ആപ്പ്ജില്ല

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, അടുക്കളയുടെ നിറം മാറുമ്പോള്‍....

ഇന്ത്യന്‍ അടുക്കള, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്ത്രീകളെ കാണുന്നത്‌

Lipi 19 Jan 2021, 5:49 pm


ഇന്ത്യന്‍ സ്ത്രീകളെ പൊതുവേ അടുക്കളയുമായി ബന്ധപ്പെടുത്തി കാണുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ ഇത് ഗ്രാമങ്ങളിലെങ്കിലും നഗരങ്ങളിലെങ്കിലും ഒരു പോലെയാണ്. പുരുഷനെ ഗൃഹനാഥന്‍ എന്ന പേരില്‍ വിളിയ്ക്കുമ്പോള്‍ സ്ത്രീയ്ക്ക് ഗൃഹനാഥയേക്കാള്‍ അടുക്കള സാമ്രാജ്യമായി നല്‍കുന്നവരാണ് പലരും. ഇത് ഇവര്‍ക്ക് ഒരു യശസെന്ന പേരില്‍ നല്‍കുന്നവര്‍. ഇപ്പോഴും എത്ര അഭ്യസ്ത വിദ്യരെങ്കിലും എത്ര ഉയര്‍ന്ന തൊഴിലില്‍ ഇരിയ്ക്കുന്നവരെങ്കിലും അടുക്കളയില്‍ കയറാത്ത, അടുക്കളപ്പണിയും പാചകവും ചെയ്യാത്ത സ്ത്രീയെ അസംതൃപ്തിയോടെ കാണുന്ന സമൂഹമാണ് പൊതുവേ ഇന്ത്യന്‍ സമൂഹം.
Samayam Malayalam ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍


ഭാര്യ വച്ചുണ്ടാക്കിത്തന്ന ഭക്ഷണം കഴിച്ചാല്‍ മാത്രം തൃപ്തി വരുന്ന പുരുഷ സമൂഹവും ഇവിടെയുണ്ട്. ഇതിന് അവര്‍ പറയുന്ന അടിസ്ഥാനം ഭാര്യയോടുളള സ്‌നേഹം എന്നതാകും. അടുക്കളയില്‍ എത്ര തിരക്കുണ്ടെങ്കിലും ഭാര്യയെ സഹായിക്കാത്തതിന് പറയുന്ന മുട്ടുന്യായവും ഇതു തന്നെ. ചിലരാകട്ടെ, ഭാര്യ വിളമ്പിത്തന്നാല്‍ മാത്രം കഴിയ്ക്കുന്നവര്‍. ഭാര്യ വച്ചു വിളമ്പിത്തരികയെന്ന കടമയുള്ളവളാണെന്ന ചിന്ത ഉള്ളില്‍ വച്ചു കൊണ്ട് ഭാര്യയുടെ കൈ കൊണ്ട് വിളമ്പിക്കിട്ടിയാലേ തൃപ്തി വരൂവെന്ന മറു വാദം പറയുന്നവര്‍.

വീട്ടില്‍ വന്നു കയറുന്ന മരുമകളുടെ, അതായത് മകന്‍ വിവാഹം കഴിച്ചു കൊണ്ടു വരുന്ന പെണ്‍കുട്ടിയുടെ അടുക്കള നൈപുണ്യം വിലയിരുത്തി അവളെ വിലയിടുന്ന ഇന്ത്യന്‍ സമൂഹത്തിന് ഈ 21-ാം നൂറ്റാണ്ടിലും കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല. എത്ര പഠിപ്പും ഉദ്യോഗവുമുളള പെണ്‍കുട്ടിയെങ്കിലും അടുക്കള ജോലി, പാചകം അറിയില്ലെന്നു പറഞ്ഞാല്‍ ഭര്‍തൃ വീട്ടുകാര്‍ക്കു മുന്നില്‍ അവള്‍ കുറ്റക്കാരിയായി മാറുന്നു. യാഥാസ്ഥിതിക വിവാഹങ്ങളില്‍ പെണ്ണു കാണല്‍ ചടങ്ങ് എന്ന ഒന്ന് ഇപ്പോഴും നിലവിലുണ്ട്. പെണ്‍കുട്ടി പലപ്പോഴും നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് പാചകം അറിയാമോ എന്നതാരിയ്ക്കും.

