ആപ്പ്ജില്ല

രാവിലെ എഴുന്നേൽക്കുമ്പോൾ കുട്ടികളോട് ഈ കാര്യങ്ങൾ വേണം പറയാൻ

കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയൊരു പങ്കുണ്ട്. രാവിലെ ഉന്മേഷത്തോടെയും സന്തോഷത്തോടെയും എഴുന്നേൽക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. 

Authored byറ്റീന മാത്യു | Samayam Malayalam 19 Apr 2024, 10:05 pm
കുട്ടികൾ ഉള്ള വീടുകളിലെ രാവിലത്തെ തിരക്ക് പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികളാണ് ഉള്ളതെങ്കിൽ മാതാപിതാക്കൾ രാവിലെ ഓട്ടപാച്ചിലായിരിക്കുമെന്ന് തന്നെ പറയാം. രാവിലെ നേരത്തെ അവരെ ഉറക്കത്തിൽ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ വലിയൊരു കടമ്പയാണ്. എന്നാൽ രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുമ്പോൾ കുഞ്ഞുങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും നൽകാൻ അവരോട് ചില കാര്യങ്ങൾ പറയാം. മാതാപിതാക്കളുടെ വാക്കുകൾ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.
Samayam Malayalam things parents should talk to their children in the morning
രാവിലെ എഴുന്നേൽക്കുമ്പോൾ കുട്ടികളോട് ഈ കാര്യങ്ങൾ വേണം പറയാൻ


ഗുഡ് മോണിങ് പറയാം

രാവിലെ കുഞ്ഞുങ്ങളെ ഉറക്കത്തിൽ നിന്ന് വിളിച്ച് ഉണർത്തുമ്പോൾ അവരോട് ഗുഡ് മോണിങ് പറയുന്നത് അവർക്ക് സന്തോഷം നൽകും. ഒരു ചെറു പുഞ്ചിരിയോടെയും ആലിംഗനത്തോടെയും അവരെ ഒരു ദിവസത്തിലേക്ക് എതിരേൽക്കുന്നത് അവരുടെ ഉള്ളിൽ സ്നേഹവും അതുപോലെ പോസിറ്റിവിറ്റി നിറയ്ക്കാനും സഹായിക്കും.

ഒരുമിച്ച് അൽപ്പ നേരം

രാവിലെ മാതാപിതാക്കൾക്ക് തിരക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ രാവിലത്തെ തിരക്കുകളിലേക്ക് പോകുന്നതിന് മുൻപ് കുട്ടികളുമായി അൽപ്പ സമയം ചിലവിടാൻ ശ്രമിക്കുക. കുഞ്ഞിനൊപ്പമിരുന്ന് എന്തെങ്കിലും ചെറിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുക. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള ചെറിയ ആശയവിനിമയം കുട്ടികളുടെ വാക്കുകൾ നിങ്ങൾ അംഗീകരിക്കുമെന്ന് ബോധം അവർക്ക് നൽകും.

സ്വപ്നങ്ങൾ പങ്കുവയ്ക്കാം

എല്ലാവരും സ്വപ്നം കാണുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളും രാത്രിയിൽ സ്വപ്നങ്ങൾ കാണാറുണ്ട്. കഴിഞ്ഞ രാത്രി അവർ കണ്ട സ്വപ്നത്തെക്കുറിച്ച് സംസാരിക്കാൻ അവരോട് പറയുക. ഇത് ആശയവിനിമയത്തിന് വേണ്ടി മാത്രമല്ല കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ അല്ലെങ്കിൽ പേടിയോ ഉണ്ടെങ്കിൽ അത് അവർ മാതാപിതാക്കളുമായി പങ്കുവയ്ക്കും.

പ്രോത്സഹാനം

നല്ലൊരു ദിവസമായിരിക്കുമെന്ന് അവരെ പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും കുട്ടികളിലും സന്തോഷം നിറയ്ക്കും. പുതിയ ദിവസത്തിൽ അവർ നേരിടുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ഒരു ആവേശം ഉണ്ടാക്കാൻ ഇതിലൂടെ കഴിയും. എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം കളിക്കാനുമൊക്കെ ഇത് ഇടയാക്കും.

പ്രധാനപ്പെട്ട കാര്യം

രാവിലെ എഴുന്നേൽക്കുന്ന ഉടനെ കട്ടിലിൽ നിന്ന് ചാടിയിറങ്ങി പോകാതെ ഒരൽപ്പ സമയം അവിടെ ശാന്തമായിരിക്കാൻ കുട്ടികളെ പഠിപ്പിക്കുക. അൽപ്പം നേരം കട്ടിലിൽ കണ്ണടച്ചിരുന്ന ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും നന്ദി പറയാൻ അവരെ പഠിപ്പിക്കുക. മെഡിറ്റേഷൻ പോലെ അൽപ്പ നേരം ശാന്തമായിരിക്കുന്ന മനസിന് സുഖവും ഉന്മേഷവും നൽകാൻ സഹായിക്കും.

ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്