ആപ്പ്ജില്ല

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; എ രാജയ്ക്ക് തിരിച്ചടി

ദേവികുളം എംഎൽഎഎ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചിരുന്നത്.

Samayam Malayalam 20 Mar 2023, 11:51 am

ഹൈലൈറ്റ്:

  • എ രാജയ്ക്ക് തിരിച്ചടി.
  • ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി.
  • യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam A Raja Devikulam
എ രാജ.
ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ച സിപിഎമ്മിലെ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചതെന്ന് ആരോപിച്ചാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.


ക്രൈസ്തവ സഭാംഗങ്ങളായ അന്തോണി- എസ്തർ ദമ്പതികളുടെ മകനാണ് രാജയെന്നും ഭാര്യ ഷൈനിപ്രിയയും മക്കളും സഹോദരങ്ങളും ക്രൈസ്തവ വിശ്വാസികളാണെന്നുമായിരുന്നു യുഡിഎഫ് ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം മറച്ചുവെച്ചു വ്യാജ ജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് പട്ടികജാതി സീറ്റിൽ മത്സരിച്ചതെന്നായിരുന്നു രാജയ്‍ക്കെതിരായ ആരോപണം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ, 61 വയസ്; മരിച്ചയാളുടെ ബന്ധുക്കളെ തെരഞ്ഞ് പോലീസ്

എ രാജയുടെയും ഭാര്യ ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ അടക്കം ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. താലിമാലയിൽ കുരിശ് ആലേഖനം ചെയ്തതായി വിവാഹഫോട്ടോയിൽ കാണാമെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളല്ല രാജയെന്ന ഹർജിക്കാരൻ്റെ വാദം അംഗീകരിച്ച കോടതി ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്നും ഉത്തരവിട്ടു. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി കുമാറിൻ്റെ ആവശ്യം കോടതി തള്ളി. 2021 ലെ തെരഞ്ഞെടുപ്പിൽ 7848 വോട്ടുകൾക്കാണ് രാജ വിജയിച്ചിരുന്നത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്