ഇന്ത്യന്‍ അടുക്കളയെ സ്ത്രീ സാമ്രാജ്യമെന്ന പേരു കൊടുത്ത് സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന യുവ രക്തങ്ങളും ഇന്നത്തെ കാലത്തും കുറവല്ല. എല്ലാ കാര്യങ്ങളിലും പുരോഗമനം പറയുമെങ്കിലും അടുക്കള ജോലി എന്റെ അമ്മയെ പോലെ എന്റെ ഭാര്യ ചെയ്യണമെന്നും എന്റെ അമ്മയെപ്പോലെ പാചകമറിയുന്നയാളാകണം എന്റെ ഭാര്യയെന്നും ചിന്തയുള്ളവര്‍. അതേ സമയം അമ്മയെ പോലെ ഞാന്‍ പാചകം പഠിച്ച് ഭാര്യയ്‌ക്കൊപ്പം അടുക്കള ജോലികളില്‍ പങ്കാളിയാകാം എന്ന ചിന്തയുള്ളവര്‍ തുലോം കുറയും. Also read: വയറ്റിലെ കുഞ്ഞാവയെന്താ ചെയ്യുന്നേ, അറിയ്വോ?

ഇന്ന് അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കു വന്നവരാണ് സ്ത്രീകള്‍. സ്ത്രീകള്‍ ഇടപെടാത്ത മേഖലകളില്ല. രാജ്യ ഭരണം മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥകളായി വരെ. അപ്പോഴും അടുക്കള അവളുടെ സാമ്രാജ്യമായി അങ്ങു വിടാതെ എല്ലാ കാര്യങ്ങളിലും കംപാനിയന്‍, പങ്കാളി എന്ന അര്‍ത്ഥം പ്രാവര്‍ത്തികമാക്കി അടുക്കളക്കാര്യങ്ങളിലും തുല്യ പങ്കാളിത്തം വഹിയ്ക്കുന്നവരാകട്ടെ, പുരുഷന്മാര്‍. ഒരു വീട് എന്നതില്‍ സ്ത്രീ പുരുഷന്മാര്‍ക്ക്, ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തുല്യ പങ്കാളിത്തമെങ്കില്‍ അടുക്കളയുടെ കാര്യത്തില്‍ മാത്രം സ്ത്രീകള്‍ക്ക് മേല്‍ക്കോയ്മ നല്‍കുന്നതെന്തിന്.

ഇന്ത്യന്‍ അടുക്കള ദി ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയായി മാറണമെങ്കില്‍ അടുക്കളയില്‍ സ്ത്രീയ്‌ക്കൊപ്പം പുരുഷനും ലഭിയ്ക്കട്ടെ, പ്രാധാന്യം, പങ്കാളിത്തം. ഇഷ്ടത്തോടെ ജോലി ചെയ്യുന്ന സ്ത്രീ ചെയ്യട്ടെ, അതല്ലാതെ അടുക്കള സ്ത്രീയുടെ, സ്ത്രീയുടെ മാത്രം നിര്‍ബന്ധിത തൊഴില്‍ മേഖലയായി വയ്ക്കുന്ന മാനത്തിന് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നുവെന്നു വേണം. പറയുവാന്‍. പെണ്‍മക്കളെ അന്യവീട്ടില്‍ അടുക്കളയില്‍ കയറേണ്ടവര്‍ എന്നു പറഞ്ഞ് അടുക്കളപ്പണി പഠിപ്പിയ്ക്കുന്ന അമ്മമാരുണ്ടെങ്കില്‍ ആണ്‍മക്കളേയും ഭാര്യയ്ക്കു സഹായം എന്ന പേരില്‍ അടുക്കളപ്പണികള്‍ പഠിപ്പിയ്ക്കുക. അടുക്കളയാണ് പെണ്‍സാമ്രാജ്യം എന്ന ചിന്ത പെണ്‍മക്കളിലും ഒപ്പം ആണ്‍മക്കളിലും കുത്തിവയ്ക്കാതിരിയ്ക്കുക.. മക്കള്‍ ആണെങ്കിലും പെണ്ണെങ്കിലും തുല്യ പ്രധാന്യം നല്‍കുമ്പോള്‍ പാചകത്തിന്റെ, അടുക്കളയുടെ കാര്യത്തിലും മറു ചിന്തയുടെ ആവശ്യം വരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്