കൊച്ചി : ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തേ ട്രാൻസ്ജൻഡറും റേഡിയോ ജോക്കിയുമായ അനന്യ ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയ പരാജയപെട്ടതിനെ തുടർന്നായിരുന്നു അനന്യ ജീവനൊടുക്കിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലൂടെയായിരുന്നു അനന്യ കടന്നുപോയിരുന്നത്. അതികഠിനമായ വേദനയാണ് താന്‍ സഹിച്ചതെന്നും സ്വകാര്യഭാഗങ്ങള്‍ ചെത്തിക്കളഞ്ഞതുപോലെയായിരുന്നുവെന്നും അനന്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. അനന്യ ചികിത്സ തേടിയിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് അനന്യയ്ക്ക് ലഭിച്ചതെന്നും ശസ്ത്രക്രിയയിലുണ്ടായ പാളിച്ചയാണ് തന്റൈ മകളുടെ ദുരവസ്ഥയ്ക്ക് കാരണമായതെന്നും അനന്യയുടെ പിതാവും ആരോപിച്ചിരുന്നു. ഒരു ഘട്ടത്തില്‍ സര്‍ജറി ചെയ്ത ഭാഗം അവര്‍ പ്രൈഫൈല്‍ പിക്ചര്‍ ആക്കുകയും ചെയ്തിരുന്നു.