ആപ്പ്ജില്ല

പിഞ്ചു കുഞ്ഞുങ്ങളുടെ കാവലും കരുതലുമായി പോലീസ്; പാലും ബിസ്ക്കറ്റും വാങ്ങി നൽകി; കോടനാട് സ്റ്റേഷനിൽ നടന്നത്

പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലും ഭക്ഷണവും നൽകിയാണ് പോലീസുകാ‍ർ പരിചരിച്ചത്. ലഹരി ഉപയോഗം മൂലം അക്രമാസക്തനായ പിതാവിന്റെ പെരുമാറ്റം കണ്ട് ഭയന്നു നിൽക്കുകയായിരുന്നു കുഞ്ഞുങ്ങൾ.

ഹൈലൈറ്റ്:

  • പെരുമ്പാവൂ‍ർ കോടനാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുട്ടികളുടെ രക്ഷകരായത്
  • പോലീസ് ഉണർന്നു പ്രവർത്തിച്ചു
  • ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടികളിപ്പോൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kerala police news
കുട്ടികളെ പോലീസുകാർ ശുശ്രൂഷിക്കുന്നു
കൊച്ചി: പോലീസ് നടത്തുന്ന ലോക്കപ്പ് മ‍ർദ്ദനങ്ങളും അന്വേഷണത്തിൽ വരുത്തുന്ന അനാസ്ഥയുമൊക്കെയാണ് സാധാരണയായി വാ‍ർത്തയാകാറ്. എന്നാൽ കേരളാ പോലീസിന്റെ കരുതലിന്റെ മുഖം വ്യക്തമാക്കുന്ന സംഭവങ്ങളാണ് പെരുമ്പാവൂ‍ർ കോടനാട് സ്റ്റേഷനിൽ നടന്നത്. ലഹരിക്ക് അടിമയായ യുവാവ് തന്റെ രണ്ട് മക്കളെ സ്റ്റേഷനിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തിയപ്പോഴാണ് പോലീസ് ഉണ‍ർന്നു പ്രവർത്തിച്ചതും രണ്ട് പിഞ്ച് കുഞ്ഞുങ്ങൾക്ക് രക്ഷകരായതും.
പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലും ഭക്ഷണവും നൽകിയാണ് പോലീസുകാ‍ർ പരിചരിച്ചത്. പിതാവ് അശ്വിന്റെ അക്രമാസക്തമായ പെരുമാറ്റം കണ്ട് പേടിച്ചുപോയ കുട്ടികൾ പോലീസുകാരുടെ ദീർഘനേരത്തെ പരിചരണത്തിനൊടുവിൽ പതിയെ ചിരിച്ചു തുടങ്ങി. അയ്മുറി സ്വദേശിയായ അശ്വിനാണ് തന്റെ രണ്ട് മക്കളെ ചൊവ്വാഴ്ച പെരുമ്പാവൂ‍ർ കോടനാട് സ്റ്റേഷനിൽ ഉപേക്ഷിക്കാൻ ശ്രമിച്ചത്. പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലായിരുന്നു അശ്വിന്റെ പെരുമാറ്റം.

'ആളില്ലാത്ത വീട് പോലീസ് കുത്തിത്തുറന്നു, ശേഷം 10 പവൻ കാണാനില്ല'; പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ
കേരള പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു സി ആർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറം ലോകം അറിയുന്നത്. സ്വന്തം കുഞ്ഞുങ്ങളെ പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു യുവാവിന്റെ ശ്രമം. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ യുവാവിനെ പിന്തുടർന്ന് പിടികൂടിയാണ് സ്റ്റേഷനിലെത്തിച്ചത്.

സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വിൽപ്പന; നാല് പേർ പിടിയിൽ, സുരക്ഷാ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു
എംഡിഎംഎ ഉപയോഗിച്ച് 'എനിക്ക് വട്ടായിപ്പോയി' എന്ന് വിളിച്ചുപറയുകയും അക്രമാസക്തമായി പെരുമാറുകയുമായിരുന്നു കുട്ടികളുടെ പിതാവ്. പൊലീസുകാർ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഇയാളുടെ കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും രണ്ടും വയസ് പ്രായം മാത്രമുള്ള കുഞ്ഞുങ്ങളെ എടുത്തു നടന്നും പാലും ബിസ്കറ്റുമൊക്കെ നൽകിയുമാണ് പോലീസുകാ‍ർ ശാന്തരാക്കിയത്. കൂടാതെ കുട്ടികൾക്ക് പുത്തൻ ഉടുപ്പുകൾ വാങ്ങി നൽകുകയും ചെയ്തു.

അശ്വിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നും ബന്ധുക്കളെക്കുറിച്ച് വിവരമില്ലെന്നുമാണ് പോലീസിന് മനസിലാക്കാൻ സാധിച്ചത്. ഇയാളുടെ ഭാര്യയേയും ബന്ധുക്കളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികൾ നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്. സ്വബോധം ഇല്ലാതെ പെരുമാറുന്ന അശ്വിൻ നിലവിൽ കൂവപ്പടിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്