ആപ്പ്ജില്ല

പദവി ഒ‍ഴിഞ്ഞശേഷവും നഗരസഭയുടെ ഫയലുകള്‍ വീട്ടിലെത്തിച്ച് പരിശോധിച്ചു; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍; കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്‍ കുരുക്കിലേക്ക്?

എറണാകുളം ജില്ലാ കളക്ടർ കൊച്ചി മുൻ മേയർ സൗമിനി ജയിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണം.

Lipi 21 Nov 2020, 8:40 pm
കൊച്ചി; സ്ഥാനം ഒ‍ഴിഞ്ഞ ശേഷവും കൊച്ചി നഗരസഭയുടെ സുപ്രധാന ഫയലുകള്‍ മുന്‍ മേയര്‍ സൗമിനി ജയിന്‍ വീട്ടില്‍ വരുത്തിച്ച് പരിശോധിച്ചതായി പരാതി. സൗമിനി ജയിനിന്‍റെ പള്ളിമുക്കിലെ വീട്ടിലേക്ക് കോര്‍പ്പറേഷന്‍റെ ഔദ്യോഗിക ഫയലുകളുമായി പോയതായി ജീവനക്കാരും സമ്മതിച്ചു. ഇതോടെ ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Also Read: അടച്ചുറപ്പില്ലാത്ത വീട്, തളർന്നു കിടക്കുന്ന മകൾ; കുട്ടമ്പുഴയിലെ ഈ ആദിവാസി കുടുംബത്തിന് ദുരിത ജീവിതം
Samayam Malayalam Soumini Jain
സൗമിനി ജയിന്‍


17-ാം തിയതി ചൊവ്വാ‍ഴ്ച രാത്രിയാണ് വിവാദ സംഭവം നടന്നത്. കോര്‍പ്പറേഷനിലെ ജീവനക്കാരായ നാല് പേര്‍ ചേര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ സൗമിനി ജയിനിന്‍റെ വീട്ടിലേക്ക് ഫയലുകളുമായി കയറിപ്പോകുന്നത് കണ്ട സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ കെ പ്രഭാകര നായിക് ഡെപ്യൂട്ടി സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. സൗമിനി ജയിനിന്‍റെ വീട്ടില്‍ നിന്നും ഫയലുകളുമായി തിരിച്ച ജീവനക്കാര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് കയറിപ്പോകുന്നതിനും താന്‍ സാക്ഷിയാണെന്ന് പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പിന്നാലെ കോര്‍പ്പറേഷന്‍റെ ചുമതലയുളള ജില്ലാ കളക്ടര്‍ എസ് സുഹാസ് ഡെപ്യൂട്ടി സെക്രട്ടറിയോട് വിശദീകരണം തേടി. പ്രാഥമിക അന്വേഷണത്തില്‍ ജീവനക്കാര്‍ ഫയലുമായി പോയിട്ടുണ്ടെന്ന് കണ്ടെത്തുകയും ജില്ലാ കളക്ടര്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.Also Read: എപി അനിൽകുമാറിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ തീരുമാനം

അവസാന കൗണ്‍സിലിന്‍റെ ഫയലുകള്‍ ഒപ്പിടാന്‍ കൊണ്ടുപോയതാണെന്ന വിശദീകരണമാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാര്‍ ഫയലുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ, കാലാവധി ക‍ഴിഞ്ഞ മുന്‍ മേയര്‍ ഏത് ഫയലാണ് പരിശോധിച്ചതെന്ന സംശയം ബാക്കിയാകുന്നു. വിവാദമായ റേ പദ്ധതിയിലെ ക്രമവിരുദ്ധ നടപടി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മുന്‍ മേയര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഫയല്‍ വീട്ടിലെത്തിച്ച് പരിശോധിച്ചത് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. മാത്രമല്ല, ഫയല്‍ എത്തിച്ച് നല്‍കിയത് കോണ്‍ഗ്രസ് അനുകൂലികളായ ജീവനക്കാരാണെന്ന് സിപിഐഎം ആരോപിച്ചതോടെ കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇത് രാഷ്ട്രീയ ആയുധമാക്കാനും ഇടതുപക്ഷം ശ്രമം തുടങ്ങി. Also Read: മാരക മയക്കുമരുന്ന് വിൽപന; കൊച്ചിയിൽ 3 യുവാക്കൾ അറസ്റ്റിൽ, എംഡിഎംഎ പിടികൂടി

ഇക്ക‍ഴിഞ്ഞ 12-ാം തീയതിയാണ് സൗമിനി ജയിന്‍ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും ഔദ്യോഗികമായി പടിയിറങ്ങിയത്. പിന്നാലെ ജില്ലാ കളക്ടര്‍ എസ് സുഹാസ് കോര്‍പ്പറേഷന്‍റെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 17-ാം തിയതി ചൊവ്വാ‍ഴ്ച രാത്രിയാണ് കോര്‍പ്പറേഷനിലെ ജീവനക്കാരായ നാല് പേര്‍ സൗമിനി ജയിനിന്‍റെ വീട്ടിലേക്ക് ഔദ്യോഗിക ഫയലുകള്‍ കൊണ്ടുപോയത്. പദവി ഒ‍ഴിഞ്ഞ ശേഷവും നഗരസഭയുടെ ഫയലുകള്‍ മുന്‍മേയര്‍ വീട്ടിലെത്തിച്ച് പരിശോധിച്ചത് ഗുരുതരമായ ചട്ടലംഘനമെന്ന് കണ്ടെത്തിയാല്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇതിന് മറുപടി പറയേണ്ടി വരും.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്