ആപ്പ്ജില്ല

മദ്യത്തിൽ മയക്കുമരുന്ന് കലർത്തി മെട്രോ ജീവനക്കാരനെ കൊള്ളയടിച്ചു; 5 പേർ പിടിയിൽ

ചെങ്ങന്നൂർ സ്വദേശിയായ മെട്രോ ജീവനക്കാരനെയാണ് സംഘം ഒരു ലോഡ്‌ജിൽ വെച്ച് പരിചയപ്പെട്ട ശേഷം കൊള്ളയടിച്ചത്. ഇയാളുടെ സ്വർണ മാലയും വളയും സംഘം കവർന്നു. ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

Lipi 23 Aug 2020, 8:05 am
കൊച്ചി: കൊലപാതക കേസിലും നിരവധി കവർച്ച, കുഴൽപണം കേസുകളിലും പിടികിട്ടാപ്പുള്ളികളായ പ്രതികൾ അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്ന കൊച്ചി മെട്രോ ജീവനക്കാരനായ ചെങ്ങന്നൂർ സ്വദേശി സന്തോഷിനെ മദ്യം നൽകിയ ശേഷം ദേഹോപദ്രവം ഏല്പിച്ചു ആഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്.
Samayam Malayalam അറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ


അടൂർ സ്വദേശി ജാങ്കോ എന്നു വിളിക്കുന്ന അനൂപ് (30), നൂറനാട് സ്വദേശികളായ വട്ടോളി എന്നു വിളിക്കുന്ന അനൂപ് (26), ശ്യം (24), വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി ആമ്പൽ എന്ന് വിളിക്കുന്ന മുഹമ്മദ്‌ യുസുഫ് (25), തൃശൂർ കല്ലൂർ സ്വദേശി മാടപ്രാവ് എന്നു വിളിക്കുന്ന അനൂപ് (33), എന്നിവരാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിൽ ആയത്.

Also Read: കൊവിഡ് രോഗികൾ കുറയാതെ പശ്ചിമകൊച്ചി... തൃക്കാക്കരയിലും ആശങ്ക!

ഒരു ക്വട്ടേഷൻ പരിപാടിക്കായി തൃശൂർ പോകും വഴി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിൽ തങ്ങിയ സമയത്താണ് പ്രതികൾ പരാതിക്കാരനെ കാണുന്നതും പരിചയപ്പെടുന്നതും. ഇയാളുടെ കഴുത്തിൽ കിടന്ന 8 പവൻ വരുന്ന സ്വർണ മാലയും, 6 പവൻ വരുന്ന വളയും മോതിരവും കണ്ട പ്രതികൾ ഇയാളുമായി കൂടുതൽ അടുപ്പത്തിൽ ആകുകയും മദ്യത്തിൽ നൈട്രോസപം ഗുളിക കലർത്തി കുടിപ്പിച്ചു അവശനാക്കിയ ശേഷം കഴിഞ്ഞ 9 നു രാത്രി സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു മുങ്ങുകയുമായിരുന്നു. പിന്നീട് ആഭരണങ്ങൾ തിരിച്ചു കൊടുക്കാം എന്നു പറഞ്ഞു ചെങ്ങന്നൂരിൽ വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ കത്തിവെച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയും വിവരം പോലീസിൽ അറിയിച്ചാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read: തൃപ്പൂണിത്തുറയിൽ അത്തപ്പതാക ഉയർന്നു; ചമയങ്ങളില്ലാതെ രാജനഗരി, ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണവും പരിമിതപ്പെടുത്തി

ഇയാളിൽ നിന്നും വിവരം അറിഞ്ഞ ഇയാളുടെ സുഹൃത്തുക്കൾ വഴി നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത സമയം നൽകിയ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും വ്യാജമായിരുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒടുവിൽ ഇവർ വന്ന വണ്ടി നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അടൂരിലെ ലോഡ്ജിൽ നിന്നും പിടി കൂടുകയായിരുന്നു.മാടപ്രാവ് എന്നു വിളിക്കുന്ന തൃശൂർ കല്ലൂർ സ്വദേശി അനൂപിന് ഒല്ലൂർ സ്റ്റേഷനിൽ കൊലപാതക കേസും, ആമ്പല്ലൂർ, പുതുക്കാട്, എന്നീ സ്റ്റേഷനുകളിൽ വധ ശ്രമ കേസുകളും, മഞ്ചേരി, കൽപ്പറ്റ സ്റ്റേഷനുകളിൽ കവർച്ച കേസും, കുഴൽപ്പണ കേസും, മോഷണ കേസുകളും, ജാങ്കോ എന്നു വിളിക്കുന്ന അടൂർ സ്വദേശി അനൂപിന് അടൂർ സ്റ്റേഷനിൽ കൊലപാതക കേസും, നിരവധി വധ ശ്രമ കേസുകളും, വട്ടോളി എന്നു വിളിക്കുന്ന നൂറനാട് സ്വദേശി അനൂപിന് പന്തളം സ്റ്റേഷനിൽ മാലപൊട്ടിക്കൽ കേസും, ആമ്പൽ എന്നു വിളിക്കുന്ന വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ യൂസഫിന് മയക്കു മരുന്ന് കേസുകളും നിലവിലുണ്ട്.

Also Read: 'പായൽ അതിഥിയല്ല അഭിമാനമാണ്'; ഒന്നാം റാങ്കിൻ്റെ തിളക്കവുമായി അതിഥി തൊഴിലാളിയുടെ മകൾ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇനിയും കൂടുതൽ പ്രതികൾ പിടിയിൽ ആകാനുണ്ട്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, നോർത്ത് എസ്എച്ച്ഒ സിബി ടോം എന്നിവരുടെ നിർദ്ദേശ പ്രകാരം നോർത്ത് എസ്ഐ അനസ്, മൈതീൻ, എഎസേഐമാരായ വിനോദ് കൃഷ്ണ, ബിജു, ഷാജി, സിപിഒ അജിലേഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്