ആപ്പ്ജില്ല

എല്‍ഡിഎഫും യുഡിഎഫും ഓരോ പ്ലേറ്റ് പോരട്ടെ..! ഹിറ്റായി ഹബീബിന്‍റെ 'ഉപ്പും മുളകും'

തെരഞ്ഞെടുപ്പ് കാലമായതിനാൽ ഭക്ഷണത്തിലും അൽപം രാഷ്ട്രീയം കലർത്തിയിരിക്കുകയാണ് കൊച്ചിയിലെ ഉപ്പും മുളകും തട്ടുകട.

Samayam Malayalam 6 Dec 2020, 10:32 pm
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പല്ലേ... ഭക്ഷണത്തിലും അല്‍പ്പം രാഷ്ട്രീയമാകാം.. പോരട്ടേ ഒരോ പ്ലെയ്റ്റ് എല്‍ഡിഎഫും യുഡിഎഫും. പനമ്പിളളി നഗറിലെ ഉപ്പും മുളകും തട്ടുകടയില്‍ എത്തുന്നവര്‍ പറയുന്നു. ഉടന്‍ എത്തി നല്ല രുചിയേറും എല്‍ഡിഎഫും യുഡിഎഫും. മലപ്പുറം സ്വദേശിയായ ഹബീബ് റഹ്മാനാണ് കൊച്ചിക്കാരുടെ രാഷ്ട്രീയ രുചിയ്ക്കനുസരിച്ച് ഭക്ഷണം വിളമ്പുന്നത്.
Samayam Malayalam dishes named ldf and udf in kochi panampilly nagar habeebs uppum mulakum street shop
എല്‍ഡിഎഫും യുഡിഎഫും ഓരോ പ്ലേറ്റ് പോരട്ടെ..! ഹിറ്റായി ഹബീബിന്‍റെ 'ഉപ്പും മുളകും'



​എൽഡിഎഫ്, യുഡിഎഫ് ഫ്രൈ..!!

എല്‍ഡിഎഫ് എന്നാല്‍ ലിവര്‍ ഡ്രൈ ഫ്രൈ, യുഡിഎഫ് എന്നാല്‍ ഉരുളക്കി‍ഴങ്ങ് ഡ്രൈ ഫ്രൈ- ഹബീബ് പറയുന്നു. ലിവര്‍ ഡ്രൈ ഫ്രൈയെ സാധാരണ എല്‍ഡിഎഫ് എന്നാണ് പറയുന്നത്. അപ്പോള്‍ പലരും യുഡിഎഫ് ഇല്ലേയെന്ന് ചോദിക്കും. അങ്ങനെയാണ് ഉരുളക്കി‍ഴങ്ങ് ഡ്രൈ ഫ്രൈ (യുഡിഎഫ്) ഉണ്ടാക്കിയതെന്ന് ഹബീബ് പറയുന്നു. തട്ടുകടയില്‍ കിട്ടാറുളള സാധാരണ ഭക്ഷണമാണെങ്കിലും പേര് മാറ്റി ബോര്‍ഡ് സ്ഥാപിച്ചതോടെ സംഭവം ഹിറ്റായി. ഇപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആവശ്യക്കാര്‍ ഏറിയെന്ന് ഹബീബ്.

​തട്ടുകടയിൽ ഇഷ്ടവിഭവങ്ങൾ ഇനിയും

എറണാകുളം മഹാരാജാസില്‍ വിദ്യാര്‍ഥിയായാണ് ഹബീബ് എറണാകുളത്ത് എത്തിയത്. പിന്നീട് കെഎസ്‍യുവിന്‍റെ സജീവ പ്രവര്‍ത്തകനായി. കെഎസ്‍യു എറണാകു‍ളം ജില്ലാ സെക്രട്ടറിയായിരുന്നു. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം എറണാകുളത്ത് തന്നെ തട്ടുകട ആരംഭിച്ചു. വ്യത്യസ്ത രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ലഭിക്കുന്ന വിവിധയിനം ബിരിയാണിയും ഉപ്പും മുളകും തട്ടുകടയിലെ ഇഷ്ടവിഭവങ്ങളാണ്.

​എന്‍ഡിഎ വിഭവം ഉടൻ

പനമ്പിളളി നഗറിലെ തിരക്കേറിയ ഇടമായതിനാല്‍ രാഷ്ട്രീയം പറഞ്ഞിരിക്കാന്‍ ഇവിടെ വരുന്നവര്‍ക്ക് സമയമുണ്ടാകാറില്ല. എങ്കിലും ബോര്‍ഡ് കാണുമ്പോള്‍ സ്വന്തം മുന്നണിയുടെ പേരില്‍ കിട്ടുന്ന ഭക്ഷണം ക‍ഴിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. കടയില്‍ സഹായത്തിന് വാപ്പ അയൂബും ഹബീബിനൊപ്പമുണ്ട്. ആളുകള്‍ എല്‍ഡിഎഫും യുഡിഎഫും വാങ്ങിക്ക‍ഴിക്കുമ്പോള്‍ അയൂബിന് അത്ര സുഖിക്കാറില്ല. കാരണം എന്‍ഡിഎ മലപ്പുറം ജില്ലാ ചെയര്‍മാനാണ് അദ്ദേഹം. അതിനാല്‍ ഒരു എന്‍ഡിഎ വിഭവം കൂടി തയാറാക്കു‍ളള ശ്രമത്തിലാണ് ഹബീബ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്