ആപ്പ്ജില്ല

അന്ന് ഓടിയെത്തിയവർക്കു മുന്നിൽ ഇന്ന് യൂസഫലി; രാജേഷിനും ബിജിക്കും കൈനിറയെ സ്നേഹ സമ്മാനങ്ങൾ

ഹെലികോപ്ടർ അപകടത്തിൽ രക്ഷകരായവരെ നേരിൽ കണ്ട് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി. പനങ്ങാട്ടെ രാജേഷിൻ്റെയും ഭാര്യ ബിജിയുടെയും വീട്ടിലാണ് അദ്ദേഹം എത്തിയത്.

Samayam Malayalam 5 Dec 2021, 8:58 pm
കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ നിയന്ത്രണം വിട്ട് ഇടിച്ചിറക്കിയപ്പോൾ ആരെന്ന് പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാർക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി. പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരിൽ കണ്ട് നന്ദി അറിയിക്കുമെന്ന വാക്ക് ആണ് അദ്ദേഹം നിറവേറ്റിയത്. അപകട സമയത്ത് ഓടിയെത്തിയ പ്രദേശവാസിയായ രാജേഷിൻ്റെ വീട്ടിലേക്കാണ് യൂസഫലി ആദ്യമെത്തിയത്. രാജേഷിനെയും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ബിജിയെയും കണ്ട് വിലമതിക്കാനാവാത്ത രക്ഷാപ്രവർത്തിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Samayam Malayalam lulu group chairman m a yusuf ali visited the house of rajesh and biji at panangad
അന്ന് ഓടിയെത്തിയവർക്കു മുന്നിൽ ഇന്ന് യൂസഫലി; രാജേഷിനും ബിജിക്കും കൈനിറയെ സ്നേഹ സമ്മാനങ്ങൾ



​ആ ദിനം ഓർത്തെടുത്ത് യൂസഫലി

ഹെലികോപ്റ്റർ പെട്ടെന്ന് ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയപ്പോൾ ആരാണെന്നോ എന്താണെന്നോ അറിയാതെ, പ്രതികൂല കാലാവസ്ഥ വകവെക്കാതെ ഇരുവരും രക്ഷാപ്രവർത്തിയ്ക്ക് എത്തിയത് യൂസഫലി മാധ്യമങ്ങൾക്ക് മുന്നിൽ ഒരിക്കൽകൂടി ഓർത്തെടുത്തു. അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് രാജേഷായിരുന്നു. അവിടെ നിന്ന് കുടപിടിച്ച് യൂസഫലിയെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരെയും മാറ്റാൻ സഹായിച്ചതും, പ്രഥമ ശുശ്രൂഷ നൽകിയതും രാജേഷാണ്. ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിപ്പോയി വിവരമറിയിച്ച ബിജിയുടെ സമയോചിതമായ ഇടപെടലും യൂസഫലി ഓർത്തെടുത്തു.

​മനുഷ്യത്വപരമായ ഇടപെടൽ

അജ്ഞാതൻ ആയ ഒരാളെന്ന് കരുതി മാറി നിൽക്കാതെ വിലമതിക്കാൻ ആകാത്ത മനുഷ്യത്വപരമായ ഇടപെടലാണ് നാട്ടുകാർ ഒന്നാകെ നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. 20 മിനിറ്റോളം രാജേഷിനും കുടുംബത്തോടൊപ്പം ചെലവഴിച്ച യൂസഫലി ഇവരുടെ മകനെ താലോലിക്കാനും സമയം കണ്ടെത്തി. കുടുംബത്തിന് കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് യൂസഫലി മടങ്ങിയത്. ബന്ധുവിൻ്റെ കല്യാണ വിവരം അറിയിച്ച രാജേഷിനോട് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

​സ്നേഹ സമ്മാനങ്ങൾ കൈമാറി

പിന്നീട് അപകടസ്ഥലത്തേക്ക് രാജേഷിനും ബിജിയ്ക്കുമൊപ്പം പോയി. ജീവൻ തിരികെത്തന്ന മണ്ണിനോട് നന്ദി പറഞ്ഞു. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിനെ കാണാനായിരുന്നു അടുത്ത യാത്ര. പീറ്ററിനും കുടുംബത്തിനുമൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞു. സ്നേഹ സമ്മാനങ്ങൾ കൈമാറിയായിരുന്നു അദ്ദേഹത്തിൻ്റെ മടക്കം.

​അപകടം ഏപ്രിൽ 11 ന്

ഇക്കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു യൂസഫലിയും ഭാര്യയും അടക്കം 7 പേർ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത്. കടവന്ത്ര ചെലവന്നൂരിലെ വസതിയിൽ നിന്ന് നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ പോകുമ്പോഴായിരുന്നു അപകടം. അപകടം നടന്ന് 8 മാസം ആകുമ്പോഴും വീടുകളിലെത്തി നന്ദിയറിയിക്കാൻ സമയം കണ്ടെത്തിയ യൂസഫലിയോട് പ്രദേശവാസികൾ സന്തോഷം പങ്കുവെച്ചു.

Video-അങ്ങനെ മറക്കാനാകുമോ മഴയത്ത് നിവര്‍ന്നുവന്ന ആ കുട

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്