എറണാകുളം: പോക്സോ കേസില്‍ മോന്സന് മാവുങ്കലിന്റെ ജീവനക്കാരും പ്രതികളാകും. മോന്‍സന്റെ സഹായികളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി. കലൂരിലെ തിരുമ്മു ചികിത്സാ കേന്ദ്രത്തില്‍ എട്ടോളം ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്കി. മോന്‍സന്റെയും സഹായികളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വ്യാഴം, വെളളി ദിവസങ്ങളിലായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡില്‍ കഴിയുന്ന മോന്‍സനെ എസിജെഎം കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും. അതോടൊപ്പം തന്നെ മോന്‍സന്റെ സഹായികളെയും അറസ്റ്റ് ചെയ്യും. 2019ലായിരുന്നു തിരുമ്മുചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോന്സന് കലൂരിലെ വീട്ടില്‍ താമസിപ്പിച്ചത്. അവിടെ വച്ച് നിരവധി തവണ പീഡനത്തിരയാകുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.
തന്നെക്കൂടാതെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മോന്‍സന്റെ ലൈംഗിക ചൂഷണത്തിന് ഇരകളായിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ജീവന് ഭീഷണിയുളളതിനാലാണ് പലരും പരാതിയുമായി വരാത്തതെന്നും പെണ്‍കുട്ടി പറയുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി മോന്‍സനെ കസ്റ്റഡിയിലെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതേ സമയം മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ ഉള്ളതായും ഉന്നത വ്യക്തികളുടെയടക്കം ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയും അമ്മയും കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു