യവശങ്ങള്‍


നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇതില്‍ വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും അതുപോലെ, രക്തം കട്ടപിടിക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്.

എന്നാല്‍, ഇതില്‍ അമിതമായി കലോറി അടങ്ങിയിരുന്നു. അതിനാല്‍, ഡയറ്റ് എടുക്കുന്നവര്‍ മയോണൈസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

​മയോണൈസ് വില്ലനാകുന്നത് എപ്പോള്‍?


പച്ചമുട്ടയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇതില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല ബാക്ടീരിയ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് വരാം. ഇത് വായുവില്‍ തുറന്ന് ഇരിക്കും തോറും ഇതിലെ ബാക്ടീരിയയുടെ എണ്ണവും പെരുകികൊണ്ടിരിക്കും. ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഡയേറിയ, പനി, വയറുവേദന എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകാം.

ചിലര്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലും ആന്റിബയോട്ടിക്‌സ് എടുക്കാതെ തന്നെ വേഗത്തില്‍ മാറിയെന്നു വരാം. എന്നാല്‍, ഈ ബാക്ടീരിയ രക്തത്തില്‍ പ്രവേശിച്ചാല്‍ ഇത് മരണത്തിന് വരെ കാരണമാകാം.

​മുട്ട ഉപയോഗിക്കേണ്ട ശരിയായ രീതി


തണുപ്പിച്ചെടുത്ത് മുട്ട മാത്രം ഉപയോഗിക്കുന്നത് നല്ലതാണ്. അതും 4ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മുട്ട വെക്കുകയോ അല്ലെങ്കില്‍ നല്ല തണുപ്പില്‍ സൂക്ഷിച്ചതുമായ മുട്ട ഉപയോഗിക്കുന്നതോ നല്ലതാണ്. അല്ലെങ്കില്‍, ചൂടാക്കിയ മുട്ട ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് മുട്ടയിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചെറിയ രീതിയില്‍ വേവിച്ചെടുക്കുന്ന മുട്ട ഉപയോഗിക്കുന്നതാണ് എല്ലായാപ്പോഴും സുരക്ഷിതം. അതുപോലെ, പൊട്ടിയതും കേടായതുമായ മുട്ട ഉപയോഗിക്കാതിരിക്കാവുന്നതാണ്.


Also Read: മയോണൈസ് കുട്ടിക്കിഷ്ടമോ, പക്ഷേ സ്വാദുള്ള വില്ലനാണിത്...

​മുട്ടയ്ക്ക് പകരം മയോണൈസ് ഉണ്ടാക്കാന്‍ ഇവ ഉപയോഗിക്കാം


സാധാരണ മയോണൈസ് ഉണ്ടാക്കാന്‍ മുട്ടയാണ് ഉപയോഗിക്കുന്നത് എന്നാല്‍ മുട്ടയ്ക്ക് പകരം പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി പാല്‍ നന്നായി ചൂടാക്കി പാടകെട്ടാതെ ഇളക്കി സൂക്ഷിച്ച് വെക്കുക. നന്നായി തണുത്തതിന് ശേഷം ഇത് തണുപ്പിക്കാനായി റഫ്രിജറേറ്ററില്‍ വെക്കുക. ഇത് ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കേണ്ട വിധം

നന്നായി തണുപ്പിച്ച പാല്‍ എടുക്കുക. ഇതിലേയ്ക്ക് 5 മുതല്‍ ആറ് അല്ലി വെളുത്തുള്ളി ചേര്‍ക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, കുറച്ച് പഞ്ചസ്സാരയും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വിനാഗിരിയോ അല്ലെങ്കില്‍ നാരങ്ങാനീരും ചേര്‍ത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഓയിലും ചേര്‍ക്കുക. ഓയില്‍ ചേര്‍ക്കുമ്പോള്‍ റിഫൈന്‍ഡ് ഓയില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. എന്നിട്ട് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കണം. നല്ല തിക്ക് പരുവത്തില്‍ ആയിവരും. തിക്ക് ആകുന്നത് വരെ ഓയില്‍ ഒഴിച്ച് കൊടുത്തുകൊണ്ടിരിക്കുക. ഇത് നല്ല ഫ്രഷായി നിങ്ങളുടെ ഇഷ്ട വിഭവത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്